X

പ്രധാനമന്ത്രി പദം: മോദിയേക്കാള്‍ രാഹുലിനോട് പ്രിയമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: രാഹുലിന് പ്രിയമേറി വരുന്നെന്നും മോദിയോട് താല്‍പ്പര്യം കുറയുന്നെന്നും സര്‍വ്വേ. രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലും പ്രധാനമന്ത്രിപദത്തിലേക്കു കൂടുതല്‍ സ്വീകാര്യതയുള്ള നേതാവായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറിയതായാണ് സര്‍വേ ഫലം. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുലിനെ പ്രിയമുള്ള നേതാവായി കണ്ടെത്തിയിരിക്കുന്നത്.

പട്ടികജാതിക്കാര്‍ക്കിടയില്‍ 44 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെട്ടത്. 41 ശതമാന പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. ജനുവരിക്കു ശേഷം പട്ടികജാതിക്കാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതിയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സര്‍വ്വേയില്‍ പറയുന്നു. ഇതേ കാലയളവില്‍ മോദിയുടെ പിന്തുണ ആറു ശമതാനം ഇടിഞ്ഞതായും സര്‍വേ പറയുന്നു.

മുസ്ലിംകളിലെ 61 ശതമാനവും രാഹുലിനെയാണ് പ്രധാനമന്ത്രിപദത്തിലേക്കു പിന്തുണച്ചത്. ജനുവരിയില്‍ ഇത് 57 ശതമാനമായിരുന്നു. പതിനെട്ടു ശതമാനമാണ് മോദിക്കു മുസ്ലിംകള്‍ക്കിടയിലെ പിന്തുണ. ജനുവരിയേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. അതേസമയം, എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു പരിഗണിക്കുമ്പോള്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ് മോദി. മോദിയുടെ പിന്തുണ 52 ശതമാനത്തിലെത്തിയപ്പോള്‍ രാഹുലിന്റേത് 33 ശതമാനമാണ്.

എന്നാല്‍, പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് ടൈംസ് നൗവും വിഎംആറും സംഘടിപ്പിച്ച സര്‍വേ ഫലത്തില്‍ പറയുന്നു. മോദിയുടെ മൂല്യം 7 ശതമാനം വര്‍ധിച്ചതായാണ് ഫലം.

സര്‍വ്വേ പ്രകാരം ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 52 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നു. 27 ശതമാനം മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത്. പ്രാദേശിക നേതാക്കള്‍ക്കു ലഭിച്ച വോട്ട് 7.3 ശതമാനം. ജനുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ 44.4 ശതമാനം പിന്തുണയായിരുന്നു മോദിക്കു ലഭിച്ചത്. 30 ശതമാനം രാഹുലിനും 13.8 ശതമാനം വോട്ടുകള്‍ പ്രാദേശിക നേതാക്കള്‍ക്കും ലഭിച്ചു.

chandrika: