X
    Categories: CultureMoreViews

പാകിസ്താനുമായി മന്‍മോഹന്‍ സിങ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്‍മോഹന്‍ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി വിവരാവകാശ നിയമപ്രകാശം അന്വേഷണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടിയിലാണ്, അത്തരം കാര്യങ്ങളുടെ വിവരം തങ്ങളുടെ കൈവശമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. വിവരം നല്‍കാന്‍ ആദ്യം വിസമ്മതിച്ച പി.എം.ഒ, അപ്പലേറ്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഡിസംബര്‍ പത്തിനാണ് പാലന്‍പുര്‍ നഗരത്തില്‍ വെച്ച് മോദി കോണ്‍ഗ്രസിനും മന്‍മോഹന്‍ സിങിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. ‘മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വെച്ചു നടന്ന യോഗത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാകിസ്താന്‍ വിദേശകാര്യ മന്ത്രി, ഹാമിദ് അന്‍സാരി, മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. യോഗം മൂന്നു മണിക്കൂര്‍ നീണ്ടു.’ എന്നായിരുന്നു മോദിയുടെ ‘വെളിപ്പെടുത്തല്‍.’ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു മോദിയുടെ ആരോപണം.

മോദിയുടെ വാക്കുകളിലെ സത്യാവസ്ഥ തേടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ഡിസംബര്‍ 12-നു തന്നെ പി.എം.ഒയില്‍ വിവരാകവാശം ഫയല്‍ ചെയ്‌തെങ്കിലും 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഗോഖലെ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി ആറുമാസത്തിനു ശേഷം ജൂണ്‍ ഏഴിനാണ് പി.എം.ഒ നിര്‍ബന്ധിത സാഹചര്യത്തില്‍ മറുപടി നല്‍കിയത്.

‘പ്രധാനമന്ത്രി ആരോപിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമോ? യോഗത്തെപ്പറ്റി അധികൃതര്‍ക്ക് മുന്‍കൂട്ടി അറിവ് ലഭിച്ചിരുന്നോ? ഇതേപ്പറ്റി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരുന്നോ? പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യത്തെയും സാരമായി ബാധിക്കുന്നതാകയാല്‍ മറുപടി നല്‍കുക.’ എന്നായിരുന്നു ഗോഖലെയുടെ അപേക്ഷ.

മൂന്നു ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ‘താങ്കള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമായ വിവരങ്ങള്‍ ഔദ്യോഗികമോ ഔദ്യോഗികമല്ലാത്തതോ ആയ വഴികളിലൂടെ ലഭിച്ചതായിരിക്കാം…’

പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണത്തിനെതിരെ ഡോ. മന്‍മോഹന്‍ സിങ് തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: