സിപിഎമ്മിന് ചിലത് മാത്രം മതവര്‍ഗീയ കൊലകളെന്ന് മുസ്‌ലിം ലീഗ് മുസ്‌ലിം ലീഗ് നേതാവ് പിഎം സാദിഖലി. തൃശൂര്‍ ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ യൂത്ത് ലീഗ് പ്രസിഡന്റ്.

ഇന്നും ഒരു കമ്മ്യുണിസ്റ്റ്കാരനെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്നു. പക്ഷെ, ഈ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഫോട്ടോയുമായി വിലാപ ഫ്‌ലക്‌സുകള്‍ക്ക് താഴെ വര്‍ഗീയത തുലയട്ടെയെന്ന ശാപ വാക്കുകള്‍ നമ്മള്‍ കാണില്ലെന്ന് അദ്ദേഹം കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഇന്നും ഒരു കമ്മ്യുണിസ്റ്റ്കാരനെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്നു…ആദരാജ്ഞലികള്‍ !
പക്ഷെ, ഈ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഫോട്ടോയുമായി വിലാപ ഫ്‌ലക്‌സുകള്‍ക്ക് താഴെ വര്‍ഗീയത തുലയട്ടെയെന്ന ശാപ വാക്കുകള്‍ നമ്മള്‍ കാണില്ല. മതഭീകരവാദമാണെന്ന ആരോപണം നമ്മള്‍ എവിടേയും കേള്‍ക്കില്ല….
സിപിഎമ്മിന് ചിലത് മതേതര കൊലകളും ചിലത് മാത്രം മതവര്‍ഗീയ കൊലകളുമാണ്.
മരിച്ചൊടുങ്ങാനും കൊന്നുതീര്‍ക്കാനും കുറെ അണികള്‍, കുറെ ഗുണ്ടകള്‍…
ഇന്‍ക്വിലാബ് സിന്ദാബാദ് !
രക്തസാക്ഷികള്‍ സിന്ദാബാദ് , പി.എം.സാദിഖലി കുറിച്ചു.

തൃശൂര്‍ ചിറ്റിലങ്ങാട് പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് എട്ടോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാല്‍ ഇന്ന് കൊല്ലപ്പെട്ടത്. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.എം ആരോപണം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പൊലീസ് കണ്ടെത്തി. എട്ടോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം പറഞ്ഞു.