X

ഹര്‍ദ്ദികിനു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി; സുരക്ഷക്കെത്തിയ പോലീസ് സംഘത്തെ തിരിച്ചയച്ച് ഹര്‍ദ്ദിക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്‌മേവ്‌നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍ സര്‍ക്കാരിനെ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പട്ടീദാര്‍ ആനന്ദ് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദ്ദികിന്റെ വീടിനു ചുറ്റും സര്‍ക്കാര്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുരക്ഷ വേണ്ടെന്ന് പട്ടേല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്നും നീക്കം ചെയ്തു. സര്‍ക്കാര്‍ തന്റെ മേല്‍ ചാരപ്പണി നടത്തുകയാണെന്ന് ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് യാതൊരു സംരക്ഷണവും ആവശ്യമില്ല. തന്റെ സമുദായം തനിക്കൊപ്പമുണ്ടെന്നും ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് ജീവിക്കാന്‍ അപകടകരമായ അവസ്ഥയില്ലെന്ന് ഹര്‍ദ്ദിക് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്നുവെന്ന ഹര്‍ദ്ദികിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ഹര്‍ദ്ദികിനെ നിരീക്ഷിക്കാന്‍ ബി.ജെ.പി രംഗത്തെത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്‌നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യപ്പെടാതെയാണ് മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തിയത്. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ജിഗ്‌നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്‍ഡോകളെ സര്‍ക്കാര്‍ സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനുപിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. ‘ഞാന്‍ ചോദിക്കാതെ തന്നെ ഇന്ന് ഞാന്‍ കമാന്‍ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ സുരക്ഷയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതാണ് സംസ്ഥാനത്തെ സാഹചര്യം’; മേവ്‌നാനി പറഞ്ഞു. ബി.ജെ.പി എന്ന പിശാച് പാര്‍ട്ടിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. അല്‍പേഷ് താക്കൂറുമായും പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായും താന്‍ സഹകരിക്കുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നേരത്തെ ഹര്‍ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു യുവനേതാക്കള്‍ക്കും ആവശ്യപ്പെടാതെ തന്നെ സുരക്ഷയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

chandrika: