X
    Categories: CultureNewsViews

ഒരു രാജ്യം ഒരും ഭാഷ വാദം ഏകാധിപത്യത്തിന്റെ സ്വരം; അമിത് ഷായുടെ നിലപാടിനെതിരെ എം.ടി

ഒരു രാജ്യം, ഒരു ഭാഷ എന്ന നിർദേശം തികച്ചും ഏകാധിപത്യപരമാണ്. ഇതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഹിന്ദിയടക്കം ഒട്ടേറെ ഭാഷകൾ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനിൽക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങൾ എതിർക്കപ്പെടണം.
സോവിയറ്റ് യൂണിയനിൽ എല്ലായിടത്തും റഷ്യൻഭാഷ മാത്രം മതി എന്ന തീരുമാനം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെത്തുടർന്നാണ് കസഖ്സ്ഥാൻ വിട്ടുപിരിഞ്ഞത്. കസഖ്സ്ഥാൻകാരുടെ ഭാഷയിൽ കഥയും നോവലും കവിതയുമെല്ലാം ശക്തമായിരുന്നു. അബ്ബായി എന്ന കവിയുടെ നൂറാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിലാണ് എല്ലാ കവിതകളും റഷ്യൻ ലിപിയിലാക്കണമെന്ന നിയമം വന്നത്. തങ്ങളുടെ ഭാഷയെ കൊന്നുകളയുന്നതിലുള്ള പ്രതിഷേധത്തിൽ നിന്നാണ് കസഖ്സ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ധാതുഖനന പ്രശ്നമടക്കമുള്ള കാര്യങ്ങൾ ഇതിനൊപ്പമുണ്ടെങ്കിലും പ്രധാനപ്രശ്നം ഭാഷയെ തകർക്കാനുള്ള ശ്രമം തന്നെയായിരുന്നു. ഈ നീക്കത്തിനു സമാനമാണ് ഇപ്പോൾ ഇവിടെയുയരുന്ന ഹിന്ദി ഭാഷാവാദവും. 
ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാൽ, ഇന്ത്യയിൽ ഹിന്ദിക്കു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകൾ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ട്. പ്രേംചന്ദിനെപ്പോലുള്ളവർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജീവിതവും സംസ്കാരവുമാണ് തന്റെ കൃതികളിൽ പകർത്തിയത്. കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സാമൂഹിക ഘടന എന്നിവയാണ് നമ്മുടെ എഴുത്തിൽ കടന്നുവരിക.
രാജ്യമൊട്ടാകെ ഹിന്ദി മതി എന്നൊരു വാദം മുൻപൊരിക്കൽ വന്നെങ്കിലും കനത്ത എതിർപ്പുകളെത്തുടർന്ന് ആ ശ്രമം പരാജയപ്പെട്ടു. പണ്ടു നമ്മുടെ ഗ്രാമങ്ങളിലെല്ലാം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അധ്യാപകർ സ്വയം ഹിന്ദി പഠിക്കുകയും ഒഴിവുള്ള സമയത്ത് ഗ്രാമങ്ങളിൽ ഹിന്ദി ക്ലാസുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു ആ ഹിന്ദിപഠനം. എന്നാൽ, ഇന്ന് അങ്ങനെയല്ല;കാലം മാറി. ഓരോ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയാണു ഭരണഭാഷ. കേരളത്തിലതുമലയാളമാണ്. അതുകൊണ്ടാണു മലയാളത്തിൽ ചോദ്യങ്ങളൊരുക്കാൻ പിഎസ്‌സിക്കു ബാധ്യതയുണ്ടെന്നു പറയുന്നത്. ഇന്നു സിവിൽ സർവീസ് പരീക്ഷ പോലും മലയാളത്തിലെഴുതാം. നമ്മുടെ ഗ്രാമങ്ങളിൽ ജനിച്ചവർ മലയാളത്തിൽ പരീക്ഷയെഴുതി ഐഎഎസുകാരാവുന്നുണ്ട്. മലയാളത്തിൽ പരീക്ഷയെഴുതി സിവിൽ സർവീസിൽ പ്രവേശിച്ച മലപ്പുറം സ്വദേശിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത് ഈയിടെയാണ്.
തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തിൽ സർവകലാശാലകളുണ്ട്. ഈ സാഹചര്യത്തിൽ, പ്രാദേശിക ഭാഷയും സംസ്കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ‘ഹിന്ദി’ കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരർഥകത നാം തിരിച്ചറിയേണ്ടതുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: