X

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് യു.എസ്; പോംപിയോ വഞ്ചകനാണെന്ന് ഇറാന്‍

വാഷിങ്ടണ്‍: സഊദി അറേബ്യയില്‍ അരാംകോയുടെ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യു.എസ് ആരോപിച്ചു. യമനിലെ ഹൂഥി വിമതരാണ് ആക്രമണം നടത്തിയതെന്ന വാദം യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തള്ളി. ഡ്രോണുകള്‍ വന്നത് യമനില്‍നിന്നാണെന്നതിന് ഒരു തെളിവുമില്ല. ലോകത്തിന്റെ എണ്ണവിതരണ ശൃംഖലക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇറാന്‍ മാത്രമാണ് അതിന് ഉത്തരവാദിയെന്നും ലോകത്തെ മുഴുവന്‍ രാജ്യങ്ങളും അതിനെ അപലപിക്കണമെന്നും പോംപിയോ പറഞ്ഞു. ഇറാനാണ് ആക്രമണം നടത്തിയതെന്നതിന് പോംപിയോ പ്രത്യേക തെളിവുകളൊന്നും മുന്നോട്ടുവെച്ചില്ല.

അമേരിക്കന്‍ ആരോപണം ഇറാന്‍ തള്ളി. പോംപിയോ വഞ്ചകനാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു. ഇറാനെ ഉപരോധങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് പോംപിയോയെ വഞ്ചനയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനെ കുറ്റപ്പെടുത്തിയതുകൊണ്ട് യമനിലെ ദുരന്തം അവസാനിക്കില്ലെന്നും സാരിഫ് കൂട്ടിച്ചേര്‍ത്തു. പോംപിയോയുടെ അന്ധമായ ആരോപണങ്ങളും പ്രസ്താവനകളും അര്‍ത്ഥശൂന്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.

അതേസമയം അരാംകോയുടെ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം എണ്ണ ഉല്‍പാദനത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സഊദിയുടെ എണ്ണ ഉല്‍പാദനത്തിന്റെ പകുതിയോളം കുറയുമെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുഖ്‌യാഖിലും ഖുറൈസിലും എണ്ണ ഉല്‍പാദനം നിര്‍ത്തിവെച്ചതായി സഊദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബില്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിന്റെ ആറ് ശതമാനം കുറയാന്‍ ഇത് കാരണമാകും.
പ്രതിദിനം 57 ലക്ഷം ബാല്‍ എണ്ണയുടെ നഷ്ടമാണ് ഇതുവഴി ആഗോളവിപണിയില്‍ ഉണ്ടാവുക. എണ്ണവില വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്ന് പരക്കെ ആശങ്കയുണ്ട്. ഉല്‍പാദനം പുനരാരംഭിക്കാന്‍ സഊദിക്ക് സാധിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ യു.എസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. സഊദിയുടെ സുരക്ഷക്ക് എന്ത് സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. സഊദി കിരീടാവകാശി മുഹമ്മ് ബിന്‍ സല്‍മാനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഭീകരാക്രമണങ്ങളെ ഒറ്റക്ക് നേരിടാന്‍ സഊദിക്ക് സാധിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

chandrika: