ലണ്ടന്‍: 2016 ല്‍ യുവന്തസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ആറ് വര്‍ഷത്തിന് ശേഷം പഴയ ലാവണത്തിലേക്ക് മടങ്ങുന്നു. യുനൈറ്റഡുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ ഫ്രീ ഏജന്റായി 29 കാരന്‍ അടുത്തയാഴ്ച്ച യുവന്തസിലെത്തും.

പിന്നീട് മെഡിക്കലിന് ഹാജരാവും. യുനൈറ്റഡ് പരിശീലകരുമായി പലപ്പോഴും ഇടഞ്ഞ പോഗ്ബ പരുക്കിന്റെ പിടിയില്‍ അവസാന സീസണിലും കരുത്തനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹവുമായുള്ള കരാര്‍ പുതുക്കാതിരുന്നത്. ഈ മാസാവസാനം യുവന്തസ് അമേരിക്കയിലേക്ക് പോവുന്നുണ്ട്. അവിടെ ബാര്‍സിലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരുമായി കളിയുണ്ട്. ഈ മല്‍സരങ്ങളില്‍ പോഗ്ബ യുവന്തസിന്റെ കറുപ്പും വെളുപ്പും നിറമുള്ള ജഴ്‌സിയില്‍ കളിക്കാനാണ് സാധ്യത. 2012-13, 2015-16 സീസണുകളില്‍ യുവന്തസിന് സിരിയ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു പോഗ്ബ.