കൊച്ചി: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടതായി പൊലീസിന് ഇതുവരെ അറിയിപ്പ് ലഭിച്ചത് 16 സ്ഥലങ്ങളില്‍ നിന്ന്. ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചത്. വിവിധ സ്ഥലങ്ങളിലായി പതിനാറിടത്ത് ജസ്‌നയെ കണ്ടെത്തിയതായി അവകാശപ്പെട്ട് വിവരങ്ങള്‍ ലഭിച്ചു. ഇവിടങ്ങളില്‍ നേരിട്ട് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ജസ്‌നയാണെന്ന് സ്ഥിരീകരിക്കാനായില്ല.

ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ലക്ഷത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതായാണ് വിവരം. ജസ്‌നയുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ 250ഓളം പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയത്. തെറ്റെന്നു തോന്നിയ വിവരങ്ങള്‍ പോലും ഇഴകീറി പരിശോധിച്ചുവരികയാണെന്നും ജസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്താനുള്ള നീക്കത്തിലാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ തുമ്പുണ്ടാക്കാന്‍ പരിശോധന അജ്ഞാത മൃതദേഹങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ് ഇപ്പോള്‍.

ത്സാര്‍ഖണ്ഡില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അത് മറ്റൊരാളുടേതാണെന്ന് തിരിച്ചറിഞ്ഞു. ഒല്ലൂരിലുള്ള ജസ്‌നയുടെ അമ്മ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെയുള്ള ആരുമായും ജസ്‌ന ബന്ധപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലായത്. ജസ്‌നയുടെ പിതാവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.