X

ശരിയായ ഓപ്ഷനില്ലാതെ പ്ലസ്‌വണ്‍ അറബിക് ചോദ്യപേപ്പര്‍

കൊച്ചി: സംസ്ഥാനമൊട്ടാകെ ഇന്ന് നടന്ന പ്ലസ്‌വണ്‍ മോഡല്‍ പരീക്ഷയില്‍ ചോദ്യപേപ്പറിലെ പിഴവ് വിദ്യാര്‍ഥികളെ കുഴക്കി. അറബിക് പരീക്ഷ ചോദ്യ പേപ്പറില്‍ ശരിയായ ഓപ്ഷന്‍ ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ ആശയകുഴപ്പത്തിലാക്കിയത്. മൂത്രപരിശോധന നടത്തുന്ന സ്ഥലം ഏതെന്നായിരുന്നു പൂരിപ്പിക്കല്‍ മാതൃകയില്‍ 13ാം നമ്പര്‍ ചോദ്യം. പള്ളി, സ്‌കൂള്‍, കാന്റീന്‍ എന്നിങ്ങനെ മൂന്നു ഓപ്ഷനുകളാണ് ഉത്തരമായി നല്‍കിയിരുന്നത്. പക്ഷേ ശരിയുത്തരമായ ലാബ് എന്ന് അര്‍ഥം വരുന്ന മുഖ്തബര്‍ ഓപ്ഷനായി നല്‍കിയിരുന്നില്ല. ഈ ചോദ്യവുമായി ബന്ധപ്പെട്ട് ഒരു അധ്യായം അറബികില്‍ പഠന വിഷയമാണ്. തെറ്റ് മനസിലാക്കിയ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെയാണ് വിഷയം അധ്യാപകരെ അറിയിച്ചത്. ആശയകുഴപ്പമുണ്ടായതിനാല്‍ പല വിദ്യാര്‍ഥികളും ഉത്തരം നല്‍കാതെ ചോദ്യം ഒഴിവാക്കുകയും ചെയ്തു. ശരിയായ ഓപ്ഷന്‍ നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഈ ചോദ്യത്തിന് ഒരു മാര്‍ക്ക് പൂര്‍ണമായും നല്‍കുമെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പല പരീക്ഷകളിലും മുമ്പും പലതവണ തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുകയും പാകപിഴവുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം മാതൃക പരീക്ഷ ആയതിനാല്‍ തെറ്റ് കാര്യമാക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: