X

കോവിഡില്‍ മുങ്ങി പ്രീമിയര്‍ ലീഗ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഭീഷണിയായി വീണ്ടും കോവിഡ് വ്യാപനം. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ടോട്ടനം-ലെസ്റ്റര്‍ സിറ്റി മത്സരവും ശനിയാഴ്ച നടക്കേണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബ്രൈറ്റന്‍ മത്സരവും മാറ്റിവച്ചു. ടീമിനെ ഇറക്കാനാകാത്ത അവസ്ഥയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിനെ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ കോവിഡ് കാരണം അഞ്ച് ലീഗ് മത്സരങ്ങളാണ് മാറ്റിവച്ചത്.

ടോട്ടനത്തിന്റെ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരവും കോവിഡ് കാരണം മാറ്റിവച്ചിരുന്നു. മത്സരങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോവിഡ് വ്യാപനം അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് താല്‍ക്കാലികമായി ഉടന്‍ നിര്‍ത്തിവെക്കണമെന്ന കാര്യത്തില്‍ ടീമുകള്‍ തമ്മില്‍ ഭിന്നത തുടരുകയാണ്. ശനി, ഞായര്‍ ദിവസത്തേക്കായി ഷെഡ്യൂള്‍ ചെയ്ത 10ല്‍ അഞ്ച് മത്സരങ്ങളും മാറ്റി. ഇതോടെ ഈ ആഴ്ച മാറ്റിയ മത്സരങ്ങളുടെ എണ്ണം 9 ആയി. ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച പ്രീമിയര്‍ ലീഗ് അധികൃതര്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ടീം കോച്ചുമാരും ചെയര്‍മാന്‍മാരും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഏതാനും ചില ക്ലബ്ബുകള്‍ മാത്രം കളിക്കുന്നത് ഗുണകരമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ പെട്ടെന്ന് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. അടുത്ത ആറാഴ്ചത്തേക്ക് പ്രീമിയര്‍ ലീഗില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

മത്സരങ്ങള്‍ മാറ്റി വെക്കുന്ന കാര്യത്തില്‍ വ്യക്തതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഴ്‌സണല്‍ കോച്ച് മൈക്കല്‍ ആര്‍ട്ടേറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രീമിയര്‍ ലീഗിന്റെ ഭാവി സംബന്ധിച്ച് തീരുമാനം ഉണ്ടാവണമെന്നാണ് ന്യൂകാസില്‍ കോച്ച് എഡ്ഡീ ഹോവിന്റെ അഭിപ്രായം. എന്നാല്‍ ടീമുകള്‍ മത്സരത്തിന്റെ കാര്യത്തില്‍ കുറച്ചു കൂടി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും പെട്ടെന്ന് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് അഭിപ്രായപ്പെടുന്നത്. സാധ്യമായ അത്രയും മത്സരങ്ങള്‍ കളിക്കണമെന്നാണ് ക്രിസ്റ്റല്‍ പാലസ് ചെയര്‍മാന്‍ സ്റ്റീവ് പാരിഷ് പറയുന്നത്. പല ടീമുകളിലേയും കളിക്കാരും കോച്ചിങ് സ്റ്റാഫും കോവിഡിന്റെ പിടിയിലാണ്.

ബ്രെന്റ്‌ഫോഡ്;ടീമിലെ 13 കളിക്കാരും കോച്ചിങ് സാറ്റാഫും ഇതിനോടകം കോവിഡിന്റെ പിടിയിലായിട്ടുണ്ട്. കളിക്കാര്‍ രോഗമുക്തി നേടുന്നതുവരെ താല്‍ക്കാലികമായി പ്രീമിയര്‍ ലീഗ് തന്നെ നിര്‍ത്തിവെക്കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. ടീമിന്റെ പരിശീലന ഗ്രൗണ്ട് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് സതാംപ്ടണുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

ലെസ്റ്റര്‍ സിറ്റി ;വ്യാഴാഴ്ച ടോട്ടനവുമായുള്ള മത്സരം കോവിഡ് കാരണം മാറ്റിവെച്ചു. പരിശീലനത്തിനുള്ള മൈതാനും വ്യാഴാഴ്ചയോടെ പൂട്ടി. കളിക്കാനാവശ്യമായ കളിക്കാര്‍ കോവിഡ് മുക്തരാണെങ്കിലും എവര്‍ട്ടണുമായുള്ള മത്സരവും മാറ്റിയിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടീമില്‍ എത്രപേര്‍ക്ക് കോവിഡ് പിടിപെട്ടു എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ബ്രെന്റ്‌ഫോഡുമായുള്ള മത്സരം മാറ്റി. ശനിയാഴ്ച ബ്രൈറ്റനുമായുള്ള മത്സരവും മാറ്റി. നിലവില്‍ ഏഴു കളിക്കാര്‍ മാത്രമാണ് കോവിഡ് മുക്തരമായി ടീമിലുള്ളതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ടീമിന്റെ പരിശീലന കോംപ്ലക്‌സ് ചൊവ്വാഴ്ച വരെ അടച്ചു പൂട്ടിയിരിക്കുകയാണ്.

ബ്രൈറ്റന്‍;ബുധനാഴ്ച വോള്‍വ്‌സുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ക്ലബ്ബിന്റെ അപേക്ഷ പ്രീമിയര്‍ ലീഗ് ചെവികൊണ്ടില്ല. മൂന്ന്-നാല് മുന്‍നിര താരങ്ങള്‍ കോവിഡ് പിടിയിലായതു കാരണം മത്സരം തോല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററുമായി ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മാറ്റി.

നോര്‍വിച്ച്;ടീമില്‍ നിലവില്‍ ക്രിസ്‌റ്റോസ് സോളിസ് മാത്രമാണ് കോവിഡ് പോസിറ്റീവായുള്ളത്. എങ്കിലും വെസ്റ്റ്ഹാമുമായുള്ള ഇന്നലത്തെ മത്സരം മാറ്റിവെച്ചു.

വാറ്റ്‌ഫോഡ്;ബേണ്‍ലിയുമായുള്ള മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ മാറ്റി. പരിശീലന മൈതാനം അടച്ചു പൂട്ടി. ക്രിസ്റ്റല്‍പാലസുമായുള്ള ഹോം മത്സരവും മാറ്റി. എത്ര പേര്‍ക്ക് ടീമില്‍ കോവിഡ് പിടിപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. എന്നാല്‍ ക്രിസ്റ്റല്‍ പാലസുമായി കളിക്കാന്‍ മതിയായ കളിക്കാരില്ലാത്തതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ടോട്ടനം;ഒമിക്രോണ്‍ ആദ്യം വലച്ച ക്ലബ്ബുകളിലൊന്ന് ടോട്ടനം ആണ്. ബ്രൈറ്റന്‍, റെന്നസ് മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു. മിക്ക കളിക്കാരും 10 ദിവസത്തെ ഐസോലേഷനിലാണ്. വ്യാഴാഴ്ച ലെസ്റ്ററുമായുള്ള മത്സരം മാറ്റണമെന്ന ആവശ്യം ആദ്യം നിരാകരിക്കപ്പെട്ടെങ്കിലും പിന്നീട് അംഗീകരിച്ചു.

ചെല്‍സി;ഒമിക്രോണ്‍ വകഭേദം കിരീട പോരാട്ടത്തിലേക്ക് വഴി തടസ്സമാകുമോ എന്ന ഭീതിയിലാണ് ചെല്‍സി. എവര്‍ട്ടണുമായുള്ള മത്സരത്തിനു തൊട്ടു മുമ്പ് നാലു കളിക്കാര്‍ പോസിറ്റീവായി. കോവാചിച്ച്, റൊമേലു ലുകാകു, ഹഡ്‌സണ്‍ ഒഡോയി, വാര്‍നര്‍, ബെന്‍ ചില്‍വെല്‍ എന്നിവരെല്ലാം കോവിഡ് പിടിയിലാണ്. കോവിഡ് കഴിഞ്ഞ ദിവസം എവര്‍ട്ടണുമായുള്ള മത്സരം 1-1ന് സമനിലയിലാവാന്‍ കാരണമായതായും ക്ലബ്ബ് കരുതുന്നു.

ലിവര്‍പൂള്‍;ന്യൂകാസിലുമായി വ്യാഴാഴ്ച മത്സരത്തിന് തൊട്ടു മുമ്പാണ് ഫാബിഞ്ഞോ, കര്‍ട്ടിസ് ജോണ്‍സ്, വിര്‍ദില്‍ വാന്‍ ഡിക് എന്നിവര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മത്സരം 3-1ന് ലിവര്‍പൂള്‍ ജയിക്കുകയും ചെയ്തു.

 

 

 

web desk 3: