X

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; പ്രതിപക്ഷ കക്ഷികളുടെ യോഗം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്. ഇന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബി.ജെ.പി വിരുദ്ധ സമാന നിലപാടുള്ള കക്ഷികളെ പങ്കെടുപ്പിച്ച് ഖാര്‍ഗെയുടെ വസതിയിലാരിക്കും യോഗം. പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ നേടുകയാണ് ലക്ഷ്യം.

അതേസമയം സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. രാഹുലിന് പിന്തുണ അറിയിച്ചു കൊണ്ട് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താനായി ഭയചകിതരായ ഭരണാധികാരികള്‍ എല്ലാ ശ്രമവും നടത്തുകയാണെന്ന് സഹോദരിയും എ. ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

എന്റെ സഹോദരന്‍ ഒരിക്കലും പേടിക്കില്ല. ഇനിയും അങ്ങിനെ തന്നെ. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കായി ഇനിയും അദ്ദേഹം ശബ്ദമുയര്‍ത്തും. സത്യത്തിന്റെ കരുത്തും കോടിക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും അദ്ദേഹത്തിനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സത്യത്തെ പലപ്പോഴും പരീക്ഷിക്കും. പക്ഷേ സത്യം മാത്രമേ വിജയിക്കൂ. നിരവധി തെറ്റായ കേസുകളാണ് രാഹുലിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. എങ്കിലും അദ്ദേഹം ഇതില്‍ നിന്നെല്ലാം മുക്തനാകും. നീതി ലഭിക്കുമെന്നുമായിരുന്നു ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അര്‍ജുന്‍ മോധ്‌വാദിയയുടെ പ്രതികരണം. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രാഹുലിന് പിന്തുണയുമായി എത്തി.

ബി.ജെ.പി ഇതര പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവിനെ ഇത്തരത്തില്‍ അപകീര്‍ത്തി നിയമത്തില്‍ കുരുക്കുന്നത് ശരിയായ രീതിയല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റേയും പൊതുജനങ്ങളുടേയും അവകാശമാണ് ചോദ്യങ്ങള്‍ ചോദിക്കുക എന്നത്. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഇ.ഡി, ഐ.ടി, സി.ബി. ഐ എന്നിവരെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിപ്പിക്കും. ഇതൊന്നും പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിസ്ഥാനമില്ലാത്ത കേസുകള്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നീചമായ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഭരണഘടനയേയും ജനാധിപത്യത്തേയും ഈ രാജ്യത്തെ രാഷ്ട്രീയത്തേയും ആശങ്കയിലാക്കുന്ന നിലപാടാണിതെന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി തങ്ങളുടെ പങ്കാളിയാണെന്നും അദ്ദേഹം ഒരു വിഭാഗത്തേയും ലക്ഷ്യമിട്ടല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബാലു ട്വീറ്റ് ചെയ്തു. ബി.ജെ.പി ഇതര നേതാക്കളെ ഗൂഡാലോചനയിലൂടെ ഇരകളാക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. സര്‍ക്കാറിനും മോദിക്കും രാഹുലിനെ പേടിയാണെന്നും സഭക്ക് അകത്തും പുറത്തും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള സാധ്യമായ വഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

രാഹുല്‍ സത്യം പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് നടപടിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണ് പുതിയ ഇന്ത്യ. നിങ്ങള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇ.ഡി, സി.ബി. ഐ, പൊലീസ് എഫ്.ഐ. ആര്‍ എന്നിവ ആര്‍ക്കെതിരെയും പ്രയോഗിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

 

 

webdesk11: