X

വയനാട്ടിലേക്കുള്ള വരവ് വികാരഭരിതം, നിങ്ങളാണ് ഞങ്ങളുടെ കുടുംബം -പ്രിയങ്ക ഗാന്ധി

കല്‍പറ്റ: വയനാട്ടിലേക്കുള്ള തന്റെയും സഹോദരന്‍ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അവര്‍ അയോഗ്യനാക്കിയതെന്നും അവര്‍ പറഞ്ഞു.

കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോക്കുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. ബി.ജെ.പി നമ്മുടെ ജനാധിപത്യത്തെ തലകീഴായി മറിച്ചു. പ്രധാനമന്ത്രി ദിവസവും വസ്ത്രധാരണ രീതി മാറ്റുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതശൈലിയില്‍ ഒരു മാറ്റവുമില്ല. അവര്‍ ജോലിക്കായി പ്രയാസപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം താന്‍ രാഹുലിന്റെ വീട് ഒഴിയുന്നതില്‍ സഹായിച്ചിരുന്നു. അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് തണലായി ഭര്‍ത്താവും മക്കളുമുണ്ടായപ്പോള്‍ രാഹുലിനെ സഹായിക്കാന്‍ സ്വന്തക്കാരായി ആരുമില്ല. അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാര്‍ നമ്മുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാല്‍ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നാട്ടിലെ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യുന്നത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും ഭരണകൂടങ്ങളുടെ അനീതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ് ഈ മനുഷ്യനെ ഭരണപക്ഷ അംഗങ്ങള്‍ വളഞ്ഞിട്ട് അപഹസിക്കാന്‍ കാരണമെന്നും പറഞ്ഞു. ‘നമ്മുടെ രാജ്യം പടുത്തുയര്‍ത്തപ്പെട്ടത് സമത്വം, നീതി, ജനാധിപത്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമായ സത്യഗ്രഹങ്ങളിലാണ് നാം തുടങ്ങിയത്. ഇന്നലെ ചില ബി.ജെ.പി നേതാക്കള്‍ പറഞ്ഞു: ഒരു വ്യക്തിയുടെ പ്രശ്‌നം കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നുവെന്ന്. എന്നാല്‍ ഇതല്ല എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്, അത് മറ്റാരുമല്ല… ഗൗതം അദാനിയാണ്’ പ്രിയങ്ക വിമര്‍ശിച്ചു.

നമ്മുടെ രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. ഏത് എതിര്‍ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളടക്കം ഭരണകൂടം അവരുടെ ബിസിനസ് സുഹൃത്തുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

webdesk14: