വത്തിക്കാന്‍ സിറ്റി: അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ജോസഫിന്റെയും മേരിയുടെയും പാദയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്ന് പാലായനം ചെയ്യാന്‍ അവരെ പോലെ നിരവധിപേര്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു.
പലരുടെയും പലായനം പ്രതീക്ഷകള്‍ നിറഞ്ഞതാണ്. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണെന്നും നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്‍ ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് ഇടവരുത്തുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളിലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.
പലായനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന നീചപ്രവര്‍ത്തിയെയും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ജീവന്‍ വെടിഞ്ഞവരെയും അദ്ദേഹം പ്രാര്‍ഥനയില്‍ ഓര്‍ത്തു. റോഹിങ്ക്യന്‍ വിഷയത്തിലടക്കം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നേരത്തെയും പോപ്പ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് വെസ്റ്റ് ബാങ്ക് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെയും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത് സുരക്ഷയിലാണ് ക്രിസ്മസ്ദിന പ്രാര്‍ഥനകള്‍ നടന്നത്.
Be the first to write a comment.