പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.2021 ലെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ അവധാനത കാട്ടിയില്ല. ഇത്തവണയും പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം

കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും സി.ബി.എസ്.സി., ഐ.സി.എസ്.സി പരീക്ഷ കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. 2021 വര്‍ഷം സര്‍ക്കാര്‍ പ്ലസ് വണ്‍ പ്രവേശന വിഷയം തികച്ചുംഅവധാനതയില്ലാതെയാണ് കൈകാര്യം എന്ന് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. പ്ലസ് വണ്‍ പ്രവേശനത്തിനു മുന്‍ഒരുക്കങ്ങള്‍ നടത്താന്‍ നര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടത് മൂലം അര്‍ഹരായ നിരവധി കുട്ടികളുടെ തുടര്‍ പഠനമാണ് പ്രതിസന്ധിയിലായത്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞ ശേഷവും 4,65,219 307021 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചത്. ഇതോടൊപ്പം മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട വിഷയം
പോലും ലഭിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. പഠിച്ച വിദ്യാലയത്തില്‍ തുടര്‍പഠനം ആഗ്രഹിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കാതെ വീടിനടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാനായി മാനേജ്‌മെന്റ് കോട്ടയില്‍ വന്‍ തുക സംഭാവന നല്‍കേണ്ട അവസ്ഥയുമുണ്ടയി. ഇത് കാരണം സാമ്പത്തികമായി പിന്നോക്കും നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ തഴയപ്പെടുന്ന ദുരവസ്ഥയുണ്ടായതും താങ്കള്‍ക്ക് ഓര്‍മയുണ്ടല്ലോ.

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളില്‍ 4,23,303 പേര്‍ ഉപരിപഠനത്തിനു അര്‍ഹത നേടിയിരിക്കുന്നത്. സി.ബി.എസ്.സി., ഐ.സി.എസ്.സി പരീക്ഷ ഫലം കൂടി വരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപേക്ഷകള്‍ ഈ വര്‍ഷം പ്ലസ് വണ്‍ പഠനത്തിന് ഉണ്ടാകും. ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട്, പ്ലസ് വണ്‍ പ്രവേശനം. കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.