ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി(പകരക്കാരെ ഉപയോഗിച്ച്) വോട്ടിന് അവസരം ഒരുക്കുന്ന നിയമ ഭേദഗതി ബില്‍ ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി മുമ്പാകെയാണ് കേന്ദ്ര നിയമമന്ത്രാലയം തീരുമാനം അറിയിച്ചത്. ഇ തപാല്‍ വഴിയോ പ്രോക്‌സി സംവിധാനം വഴിയോ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം ഒരുക്കാമെന്ന് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രോക്‌സി വോട്ട് ആണ് കൂടുതല്‍ പ്രായോഗികം എന്നതിനാല്‍ ഈ രീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറും വ്യക്തമാക്കി. പ്രവാസി വോട്ടിന് അനുമതി നല്‍കുന്നതിന് നിയമ ഭേദഗതി ആവശ്യമില്ലെന്നും ചട്ടങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ചട്ട ഭേദഗതി മാത്രം പോരെന്നും നിയമ ഭേദഗതി തന്നെ വേണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് എത്ര സമയത്തിനകം നടപടി സ്വീകരിക്കാനാകുമെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഇ ബാലറ്റ് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയെ നിയോഗിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും പരിഗണിക്കുന്നത് ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന് നിയമ മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.കെ പാണ്ഡ്യ ആവശ്യപ്പെട്ടു. ഇത് തള്ളിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച്, 12 ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ചൂണ്ടിക്കാട്ടി ബില്‍ അവതരണം കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയേക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് കേസ് വീണ്ടും പരിഗണിക്കുന്നതിന് കേന്ദ്രം ആറു മാസത്തെ സാവകാശം ആവശ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍.