kerala

ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

By webdesk18

April 09, 2025

കൊല്ലത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ആരോപണമുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുന്‍പും വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.

നാട്ടുകാരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയില്‍ വാഹനം ഓടിച്ച ഇരുവരേയും പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രില്‍ നാലിനാണ് രണ്ട് പൊലീസുകാരെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കിടയിലൂടെ വാഹനം ഓടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.