X

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണമില്ല; ആമിര്‍ ഖാനും ക്രിക്കറ്റ് താരങ്ങള്‍ക്കും ക്ഷണം

ഇസ് ലാമാബാദ്: നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. ചടങ്ങിന് വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് ദ പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് വക്താവ് ഫഫാദ് ചൗദരി പറഞ്ഞു. മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിദ്ധു എന്നിവരെ ഇമ്രാന്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച സിദ്ധു ക്ഷണം ലഭിക്കുകയും ചടങ്ങിന് പങ്കെടുക്കുകയും വലിയ ഭാഗ്യമാണെന്ന് പ്രതികരിച്ചു. ഓഗസ്റ്റ് പതിനൊന്നിനാണ് ചടങ്ങ്.

ജൂലായ് 25ന് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പി.ടി.ഐ 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പാകിസ്താനില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്നാണ് ഇമ്രാന്‍ ഭരണത്തിലേറാന്‍ ഒരുങ്ങുന്നത്. അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ 66 സീറ്റ് ലഭിച്ചപ്പോള്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റാണ് കിട്ടിത്.

chandrika: