X

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കമായി. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജപ്പാനിലെത്തി. ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദിയെ പ്രധാനമന്ത്രി ഷിന്‍സോ ആബേ സ്വീകരിച്ചു.

സാമ്പത്തിക-പ്രതിരോധ മേഖലകളില്‍ സഹകരിച്ചു പോകാനുള്ള കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു.

അടുത്ത ദിവസങ്ങളില്‍ നയതന്ത്ര ബന്ധങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തും. സുരക്ഷ, സാമ്പത്തിക, സാങ്കേതിക മേഖലകള്‍ ഇരുരാഷ്ട്രത്തിന്റെയും തലവന്മാര്‍ ചര്‍ച്ച ചെയ്യും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തല്‍, പ്രാദേശിക സുരക്ഷ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സൈനികരംഗത്തും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധമാണ് തുടര്‍ന്നു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സഖ്യകക്ഷികളായി ഇന്ത്യയും ജപ്പാനും മാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഓരോ ദിവസം കഴിയും തോറും മെച്ചപ്പെടുകയാണെന്നും അത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതായും മോദി പറഞ്ഞു.

നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ വിദേശ-പ്രതിരോധ മന്ത്രിമാരുടെ 2+2 ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും ഉച്ചകോടിയില്‍ തീരുമാനമായി. ഡിജിറ്റല്‍ രംഗം, സൈബര്‍, പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തും. കൂടാതെ ഇന്ത്യയിലെ വ്യവസായ രംഗത്ത് 2.5 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കും. ഇത് വഴി 30,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ഇരു രാജ്യങ്ങളിലെയും പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി യോഗയ്ക്കും ആയുര്‍വേദത്തിനും പ്രത്യേക പ്രാധാന്യം നല്‍കും. ആയുഷ് പദ്ധതി വിപുലപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.

chandrika: