X

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വിലവര്‍ധന;വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 100 മുതല്‍ 150 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനവുണ്ടായത്. ചില്ലറവില കിലോക്ക് 10 മുതല്‍ 12 രൂപവരെയാണ് കൂടിയത്. ജയ അരിക്കാണ് വിപണിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായത്. കിലോക്ക് 56-60 രൂപയാണ് മൊത്തവിതരണ കേന്ദ്രത്തിലെ വില. ഒരാഴ്ചയ്ക്കിടെ പത്ത് രൂപയാണ് കൂടിയത്. ചില്ലറ വില്‍പനക്കാരിലെത്തുമ്പോള്‍ അഞ്ച് രൂപയോളം വീണ്ടുംകൂടും. പൊന്നി അരിയ്ക്ക് കിലോയ്ക്ക് 42 രൂപയായിരുന്നത് നിലവില്‍ 47രൂപയിലെത്തി. 45 രൂപയായിരുന്ന ഒരു കിലോ മട്ട അരിക്ക് 59 രൂപയായി. ബോധന, കുറുവ അരിവിലയും ഗണ്യമായി കൂടിയിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതോടെ ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. രണ്ട് മാസമെങ്കിലും വില ഉയര്‍ന്നു നില്‍ക്കുമെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തവിതരണ വ്യാപാരികള്‍ പറയുന്നത്. അതേസമയം, അരി വില കൂടിയിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

അരിവിലയ്ക്ക് പിന്നാലെ പച്ചക്കറി വിലയും കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റുന്ന സ്ഥിതിയാണ്. ഉള്ളിവിലയാണ് വലിയ തോതില്‍ കൂടിയത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഉള്ളി മൊത്തവില കിലോക്ക് 25.50 രൂപയാണ്. 18.20 രൂപയുണ്ടായിരുന്നതാണ് ഏഴു രൂപയോളം ഒറ്റയടിക്ക് കൂടിയത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് എട്ട് രൂപ വര്‍ധിച്ച് 30ആയി. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. ചില്ലറ വില്‍പനയിലെത്തുമ്പോള്‍ 55-60 രൂപയാകും. ഉള്ളി വില വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂട്ടി തുടങ്ങിയിട്ടുണ്ട്. ദീപാവലി സീസണും ജൂലൈയില്‍ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് ഉള്ളിയടക്കമുള്ള പച്ചക്കറികളുടെ വിലവര്‍ധനക്ക് കാരണമായി പറയുന്നത്. ഉള്ളിവില പിടിച്ചുനിര്‍ത്തുന്നതിനായി നേരത്തെ സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിട്ടില്ല. ബീറ്റ്‌റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതല്‍ 10 രൂപയുടെ വര്‍ധനയുണ്ട്.

ഉപ്പ്, മുളക്, പയറിനങ്ങള്‍ എന്നിവക്കും വില വര്‍ധിച്ചതോടെ അടുക്കളക്ക് തീപിടിക്കുന്ന അവസ്ഥയാണ്. ചെറുപയര്‍ വില ജൂലൈയില്‍ 98 ആയിരുന്നത് 109 ആയാണ് ഉയര്‍ന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ നിത്യേപയോഗ ഭക്ഷ്യ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. വറ്റല്‍മുളക് വില കിലോക്ക് 320ലെത്തി. ഉപ്പിനു പോലും മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി. അലക്ക്, ബാത്ത് സോപ്പുകള്‍ക്ക് 40 മുതല്‍ 100 ശതമാനം വരെ വിലവര്‍ധനവാണുണ്ടായിരിക്കുന്നത്.

web desk 3: