X

“മദ്യം”; പ്രതിപക്ഷ മഹാസഖ്യത്തെ അധിക്ഷേപിച്ച് മോദി

യുപിയിലെ യോഗി ഭരണത്തിനെതിരെയും വര്‍ഗീയ ഫാസിസത്തിനെതിരെയും ഒത്തുചേര്‍ന്ന പ്രതിപക്ഷ മഹാസഖ്യത്തെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂപം കൊണ്ട മഹാസഖ്യത്തെ മദ്യമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മീററ്റില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രതിപക്ഷ പാര്‍ട്ടികളുടെ ചുരുക്കെഴുത്താണ് ശരാബ്(മദ്യം) എന്ന് അദ്ദേഹം അധിക്ഷേപിച്ചു. സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് എസ്.എയും രാഷ്ട്രീയ ലോക്ദളില്‍നിന്ന് ആര്‍.എയും ബി.എസ്.പിയില്‍നിന്ന് ബിയും എയും എടുക്കു. ശരാബ് ആയി. ഈ രാഷ്ട്ര മദ്യം കുടിക്കുന്നത് ഉത്തര്‍പ്രദേശിന്റെ ആരോഗ്യം തകര്‍ക്കും. ഈ വിപത്തിനെതിരെ രാജ്യത്തെ രക്ഷിക്കണമെന്നും മോദി പറഞ്ഞു. രാജ്യസുരക്ഷ പ്രചാരണ ആയുധമാക്കിയായിരുന്നു മോദിയുടെ പ്രസംഗം. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ തന്റെ സര്‍ക്കാര്‍ ധൈര്യം കാട്ടിയെന്ന്് സദസ്സില്‍ മോദി അവകാശപ്പെട്ടു.

അതേസമയം മോദിയുടെ അധിക്ഷേപിത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരീചിക കാട്ടി രാജ്യത്തെ പറ്റിക്കുകയായിരുന്നു ബി.ജെ.പിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തപ്പോഴും അവര്‍ അത് തന്നെയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദിക്ക് അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും അതുകൊണ്ട് വേറെ മദ്യത്തിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന മോദി ഇത്ര തരംതാഴരുതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

അതേസമയം മോദിയുടെ ചുരുക്കെഴുത്ത് സാമാന്യ ബോധമില്ലാത്തതായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

chandrika: