X

റിയാസിന്റെ തോല്‍വി: പ്രദീപിന്റെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി പഴയ സഖാവ്


കോഴിക്കോട്: 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ എ പ്രദീപ്കുമാര്‍ ശ്രമിച്ചെന്ന വിമര്‍ശനത്തിന് വീണ്ടും ജീവന്‍വെക്കുന്നു. നേരത്തെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് മുമ്പാകെ റിയാസ് തന്നെ ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് പിണറായി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് നേതൃത്വം ഇടപെട്ട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു.

എന്നാല്‍ പഴയ വി എസ് പക്ഷക്കാരനായ ജംഷീര്‍ നെല്ലിക്കോട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ രഹസ്യയോഗത്തില്‍ പ്രദീപ്കുമാര്‍ നേരിട്ടെത്തിയെന്ന് വ്യക്തമാക്കുന്നു.

പോസ്റ്റില്‍ നിന്ന്: ” ഈയടുത്ത ദിവസം നെല്ലിക്കോട്ടെ ഒരു സഖാവ് കാണാന്‍ വന്നിരുന്നു. ഒരുപാടു നേരം സംസാരിച്ചു. പ്രദീപ്കുമാറിനു വോട്ടുറപ്പിക്കുക എന്നതായിരുന്നു സഖാവിന്റ ഉദ്ദേശലക്ഷ്യം….വിയോജിപ്പുകളൊക്കെ മാറ്റിവെച്ച് പ്രദീപ്നു വോട്ടു ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചത്…അവസാനം പിരിയാന്‍ നേരം’അല്ലേലും ജംഷീറിനൊന്നും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ മനസ്സു സമ്മതിക്കില്ലല്ലോ ‘ എന്നൊരു സുഖിയന്‍ കമന്റും. പറഞ്ഞു വന്നത് 2009-ല്‍ മുഹമ്മദ് റിയാസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കയ്യറപ്പില്ലാതെ എങ്ങിനെ കൈപ്പത്തിക്ക് വോട്ടു ചെയ്യാം എന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില് വിളിച്ചു ചേര്‍ത്ത രഹസ്യയോഗത്തില്‍ പങ്കെടുത്തവരാണ് ഞാനും മുകളില്‍ പറഞ്ഞ സഖാവും. അന്നു പ്രദീപേട്ടന്‍ പറഞ്ഞതിത്ര മാത്രം: ഒറ്റുകാരെയും വര്‍ഗവഞ്ചകരെയും ഒരു ദയാദാക്ഷിണ്യവും കൂടാതെ തോല്‍പ്പിക്കുക എന്നത് മാത്രമായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കടമ എന്നാണ്…
പ്രിയപ്പെട്ട പ്രദീപേട്ടാ, കാലചക്രം 2009 ല്‍ നിന്നും 2012 മെയ് നാലു വരെ ഉരുണ്ടപ്പോഴേക്കും നിങ്ങളിലെ ഒറ്റുകാരനെ, വര്‍ഗ വഞ്ചകനെ, ഞങ്ങള്‍ തിരിച്ചറിയുന്നു….ഒരു ദയാദാക്ഷിണ്യവും നിങ്ങള്‍ അര്‍ഹിക്കുന്നില്ല പ്രദീപേട്ടാ…കൈയ്യറപ്പില്ലാതെ കടമ ഞങ്ങള്‍ നിര്‍വ്വഹിക്കും…”-എന്ന രൂക്ഷ വിമര്‍ശനമാണ് കുറിപ്പിലുള്ളത്.
പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത ഒരിക്കല്‍ക്കൂടി ആളിക്കത്തിക്കാന്‍ പഴയ വി എസ് പക്ഷക്കാരുടെ നിലപാട് വഴിവെക്കുമെന്ന് ഉറപ്പാണ്.

web desk 1: