X

സപ്ലൈകോയിൽ അവശ്യ സാധനങ്ങൾക്ക് തീവില; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം ഫെബ്രുവരി 17 ന്

കോഴിക്കോട്: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിനെതിരെ സപ്ലൈകോ ഷോപ്പുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. ഫെബ്രുവരി 17 ന് പഞ്ചായത്ത് / മുൻസിപ്പൽ / മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി നടക്കുക.

13 ഇനം സാധനങ്ങൾക്ക് പൊതുവിപണിയിൽ നിന്നും 70% വിലക്കുറവിൽ ലഭ്യമായിരുന്നത് 35%മായാണ് ഇടത് സർക്കാർ കുറച്ചത്. ഇതാണ്  സാധനങ്ങൾക്ക് വലിയ വില വർധനവിന് കാരണമായത്. നിത്യോപയോഗമായ അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവക്കാണ് വില വർധിപ്പിച്ചത്. സംസ്ഥാനത്തെ പല സപ്ലൈകോ ഓഫീസുകളിലും അവശ്യ വസ്തുക്കൾ കിട്ടാതെ ജനം വലഞ്ഞിരുന്നു. സാധനങ്ങൾ സ്റ്റോക്കില്ല എന്ന ബോർഡു വെക്കുന്ന തിരക്കിലായിരുന്നു ജീവനക്കാർ. എന്നാൽ ഇന്ന് ലഭ്യമാകുന്ന സാധനങ്ങൾക്ക് ഭീമമായ വില നൽകേണ്ട സാഹചര്യം പൊതുജനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അവശ്യവസ്തുക്കൾക്ക് വില കൂട്ടില്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന പിണറായി സർക്കാർ വലിയ വെല്ലുവിളിയാണ് ജനങ്ങളോട് നടത്തുന്നതെന്ന് അദ്ദേഹം തുടർന്നു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ ഒരുങ്ങുകയാണ് മുസ്‌ലിം യൂത്ത് ലീഗ്. അതിൻ്റെ ആദ്യ ഘട്ടമായി ഫിബ്രുവരി 17 ന് നടത്തുന്ന പ്രതിഷേധം വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ഫിറോസ് അഭ്യർത്ഥിച്ചു.

webdesk14: