X

അസമില്‍ സൂപ്പര്‍ അടിയന്തരാവസ്ഥ സാഹചര്യം; അസമിലെത്തിയ തൃണമൂല്‍ എം.പിമാര്‍ക്ക് മര്‍ദ്ദനം

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ആറ് എം.പിമാരുള്‍പ്പെട്ട സംഘത്തെ സില്‍ചാര്‍ വിമാനത്താവളത്തില്‍ വെച്ച് മര്‍ദ്ദിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് സിറ്റിസണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും പിന്നാലെ നഗാവോണ്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനുമായാണ് സംഘം അസമിലെത്തിയത്. എം.പിമാരായ സുകേന്ദു ശേഖര്‍ റായ്, കാകോലി ഘോഷ് ദസ്തിദാര്‍, രത്‌ന ദി നാഗ്, നദീമുല്‍ ഹഖ്, അര്‍പിത ഘോഷ്, മമത താക്കൂര്‍, ബംഗാള്‍ നഗര വികസന മന്ത്രി ഫിര്‍ഹാദ് ഹകീം, എം. എല്‍. എ മഹുവ മൊയ്ത്ര എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ജനങ്ങളെ കാണാനുള്ള ജനാധിപത്യപരമായ അവകാശമാണ് പ്രതിനിധി സംഘത്തെ തടഞ്ഞതിലൂടെ നിഷേധിച്ചതെന്നും അസമില്‍ സൂപ്പര്‍ അടിയന്തരാവസ്ഥ സാഹചര്യമാണുള്ളതെന്നും തൃണമൂല്‍ നേതാവ് ഡെരക് ഒ ബ്രയാന്‍ പറഞ്ഞു. സില്‍ചാര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ സംഘത്തെ ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെത്തി തടയുകയായിരുന്നു.

 

തന്റെ നെഞ്ചില്‍ പൊലീസുകാരന്‍ ഇടിച്ചതായി സുകേന്ദു ശേഖര്‍ റായ് എം.പി പറഞ്ഞു. മഹുവ മൊയ്ത്ര, മമത ബാല താക്കൂര്‍, ദസ്തിദാര്‍ എന്നിവര്‍ക്കു നേരെ പൊലീസുകാര്‍ ബല പ്രയോഗം നടത്തിയതായും, മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങിയതായും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി നേതൃത്വം പറയുന്നതിനനുസരിച്ചായിരിക്കും ഭാവി കാര്യങ്ങളെന്നും പാര്‍ലമെന്റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: