കാസര്‍കോഡ്: വി.എച്ച്.പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോഡ് പൊലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബദിയടുക്കയില്‍ നടന്ന വി.എച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി ബാലിക സരസ്വതിയുടെ വിദ്വേഷ പ്രസംഗം.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബദിയടുക്ക സി.പി.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടേയും ആസൂത്രണത്തിന്റേയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. ലൗ ജിഹാദുമായെത്തുന്നവരുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്ത് വെട്ടണമെന്നായിരുന്നു പ്രസംഗം.

‘ഹിന്ദുക്കള്‍ ആയുധമെടുത്ത് വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും.’ ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറണമെന്നും അവര്‍ പറഞ്ഞിരുന്നു.