Connect with us

columns

കൂപ്പുകുത്തുന്ന രൂപ- എഡിറ്റോറിയല്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയും പാകിസ്താനുമെല്ലാം ഉദാഹരണമായി നമുക്ക് മുന്നിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റെയ്ഡുകളും അറസ്റ്റുകളുമായി ജനശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് മാത്രം സമ്പദ്ഘടനയെ രക്ഷിക്കാനാവില്ല. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഉറച്ച കാല്‍വെപ്പുകള്‍ക്ക് തയാറായില്ലെങ്കില്‍ രാജ്യത്തിനുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.

Published

on

ആഗോള സമ്പദ്ഘടന വീണ്ടും മാന്ദ്യത്തില്‍ അമരാന്‍ പോകുന്നുവെന്നാണ് ലോക വ്യാപാര സംഘടന നല്‍കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. ഡബ്ല്യു.ടി.ഒ മേധാവി ജനറല്‍ ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തല്‍ പ്രകാരം ആഗോള സാമ്പത്തിക സൂചികകള്‍ നല്‍കുന്നത് നല്ല സൂചനകളല്ല. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും വിലക്കയറ്റവും പണപ്പെരുപ്പും ഇന്ധന ക്ഷാമവുമെല്ലാം സമ്പദ്ഘടനയെ വലിച്ചുകൊണ്ടുപോകുന്നത് വന്‍ ദുരന്തത്തിലേക്കാണ്. ഈ വര്‍ഷം ആദ്യം മുറുമുറുപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്ന മാന്ദ്യ ഭീഷണി ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വാപിളര്‍ത്തി വിഴുങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81 കടന്നിരിക്കുന്നു. വരും ദിവസങ്ങളിലും മൂല്യം താഴോട്ട് പതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. രൂപയുടെ മൂല്യത്തില്‍ ഇടിവ് കണ്ടു തുടങ്ങിയതുമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില ഇടപെടലുകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.

ബുധനാഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 75 പോയിന്റ് ഉയര്‍ത്തിയതാണ് കിതച്ചുകൊണ്ടിരുന്ന രൂപക്ക് വലിയ ആഘാതമായത്. ഇത്തരമൊരു അപകട സാധ്യതയെക്കുറിച്ച് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കിയതാണ്. വികസിത രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമ്പോള്‍ വികസ്വര രാജ്യങ്ങളെയാണ് ഏറെ ബാധിക്കുക. രൂപയുടെ മൂല്യത്തകര്‍ച്ചക്കുണ്ടായ കാരണങ്ങള്‍ പലതാണ്. വിദേശ മൂലധനത്തിന്റെ ഒഴുക്ക് ആഗോളതലത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കുമെന്നതുകൊണ്ട് അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഫലപ്രമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഏതൊരു രാജ്യവും മാന്ദ്യത്തില്‍ മുങ്ങിത്താവുകയേ ഉള്ളൂ. രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാകുമ്പോള്‍ യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിദേശ സമ്മര്‍ദ്ദങ്ങളിലേക്ക് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതൊരു തരം ഒളിച്ചോട്ടമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാറിനുള്ള ബലഹീനതയാണ് അതിലൂടെ വെളിപ്പെടുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രകമ്പനങ്ങളില്ലാതെപോയത് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അന്നത്തെ ഭരണകൂടം നടത്തിയ ഇടപെടലായിരുന്നു. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരില്‍ മന്‍മോഹനെ പോലൊരു സാമ്പത്തിക വിദഗ്ധന്‍ ഇല്ലെന്ന് മാത്രമല്ല, ദീര്‍ഘവീക്ഷണത്തോടെ സമ്പദ്ഘടനയെ സമീപിക്കാനും ഭരണൂടം തയാറല്ല.

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്ടെന്നാണ് സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു ആശ്വാസ വര്‍ത്തമാനം മാത്രമാണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വലിയുന്നതിന്റെ ക്ഷീണം നേരത്തെ തന്നെയുണ്ട്. അതോടൊപ്പം മൂല്യത്തകര്‍ച്ച കൂടിയാകുമ്പോള്‍ നിയന്ത്രണങ്ങള്‍ പിടിവിടുന്ന സാഹചര്യമുണ്ടാകുന്നു. ഏഷ്യന്‍ കറന്‍സികള്‍ പൊതുവെ ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളിലും രൂപയുടെ ഇടിവ് തുടരാനാണ് സാധ്യത. വരും മാസങ്ങളില്‍ അത് ഡോളറിനെതിരെ 94 വരെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. കരുതല്‍ ശേഖരത്തില്‍നിന്ന് ഡോളര്‍ എടുത്തു വില്‍ക്കുകയും പകരം രൂപ വാങ്ങുകയുമാണ് മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ചെയ്യുന്ന പ്രധാന നടപടികളിലൊന്ന്. രൂപയുടെ മൂല്യം എണ്‍പത് തൊടുന്നത് തടയാന്‍ ജൂലൈയില്‍ മാത്രം റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തില്‍നിന്ന് 19 ബില്യണ്‍ ഡോളര്‍ വിറ്റിരുന്നു. അതുപക്ഷേ, പേരിന് മാത്രമേ ഫലം ചെയ്തിട്ടുള്ളൂ. ഡോളറിനുള്ള ആവശ്യം ശക്തമാണെന്നുകൂടി ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ഡോളര്‍ വിറ്റ് പിടിച്ചുനില്‍ക്കാവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ നിരന്തരം കൂട്ടിക്കൊണ്ടിരിക്കെ രൂപ ഇനിയും സമ്മര്‍ദ്ദത്തിലാകും. അന്താരാഷ്ട്രതലത്തില്‍ വന്‍കിട നിക്ഷേപകരെല്ലാം അമേരിക്കയിലേക്ക് പിന്‍വാങ്ങുകയും സ്വര്‍ണത്തെ ഏതാണ്ട് കൈവിട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രൂപ ഇനിയും പ്രതിരോധത്തിലാവും. രൂപയേക്കാള്‍ ഇടിവുപറ്റിയ കറന്‍സികളുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊരു മാതൃകയാക്കി മുന്നോട്ടുപോകാന്‍ സാധിക്കില്ല. ചുരുക്കത്തില്‍ സര്‍ക്കാറിനുമേല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഇക്കാര്യത്തിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയും പാകിസ്താനുമെല്ലാം ഉദാഹരണമായി നമുക്ക് മുന്നിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റെയ്ഡുകളും അറസ്റ്റുകളുമായി ജനശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് മാത്രം സമ്പദ്ഘടനയെ രക്ഷിക്കാനാവില്ല. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഉറച്ച കാല്‍വെപ്പുകള്‍ക്ക് തയാറായില്ലെങ്കില്‍ രാജ്യത്തിനുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പിന്നാമ്പുറം

ഇനി പാഠ്യപദ്ധതി ചട്ടക്കൂടുമായും മറ്റും ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളുടെ രീതി ശ്രദ്ധിക്കുക. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ കോപ്പി സ്‌കൂളുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ വാട്‌സ് ആപ്പ് മുഖേനയോ മറ്റോ എത്തിക്കുന്നു. അവിടെ നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരാവട്ടെ, വിരലിലെണ്ണാവുന്ന രക്ഷിതാക്കളും അധ്യാപകരും മാത്രം. അധ്യാപകര്‍ തന്നെ പുതിയ സമീപനം വേണ്ടത്രെ ഉള്‍കൊള്ളാത്തവരാണെന്നതാണ് അനുഭവം. ചുരുക്കത്തില്‍ സാമൂഹിക ചര്‍ച്ചകള്‍ എന്ന പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വെറും പ്രഹസനമാണ്.

Published

on

റസാഖ് ആദൃശ്ശേരി

കേരളത്തിലെ മത സാമൂഹിക രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലുള്ളത്. ഇതിന്റെ കരട് സ്‌കൂളുകളിലും മറ്റും പൊതു ചര്‍ച്ചക്ക് വിധേയമാക്കിയെങ്കിലും തീരുമാനമാകുന്നതിനു മുമ്പ് തന്നെ ഇതിലെ പല നിര്‍ദേശങ്ങളും ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കലാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബുകള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത് ഇതിനുള്ള ഉദാഹരണമാണ്. സ്‌കൂളുകളിലും കോളജുകളിലും ‘ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിംഗഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, വിനോദം, സ്‌പോര്‍ട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ജെന്‍ഡര്‍ ക്ലബുകളുടെ ലക്ഷ്യമായി പറയുന്നത്. നവംബര്‍ 30 വരെ പരിഷ്‌കരിച്ച കരട് രേഖയെ കുറിച്ച് ജനകീയ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ സമയം നല്‍കിയിരിക്കെ, ഇതിനു മുമ്പ് തന്നെ പിന്‍വാതില്‍ വഴി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിന്റെ ഒളിയജണ്ടകള്‍ വ്യക്തമാണ്.

വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ ലോകമെങ്ങും ഒട്ടനവധി രാജ്യങ്ങളില്‍ നടക്കുന്ന കാര്യമാണ്. 1990 നു ശേഷമാണ് ഇന്ത്യയില്‍ ഇതിനു തുടക്കം കുറിച്ചത്. അതുവരെ നാം തുടര്‍ന്നു വന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ വിദേശനയം ഉപേക്ഷിച്ചു ആഗോളവല്‍ക്കരണ ശക്തികള്‍ക്കായി ഇന്ത്യയുടെ കവാടങ്ങള്‍ തുറന്നു വെച്ചതിനു ശേഷമായിരുന്നു അത്. അമേരിക്കയടക്കമുള്ള ലോകത്തിലെ കുത്തക സാമ്പത്തിക ശക്തികള്‍ ലാഭമുണ്ടാക്കാനും തങ്ങളുടെ വികലമായ ചിന്താധാരകള്‍ നടപ്പിലാക്കാനും വിദ്യാഭ്യാസത്തെ ഉപാധിയാക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് മൂല്യശോഷണം ആരംഭിക്കുകയായിരുന്നു. തങ്ങളുടെ ഇച്ഛകള്‍ക്കനുകൂലമായ രീതിയില്‍ ലോക ജനതയുടെ ജീവിതത്തെ മാറ്റിപ്പണിയാന്‍ വിവിധ പരിപാടികളാണ് അവര്‍ ആവിഷ്‌കരിച്ചത്. ഇതിനുള്ള എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നല്‍കാന്‍ ലോകബാങ്ക് തയ്യാറാവുകയും ചെയ്തു. അതോടു കൂടി വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതികള്‍ക്ക് വേഗം കൂടി.

ഇന്ത്യയില്‍ പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത് ബി.ജെ.പി സര്‍ക്കാരായിരുന്നു. ‘ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2000’ എന്ന പേരില്‍ പുറത്തിറക്കിയ രേഖയില്‍ ‘സാമൂഹിക ജഞാനനിര്‍മ്മിതി വാദം’ അടിസ്ഥാന സമീപനമായി ഉയര്‍ത്തിയെങ്കിലും, കാവി വല്‍ക്കരണത്തിനു അവര്‍ പ്രത്യേകം ഊന്നല്‍ നല്‍കി. അടുത്ത തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌കൊണ്ട് അത് നടപ്പിലാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ ശ്രമങ്ങള്‍ക്ക് വീണ്ടും വേഗതയേറി. വിദ്യാഭ്യാസ മേഖലയെ അധീനതയിലാക്കുന്നതോടെ, അഥവാ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പിടിക്കുന്നതിലൂടെ തലമുറകളെ വരുതിയിലാക്കാമെന്ന അധികാര വിദ്യാഭ്യാസതന്ത്രം ബുദ്ധിപൂര്‍വ്വം സംഘ്പരിവാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാവിയുടെ പ്രത്യയശാസ്ത്രം അതിവിദഗ്ധമായി പാഠപുസ്തകങ്ങളില്‍ കുത്തിനിറച്ചു പിഞ്ചുമനസ്സുകളെ ഹൈന്ദവല്‍ക്കരിക്കാനുള്ള ശ്രമം ആര്‍.എസ്.എസ് തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഭാരതീയ പാരമ്പര്യമെന്ന പേരില്‍ തികച്ചും ഹൈന്ദവമായ ജീവിതരീതി പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കുകയാണ് ഇതിലൂടെ. തങ്ങളുടെ രീതിശാസ്ത്രം ഒഴിച്ച് മറ്റെല്ലാം ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധവും അതിനാല്‍ വര്‍ജ്യവുമാണെന്നു കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നതിനു പിന്നില്‍ കൃത്യമായ താല്‍പര്യങ്ങളുണ്ട്. ആര്‍.എസ്.എസിനു വിധേയമാകുന്ന ഒരു സമൂഹ സൃഷ്ടിയും കാവി രാഷ്ട്രീയത്തിന് മാത്രം നിലനില്‍പ്പുള്ള ഒരു വോട്ടു ബാങ്ക് സൃഷ്ടിക്കപ്പെടുകയും ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.

ബി.ജെ.പി സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളുടെ കുട്ടിക്കാലം എന്ന വൈവിധ്യം നിറഞ്ഞ വിജ്ഞാനവഴികളെ കാവിയുടെ ഏകത്വത്തിലേക്ക്, ഹിന്ദുത്വത്തിന്റെ ഏകശിലാത്മകതയിലേക്ക് നയിക്കുമ്പോള്‍ കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ മതവിശ്വാസം നിരാകരിക്കുന്ന, ദൈവത്തെ നിഷേധിക്കുന്ന, യുക്തിവാദത്തിന്റെ പ്രചാരകരാകുന്ന ഒരു തലമുറയെ സൃഷ്ടിച്ച് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വളക്കൂറുള്ള നിലം ഒരുക്കാനാണ് ശ്രമിക്കുന്നത്. മാതൃഭാഷാ പഠനത്തിന്റെ പേരില്‍ അറബി, ഉറുദു ഭാഷകളെ തമസ്‌കരിക്കാനുള്ള നീക്കവും സ്‌കൂള്‍ സമയം നേരത്തെയാക്കാനുള്ള നിര്‍ദേശവും എല്ലാം ഇതിന്റെ ഭാഗമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകള്‍ വേദവാക്യമായി പരിഗണിച്ചിരുന്നത്. അവ മതസമൂഹങ്ങളുടെ വിശ്വാസങ്ങളും വീക്ഷണങ്ങളുമായി പല തലങ്ങളിലും ഏറ്റുമുട്ടുന്നവയായിരുന്നു. സി.പി.എം സര്‍ക്കാരുകള്‍ കൊണ്ടുവന്ന പല പാഠ്യപദ്ധതി ചട്ടക്കൂടുകളും നിരീശ്വരവാദ പാഠ്യപദ്ധതികളായത് അങ്ങനെയാണ്.

ഇതില്‍ നിന്നും വ്യത്യസ്ഥമല്ല പിണറായി സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസനയവും. വിദ്യാലയങ്ങളെ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പരീക്ഷണശാലയാക്കാനാണ് ശ്രമം. ‘ലിംഗസമത്വം’ എന്നതാണ് അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട വാക്ക്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ലിംഗസമത്വം നീക്കം ചെയ്ത് ലിംഗനീതി എന്ന പദം ഉള്‍പ്പെടുത്തുമെന്നു ഉറപ്പു നല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ അത് മറന്ന മട്ടാണ്. സമൂഹത്തില്‍ നടമാടുന്ന എല്ലാ വിവേചനങ്ങള്‍ക്കും കാരണം ആണ്‍പെണ്‍ വ്യത്യാസമാണത്രെ! അവര്‍ക്കിടയില്‍ സമത്വം ഉണ്ടാകുന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപെടുമെന്നാണ് അവര്‍ ഉദ്‌ഘോഷിച്ചു കൊണ്ടിരിക്കുന്നത്. ‘ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉണ്ടാകാനാവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ വന്‍തോതില്‍ ഉണ്ടാകേണ്ടതുണ്ട്’ എന്നു കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹചര്‍ച്ച എന്ന കുറിപ്പിന്റെ ആമുഖത്തില്‍ തന്നെ എഴുതി വെച്ചിരിക്കുന്നു. (2022 പാഠ്യപദ്ധതി ചട്ടക്കൂട്, പേജ് 9 )

എന്നാല്‍ സ്ത്രീ, പുരുഷന്‍ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കി ലിംഗരാഹിത്യ ബോധം വളര്‍ത്തിയെടുത്ത് ലൈംഗിക അരാജകത്വത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുകയാണ് ഇതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. മദ്യവും മയക്കുമരുന്നും സുലഭമാക്കി ചിന്താശേഷിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ട ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ കോളേജ് ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അവര്‍ പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും ഇതിന്റെ തെളിവുകളാണ്. മതത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്നും വിശ്വാസികളെ പുറത്തു ചാടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നു ഇടതു ബുദ്ധിജീവികളില്‍ നിന്നും വിപ്ലവ വിദ്യാര്‍ത്ഥി സംഘടനക്ക് ഉപദേശം കിട്ടിയിട്ടുണ്ടാവാം. ഇരിപ്പിടം, ടോയ്‌ലറ്റുകള്‍, സ്‌പോര്‍ട്‌സ്, കലോല്‍സവങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലൊന്നും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകരുതെന്നു നിഷ്‌കര്‍ഷിക്കുന്നതിലൂടെ ആണ്‍ പെണ്‍ സ്വത്വബോധം തകര്‍ക്കുകയാണ് ലക്ഷ്യം. അതിലൂടെ നമ്മുടെ സാമൂഹിക ഘടനക്ക് മാരകമായ പരിക്കേല്‍ക്കുക തന്നെ ചെയ്യും.

ലിംഗത്വം, സ്വവര്‍ഗലൈംഗികത (ഹോമിയോ സെക്ഷ്വാലിറ്റി), പുരുഷ സ്വവര്‍ഗപ്രേമി (ഗേ) , സ്ത്രീ സ്വവര്‍ഗപ്രേമി (ലെസ്ബിയന്‍), ട്രാന്‍സ്‌ജെന്‍ഡര്‍, മിശ്ര ലിംഗര്‍, നിര്‍ലൈംഗികര്‍ തുടങ്ങിയ പദാവലികളെയും വിഭാഗങ്ങളെയും പരിചയപ്പെടുത്തികൊണ്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഇറക്കിയ കൈപുസ്തകവും, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ക്ക് നല്‍കിയ പരിശീലന സഹായിയും ഈ ലക്ഷ്യത്തോടെ തന്നെയാണ്. വിവാഹം, കുടുംബം, സ്ത്രീ ജീവിതം എന്നിവയെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട്, ഈ സംവിധാനങ്ങള്‍ തകരുന്നതിലൂടെ മാത്രമെ സ്ത്രീ സമൂഹത്തിനു അന്തസ്സും പുരോഗതിയും ഉണ്ടാവുകയുള്ളുവെന്നാണ് പുസ്തകം പറയുന്നത്. നേരിട്ടു ഇത്തരം കാര്യങ്ങള്‍ പറയുന്നതിനു പകരം ഓരോ പഠിതാവിന്റെയും മനസ്സില്‍ ഈ ചിന്താഗതി ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 2021ല്‍ കുടുംബശ്രീ പുറത്തിറക്കിയ ‘ആരോഗ്യകരമായ ബന്ധങ്ങള്‍ ‘ എന്ന പഠന സഹായിയിലും ഇത് തന്നെയാണ് പ്രതിപാദിക്കുന്നത്. ‘ജെന്‍ഡര്‍ സാമുഹികവല്‍ക്കരണം’ എന്ന മൂന്നാം അധ്യായത്തില്‍, ജെന്‍ഡര്‍ അന്യായമാണെന്നും ഇത് എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നും അറിഞ്ഞും അറിയാതെയും നമ്മള്‍ എങ്ങനെയാണ് ഈ പ്രക്രിയയുടെ ഭാഗമായതെന്നു ചിന്തിക്കണമെന്നും അഭിപ്രായപ്പെടുന്നു. വിവാഹവും കുടുംബവും സ്ത്രീയുടെ സ്വാതന്ത്രത്തിനും നീതിക്കും തടസ്സമാണെന്നു ഇതിലെ ഓരോ വരികള്‍ക്കിടയിലും നമുക്ക് വായിക്കാവുന്നതാണ്.

ഈ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയിലൂടെ കേരളീയ സമൂഹത്തിന്റെ കുടുംബ സദാചാര ബോധങ്ങളെ അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പുരോഗമന നാട്യങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ലിംഗരാഹിത്യമുള്ള ഒരു തലമുറയെ വളര്‍ത്തി കൊണ്ടു വന്നാല്‍ വിവേചനങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് അവരുടെ വിശ്വാസം. ലിബറല്‍, നാസ്തിക ബോധങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മൂല്യങ്ങളെ മാനിക്കാതെ, എതിര്‍പ്പുകളെ വകവെക്കാതെ , ധാര്‍ഷ്ട്യത്തോടെ നടപ്പാക്കാനുള്ള നീക്കമാണിത്.

ഇനി പാഠ്യപദ്ധതി ചട്ടക്കൂടുമായും മറ്റും ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളുടെ രീതി ശ്രദ്ധിക്കുക. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ കോപ്പി സ്‌കൂളുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ വാട്‌സ് ആപ്പ് മുഖേനയോ മറ്റോ എത്തിക്കുന്നു. അവിടെ നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരാവട്ടെ, വിരലിലെണ്ണാവുന്ന രക്ഷിതാക്കളും അധ്യാപകരും മാത്രം. അധ്യാപകര്‍ തന്നെ പുതിയ സമീപനം വേണ്ടത്രെ ഉള്‍കൊള്ളാത്തവരാണെന്നതാണ് അനുഭവം. ചുരുക്കത്തില്‍ സാമൂഹിക ചര്‍ച്ചകള്‍ എന്ന പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വെറും പ്രഹസനമാണ്.

Continue Reading

columns

അരങ്ങൊഴിയുന്നോ ഗുണമേന്മാ വിദ്യാഭ്യാസം

ഇന്നത്തെ അവസ്ഥ എന്താണെന്നോ? ഇവിടുത്തെ മിക്ക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളിലും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അനുദിനം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കെല്ലാം പഠനാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്.

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

അനുകൂലവും പ്രതികൂലവുമായ പ്രാപഞ്ചികവും പദാര്‍ത്ഥപരവുമായ അറിവ് നേടുന്ന പ്രക്രിയയെയാണ് നവലോകം വിദ്യാഭ്യാസമെന്ന സാങ്കേതിക പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാതാവിന്റെ ഗര്‍ഭാശയം തൊട്ട് ജനനത്തോടൊപ്പവും അതിനുശേഷമുള്ള തുടര്‍ച്ചയായ ജീവിത വളര്‍ച്ചയിലെ അനുനിമിഷ പ്രയാണങ്ങളിലുമെല്ലാം മനുഷ്യന് അറിവ് നേടാനുള്ള അവസരങ്ങളാണ് പ്രകൃത്യാ നിക്ഷിപ്തമായിട്ടുള്ളത്. സഹവാസത്തിലൂടെ ആദ്യസഹവാസം മാതാവും പിതാവും പിന്നെ അന്തരീക്ഷവും കുഞ്ഞില്‍ പകര്‍ന്നുകിട്ടുന്നതെന്തും അനുകൂലമോ പ്രതികൂലമോ ആയ അറിവുകളാണ്. അവിടുന്ന് മുന്നോട്ട്, മുന്‍കാലങ്ങളിലാണെങ്കില്‍ ഗുരുകുലത്തില്‍ നിന്നോ വ്യക്തിഗത ഗുരുക്കന്മാരില്‍ നിന്നോ അറിവ് നേടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇവയേതും കൂട്ടിയോചിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമെന്ന സാങ്കേതിക പേരിലുള്ള അഭിനവ രീതി മനുഷ്യവംശത്തിന്റെ മൊത്തത്തിലുള്ള അഭ്യുന്നതിയെ ലക്ഷ്യമാക്കി പില്‍ക്കാലത്ത് സംവിധാനിക്കപ്പെട്ടിട്ടുള്ളതും ഇന്നും തുടര്‍ന്നുപോരുന്നതുമാണ്. ഉപര്യുക്ത രീതികളിലേതൊന്നിന്റെയും ലക്ഷ്യം മനുഷ്യനില്‍ അറിവെന്ന സത്ത സന്നിവേശിപ്പിക്കുകയെന്നത് മാത്രമാണ്; അറിവുമാത്രമല്ല അതിനോടൊപ്പം പ്രായോഗികതയും. അറിവിന് പ്രാമുഖ്യം കല്പിക്കാത്ത ഒരു സമൂഹവും കടന്നുപോയിട്ടില്ല. ആനുപാതികമായിരിക്കാമെന്ന് മാത്രം. അന്ധകാരയുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട കാലത്ത് പോലും അക്ഷരവും അറിവും രൂഢമൂലമായിരുന്നുവെന്നതിന്റെ ഇന്നും നിലനില്‍ക്കുന്ന തെളിവുകളല്ലേ അന്ധകാരയുഗത്തിലെ സപ്തമഹാകാവ്യങ്ങള്‍! വിജ്ഞാനമെന്നത് ഒരു തുടര്‍ച്ചയാണ്. അത് കൊണ്ടായിരിക്കുമല്ലോ, ഫലിതോക്തിയെങ്കിലും ‘കുഞ്ഞിന്റച്ഛന്‍ വിദ്വാനെങ്കില്‍; കുഞ്ഞിനെ വിദ്യപഠിപ്പിക്കേണ്ട’യെന്ന ചൊല്ലുപോലും നിലനിന്നുപോരുന്നത്. അറിവ് അങ്ങേയറ്റം ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതുമായ പ്രപഞ്ചത്തിലെ ഏറ്റവും മൂല്യവത്തായ നിധിയാണെന്നതില്‍ ആര്‍ക്കാണ് സംശയം?

മാനവികത, ധാര്‍മികത എന്നിവക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയായിരുന്നു മുന്‍തലമുറകള്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്നത്. തലമുറകളെ വാര്‍ത്തെടുക്കേണ്ടത് അറിവെന്ന പോഷണം നല്‍കിക്കൊണ്ടായിരിക്കണം. ഏറെക്കുറെ മുന്‍കാലങ്ങളില്‍ അപ്രകാരം തന്നെ ആയിരുന്നു താനും. എന്നാല്‍ കാല പ്രയാണത്തില്‍ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും വ്യതിയാനങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. മൂല്യാധിഷ്ഠിതക്കു പകരം പണാധിഷ്ഠിത കാഴ്ചപ്പാടിലേക്ക് സമൂഹം ക്രമേണ കൂടു മാറി. ഇന്ന് തുടരുന്നതും അങ്ങനെത്തന്നെ. മൂല്യങ്ങളെ ബഹുഭൂരിഭാഗങ്ങളും അവജ്ഞയോടെ മാത്രം നോക്കിക്കാണുന്നു. എന്തിനേറെ പറയണം, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന ശിലകളായ അധ്യാപനം, പഠനം, പരീക്ഷ, ജയം, തോല്‍വി എന്നിവയോടുള്ള സമീപനം തന്നെനോക്കുക. തൊട്ടു മുമ്പ് കഴിഞ്ഞ അര നൂറ്റാണ്ടിന്റെ രീതികള്‍ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുന്നതേയുള്ളൂ. നമ്മുടെ വിദ്യാലയങ്ങളില്‍ നേരത്തെ നിലനിന്നിരുന്ന വ്യവസ്ഥകളനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠ്യപദ്ധതിപ്രകാരം എല്ലാ വിഷയങ്ങളിലും നിശ്ചിത ശതമാനം മാര്‍ക്കുവാങ്ങുന്നവര്‍ക്കേ മേല്‍ഘട്ടത്തിലേക്ക് പഠനാനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഒരു പരിഷ്‌ക്കാരത്തിന്റെ പേരില്‍ വിഷയങ്ങള്‍ ഗ്രൂപ്പുകളാക്കിത്തിരിച്ച് ഗ്രൂപ്പ് വിജയപരാജയങ്ങള്‍ മാനദണ്ഡങ്ങളാക്കി മാറ്റി. അതും പിന്നിട്ട് ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഒരു വിഷയത്തില്‍ പത്ത് ശതമാനം മാര്‍ക്ക് മാത്രമാണ് കിട്ടിയതെങ്കില്‍ പോലും ഗ്രൂപ്പ് മഹിമയുടെ പേരില്‍ ക്ലാസ് കയറ്റം കൊടുക്കാമെന്നാക്കി. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് ഇത്തരം രീതികള്‍ കാരണം നിലവാരപ്രകാരം അര്‍ഹരല്ലാത്തവര്‍ മേല്‍ ഘട്ടങ്ങളിലേക്കെത്തിച്ചേരുന്നു എന്നതാണ്. അങ്ങിനെ ഘട്ടം ഘട്ടമായി അവര്‍ കടമ്പകള്‍ മറികടന്ന് ‘യോഗ്യത’ നേടിയവരുടെ കൂട്ടത്തിലേക്കെത്തിച്ചേരുന്നു. പൊതുനിലവാരത്തില്‍ വെള്ളംചേര്‍ക്കുന്ന എളുപ്പവഴിയാണിതെന്നാര്‍ക്കാണ് മനസ്സിലാവാത്തത്? ചുരുക്കത്തില്‍, വര്‍ഷങ്ങളെണ്ണിത്തീര്‍ത്താല്‍ കോഴ്‌സെന്ന കടമ്പ കഴിഞ്ഞു! യോഗ്യതയുടെ ആഴമോ പരപ്പോ ഉത്തരവാദപ്പെട്ടവര്‍ ഗൗനിക്കുന്നോ? പരിക്കേല്‍ക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിനും.

നമ്മുടെ, നിലവിലെ വിദ്യാഭ്യാസ മേഖല നയിക്കുന്നവര്‍ കണ്ണും മനവും തുറന്ന് ഉള്‍ക്കൊള്ളേണ്ടുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. കേരളം സാക്ഷരതാ രംഗത്ത് മുന്‍പന്തിയിലാണെന്നതു ന്യായീകരിച്ചാല്‍ തന്നെ തലയെണ്ണി അക്ഷരം തിരിയുമെന്ന് പ്രഖ്യാപിക്കുന്നതിലെന്താണ് പ്രയോജനം? അക്ഷര പരിചയത്തെ കുറച്ചു കാണുന്നില്ല. പക്ഷെ സാക്ഷരത എന്നതുകൊണ്ട് ആശയപരമായി നേടേണ്ടത് നേടുന്നുണ്ടോ? കേരളത്തിലെ പത്താം ക്ലാസ് പഠിച്ചവനും മറ്റു സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് പഠിച്ചവനും തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ? വിദ്യാലയ ജീവിത കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് കിട്ടേണ്ടുന്ന വ്യക്തിവികാസം ഉള്‍പ്പെടെയുള്ള മാനസിക മുന്നേറ്റം അവരില്‍ സാധിതമാകുന്നുണ്ടോ? തള്ളിവിടുന്നതിലും കടത്തിവിടുന്നതിലും മാത്രമല്ലേ സംവിധാനത്തിന്റെ ശുഷ്‌ക്കാന്തി? സ്‌കൂള്‍ പൊതുവിദ്യാലയ സംവിധാനത്തില്‍ സൗജന്യ വിദ്യാഭ്യാസമാണെന്നതിന്റെ പേരില്‍ ഭാവിതലമുറയെ കുരുതികൊടുക്കുന്ന വിധമല്ലേ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അവസ്ഥ. ‘വെറുതെ കിട്ടുന്നതല്ലേ അത്രയൊക്കെ മതി’ എന്നതാണോ ഭരണകൂടത്തിന്റെ നിലപാട്. കേരളത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയ കുട്ടികള്‍ ഇന്നത്തെ അവസ്ഥയില്‍ സംഭ്രാന്തരാണ്. എന്തുകൊണ്ടെന്നാല്‍ അഖിലേന്ത്യാ നിലവാരത്തിലേക്കുള്ള ഒന്നും അവരുടെ കൈകളിലില്ല. അഖിലേന്ത്യാതലത്തിലുള്ള വിദ്യാഭ്യാസരംഗത്തോ മറ്റു ഉന്നത വിദ്യഭ്യാസ തൊഴില്‍ മേഖലകളിലോ ഉന്നത പഠനത്തിനോ ജോലിക്കോ ശ്രമിക്കുന്നവര്‍ ഇതര സംസ്ഥാന അപേക്ഷകരുടെ മുന്നില്‍ നിഷ്പ്രഭരായി പോകുന്നു. കാരണമായി ഒരു വസ്തുത തറപ്പിച്ചു പറയട്ടെ, ഇവിടെ വിദ്യാഭ്യാസ നിലവാരം അളക്കുന്നത് തീര്‍ത്തും ശതമാനക്കണക്കില്‍ മാത്രമാണെങ്കില്‍ മറ്റെവിടെയും, ഇന്ത്യയിലും വിദേശങ്ങളിലും, ഗുണനിലവാരത്തെ ആശ്രയിച്ചാണ് ഉന്നത പഠന രംഗത്തും തൊഴില്‍ രംഗത്തും പരിഗണന. ടീനേജുകാരെയും യുവാക്കളെയും വഞ്ചിക്കുന്നതിലാണ് ഉത്തരവാദപ്പെട്ടവരുടെ നിലപാടുകള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. പഠന നിലവാരം അഥവാ ഗുണമേന്മ പഠിതാക്കളുടെ വ്യക്തി വികാസ മുറകള്‍ എന്നിവയില്‍ വിദ്യാഭ്യാസ സംവിധാനം വീഴ്ച വരുത്തുന്നത് തീര്‍ത്തും കുറ്റകരമാണ്.

ഉന്നത വിദ്യാഭ്യാസരംഗത്ത് വിശേഷിച്ചും ശാസ്ത്രസാങ്കേതിക പഠന മേഖലകളില്‍ ഒരു പ്രവേശനത്തിനായി പരിശ്രമിച്ചു പരാജയപ്പെട്ടവരും, അല്ലെങ്കില്‍ അതിനു തക്ക മികവില്ലാത്തവരുമായിരുന്നു, മുന്‍കാലങ്ങളിലെല്ലാം യു.കെയിലും യു.എസ്.എയിലും മറ്റും ഉന്നത പഠനത്തിനായി പോകാറുണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണെന്നോ? ഇവിടുത്തെ മിക്ക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളിലും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അനുദിനം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കെല്ലാം പഠനാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്. ബാങ്കുകളില്‍ നിന്നും കടമെടുത്തും, അല്ലാത്ത വിധത്തിലും പണം കണ്ടെത്തി അവര്‍ കേരളം വിടുകയാണ്. പഠനത്തോടൊപ്പം തൊഴില്‍ ചെയ്ത് ജീവസന്ധാരണത്തിനുള്ള വഴികണ്ടെത്താനും അവിടങ്ങളിലെല്ലാം അവസരങ്ങളുമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു യാഥാര്‍ഥ്യം കൂടിയുണ്ട്, അതായത് മാനുഷികത, ലോക മാനവികത. നമ്മുടെ ഭരണകൂടത്തിന് ഉദ്‌ഘോഷണം എന്ന ഉപാധിയല്ലാതെ പ്രായോഗികത എന്നൊരു കാഴ്ചപ്പാടുണ്ടോ? അധികാരത്വരയില്‍ കണ്ണ് മഞ്ഞളിച്ചതിനാല്‍ നമ്മുടെ അധികാരികള്‍ക്കിതൊന്നും കാണാനാവുന്നില്ല. ദൂരക്കാഴ്ചയും പ്രായോഗികതയുമില്ലാത്തവര്‍ അധികാരം കൈയാളിയാല്‍ വന്നുചേരുന്ന ദുരന്തമാണിത്. ആകയാല്‍ ഉത്തരവാദപ്പെട്ടവര്‍ നമ്മുടെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യഭ്യാസവും സര്‍വത്ര സ്വീകാര്യമായ ഉന്നത നിലവാരത്തിലേക്ക് മുന്‍കാലങ്ങളിലെ പോലെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതാണ്. ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ‘ഹബ്ബാ’യി കേരളത്തെ വീണ്ടും മാറ്റിയെടുക്കാന്‍ ദിശാബോധമുള്ളവര്‍ മുന്നോട്ടുവരുമെന്നാശിക്കുന്നു.

Continue Reading

columns

ഈ ക്രൂരതക്ക് അറുതിയില്ലേ-എഡിറ്റോറിയല്‍

ഇസ്രാഈല്‍ പട്ടാളക്കാരുടെ തോക്കിനിരയായി മരിച്ചു വീഴുന്ന ഫലസ്തീനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും സമീപ പ്രദേശങ്ങളിലുമായി ഒരാളെങ്കിലും അരുംകൊല ചെയ്യപ്പെടാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു.

Published

on

ഇസ്രാഈല്‍ പട്ടാളക്കാരുടെ തോക്കിനിരയായി മരിച്ചു വീഴുന്ന ഫലസ്തീനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും സമീപ പ്രദേശങ്ങളിലുമായി ഒരാളെങ്കിലും അരുംകൊല ചെയ്യപ്പെടാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു. ചോര പുരണ്ട ഫലസ്തീന്‍ വാര്‍ത്തകള്‍ ഓരോന്നും ക്രൂരതയുടെ കഥ പറയുന്നവയാണ്. ഭൂമി വെട്ടിപ്പിടിക്കുന്നതോടൊപ്പം ഒരു ജനതയെ ഇഞ്ചിഞ്ചായി ഉന്മൂലനം ചെയ്ത് അധിനിവേശത്തിനുള്ള മാര്‍ഗ തടസ്സം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സയണിസ്റ്റ് ഭരണകൂടം. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഏറെ രക്തപങ്കിലമായ വര്‍ഷങ്ങളിലൊന്നാണ് കടന്നുപോകുന്നത്. യു.എന്‍ കണക്കു പ്രകാരം ഈ വര്‍ഷം 50 കുട്ടികളടക്കം 200ലേറെ പേര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇവരെല്ലാവരും കുട്ടികളോ കൗമാരക്കാരോ യുവാക്കളോ ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രായം അമ്പതു കടന്നവര്‍ വളരെ ചുരുക്കം. അധിനിവേശത്തിന്റെ ഏറ്റവും ഭീകരമായ പരീക്ഷണങ്ങളാണ് ഫലസ്തീനുമേല്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെയും യുവാക്കളെയും കൊന്നുതള്ളി ഒരു ജനതയെ ഒന്നടങ്കം അതി വിദഗ്ധമായി തുടച്ചുനീക്കുകയാണ്. പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഒരു കുഞ്ഞു പോലും ഫലസ്തീനില്‍ അവശേഷിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇസ്രാഈല്‍ മുന്നോട്ടുപോകുന്നത്.

1967 മുതല്‍ ഫലസ്തീന്റെ ഭൂപ്രദേശങ്ങളെ ഇസ്രാഈല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും അധിനിവേശത്തില്‍നിന്ന് ഒരു തരി പോലും പിന്മാറാന്‍ അവര്‍ തയാറായിട്ടില്ല. ഫലസ്തീനികള്‍ക്ക് സ്വന്തമായി ഒരു ചാണ്‍ ഭൂമി പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുകയാണ്. പകരം ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇടംനേടുന്നു. കുടിയൊഴിഞ്ഞു പോകാന്‍ വിസമ്മതിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തപ്പെടുന്നത് നിത്യക്കാഴ്ചകളാണ്. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ 18 ശതമാനവും സൈനിക പരിശീലന കേന്ദ്രമായാണ് ഇസ്രാഈല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയുള്ള ആറായിരത്തിലേറെ ഫലസ്തീനികളെ അനധികൃത താമസക്കാരായി പ്രഖ്യാപിച്ചു കഴിഞ്ഞു. സൈനിക കേന്ദ്രമെന്ന നിലയില്‍ വെടിവെപ്പിന് സാധ്യത ഏറെയുണ്ടെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് കുടിയൊഴിയണമെന്നുമാണ് ഇസ്രാഈലിന്റെ ഭീഷണി. വെസ്റ്റ് ബാങ്കിന് സമീപം ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നരനായാട്ട് തുടരുകയാണ്. ജെനിനിലും സമീപ പ്രദേശങ്ങളിലും ഫലസ്തീന്‍ കുടുംബങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളായി. ഇവിടെ ഇസ്രാഈല്‍ പട്ടാളക്കാര്‍ നിരങ്ങുകയാണ്. അര്‍ദ്ധരാത്രിക്കു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പട്ടാളക്കാരുടെ കടന്നുവരവ്. വീടുകളില്‍ ഇരച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിക്കുന്നത് അവര്‍ ക്രൂര വിനോദമാക്കി മാറ്റിയിട്ടുണ്ട്. 10 വയസ്സിന് മുകളിലുള്ളവരെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുന്നതോടൊപ്പം അറസ്റ്റെന്ന പേരില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. എന്തിനും ഏതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഭാവത്തിലാണ് ഇസ്രാഈല്‍ സേന ഫലസ്തീന്‍ മണ്ണില്‍ ഭീകര താണ്ഡവമാടുന്നത്. ഫലസ്തീനില്‍ ഇസ്രാഈലിന്റെ തോക്കിനിരയാകാന്‍ പ്രത്യേകിച്ചൊരു കാരണവും വേണ്ട. കണ്ണില്‍ കണ്ടവരെ മുഴുവന്‍ കൊന്നു തള്ളാന്‍ ഇസ്രാഈല്‍ ഭരണകൂടം സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇതിനകം പിടഞ്ഞു മരിച്ചത്.

കഴിഞ്ഞ ദിവസം മഹ്മൂദ് അല്‍ സഅദിയെന്ന പതിനെട്ടുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍നിന്ന് ഇറങ്ങിയ അവന്‍ മാര്‍ഗമധ്യേ ഇസ്രാഈല്‍ പട്ടാളക്കാരുടെ കവചിത വാഹനം കണ്ടു. മുന്നോട്ടു പോകുന്നത് അപകടമാണെന്ന് തോന്നി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മഹ്മൂദിന്റെ വയറിന് വെടിയേറ്റത്. തനിക്ക് വെടിയേറ്റതായി അവന്‍ വിളിച്ചുപറഞ്ഞു. പക്ഷെ, മഹ്മൂദ് തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് അവര്‍ വിചാരിച്ചത്. രക്തം ചീറ്റിയൊഴുകുന്ന വയറുമായി അവന്‍ സുഹൃത്തുക്കളുടെ അടുത്തെത്താന്‍ കുറുച്ചുദൂരം ഓടിനോക്കി. വഴിയില്‍ തളര്‍ന്നു വീണ അവനെ സുഹൃത്തുക്കള്‍ തൊട്ടടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട മഹ്മൂദിന്റെ ചേതനയറ്റ ശരീരമാണ് മണിക്കൂറുകള്‍ക്കുശേഷം വീട്ടില്‍ തിരിച്ചുകയറിയത്്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഓരോ ദിവസവും ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന ഭീകര കൊലപാതകങ്ങളില്‍ ഒന്നു മാത്രമാണിത്. അല്‍ജസീറയുടെ അമേരിക്കന്‍ വംശജയായ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അക്‌ലയെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അതേ സ്ഥലത്തായിരുന്നു മഹ്മൂദും വെടിയേറ്റു വീണത്. അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്‍മുന്നില്‍ ഇത്രയേറെ ഭീകരമായി വേട്ടയാടപ്പെടുന്ന മറ്റൊരു ജനത ലോകത്തില്ല. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കപ്പുറം അവര്‍ക്ക് ആശ്വാസം പകരാന്‍ ഒരാളും മുന്നോട്ടുവരുന്നില്ല. ഇരയോടൊപ്പം ഓടുകയും മറുവശത്ത് വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് അന്താരാഷ്ട്ര സമൂഹത്തിന്റേത്. ഇസ്രാഈല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പച്ചയായി ന്യായീകരിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ശക്തികള്‍ക്ക് ഒട്ടും ലജ്ജയില്ല. വംശീയ ഉന്മൂലനത്തിന്റെ ശവപ്പറമ്പായി ഫലസ്തീന്‍ മാറുമ്പോള്‍ ലോകത്തിന്റെ മൗനം ഇസ്രാഈലിനെ കൂടുതല്‍ രക്തദാഹിയാക്കുകയാണ്.

Continue Reading

Trending