X

കര്‍ണാടകയില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണം: ശ്രീരാമസേന നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ വിലക്കണം എന്നാവശ്യപ്പെട്ട്് മുത്തലിക് തെരഞ്ഞടുപ്പ് കമ്മീഷനെ സമീച്ചത്. ഇതുസംബന്ധിച്ച പരാതി പ്രമോദ് മുത്തലിക് കമ്മീഷന്‍ നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മതത്തിന്റെ പേരിലാണ്് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആരോപിച്ചിരുന്നു.

 

അതേസമയം തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് പാര്‍ട്ടിയില്‍ കൂട്ടരാജി. ഉഡുപ്പി ജില്ലയിലെ കുണ്ടാപൂര്‍ യൂണിറ്റില്‍ നിന്നാണ് 25 സജീവ പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടത്. കുണ്ടാപൂര്‍ മണ്ഡലത്തില്‍ ഹലാഡി ശ്രീനിവാസ് ഷെട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.

ബല്‍വെ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബി. ഉദയകുമാര്‍ പൂജാരി, മുച്ചേട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജീവ് കുലാല്‍ തുടങ്ങിയവര്‍ രാജിവെച്ചവരില്‍പ്പെടുന്നു. ഇവര്‍ ബി.ജെ.പി ഉഡുപ്പി ജില്ലാ സെക്രട്ടറി കുത്യാര്‍ നവീന്‍ ഷെട്ടിയെ നേരില്‍ക്കണ്ട് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള തങ്ങളുടെ രാജി സമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഹലാഡി ശ്രീനിവാസ് ഷെട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപരാതികള്‍ നല്‍കിയിരുന്നതായും നിരവധി വര്‍ഷം കുണ്ടാപൂര്‍ എം.എല്‍.എയായിട്ടും ശ്രീനിവാസിന് വികസനം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും രാജിവെച്ചവര്‍ ആരോപിക്കുന്നു. വിമതനായി മത്സരിച്ചിട്ടുള്ള ശ്രീനിവാസിന് ടിക്കറ്റ് നല്‍കിയത് പ്രവര്‍ത്തകരില്‍ അതൃപ്തിക്ക് കാരണമായെന്നും അവര്‍ പറയുന്നു.
നേരത്തെ, ഹലാഡി ശ്രീനിവാസ് ബി.ജെ.പിക്കു വേണ്ടി പത്രിക സമര്‍പ്പിച്ചപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു.

chandrika: