പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും . ശനിയാഴ്ച കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂര്‍ക്ക് തിരിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദന്‍ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക.