X

വാഴക്കുല വിറ്റതിന്റെ പണം കിട്ടിയില്ല; കര്‍ഷകന്‍ ജീവനൊടുക്കി

ബംഗളൂരു: വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്തതിന്റെ നിരാശയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. കേരളത്തിലെ വിവിധ മേഖലകളിലേക്ക് വാഴക്കുല എത്തിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കോട്ടയിലെ ചെറുകിട വ്യാപാരി പ്രഭാകര(55)നാണ് പണം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എച്ച്ഡി കോട്ടയിലെ മലയാളി ഗ്രാമമായ മലബാര്‍ ഷെഡ്ഡ് സ്വദേശിയായ പ്രഭാകരന്‍ സ്വന്തം കൃഷിയിടത്തിലാണ് വിഷം കഴിച്ച് മരിച്ചത്.

പണമന്വേഷിച്ച് പലരും പ്രഭാകരനോട് തേടിവന്നു ബുദ്ധിമുട്ടിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പണം കിട്ടാത്തിനാല്‍ കടങ്ങള്‍ വീട്ടാനാവാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന മരണക്കുറിപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി വാഴകൃഷിയും പുറമെ വില്‍പ്പനയും നടത്തിവരുകയാണ് ചെറുകിട കര്‍ഷകനായ പ്രഭാകരന്‍. വാഴക്കുലകള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വ്യാപാരികള്‍ക്കാണ് വില്‍ക്കുന്നത്. ഇങ്ങനെ നടത്തിയ വാഴക്കുല വ്യാപാരത്തില്‍ കാല്‍ കോടിയോളം രൂപ പ്രഭാകരന് കിട്ടാനുണ്ടെന്നാണ് വിവരം.

പണം തേടി ഒരാഴ്ചയോളം കണ്ണൂരില്‍ പോയി കാത്തുനിന്ന പ്രഭാകരന്‍ ഏറെ നിരാശനായാണ് മടങ്ങിയത്. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ പ്രഭാകരനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഴ നനയ്ക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയ പ്രഭാകരന് ഭക്ഷണവുമായെത്തിയ ഭാര്യയാണ് കണ്ടത്.

chandrika: