Connect with us

india

വയനാട്ടിലേക്കുള്ള വരവ് വികാരഭരിതം, നിങ്ങളാണ് ഞങ്ങളുടെ കുടുംബം -പ്രിയങ്ക ഗാന്ധി

രു ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അവര്‍ അയോഗ്യനാക്കിയത്‌

Published

on

കല്‍പറ്റ: വയനാട്ടിലേക്കുള്ള തന്റെയും സഹോദരന്‍ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അവര്‍ അയോഗ്യനാക്കിയതെന്നും അവര്‍ പറഞ്ഞു.

കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോക്കുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. ബി.ജെ.പി നമ്മുടെ ജനാധിപത്യത്തെ തലകീഴായി മറിച്ചു. പ്രധാനമന്ത്രി ദിവസവും വസ്ത്രധാരണ രീതി മാറ്റുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതശൈലിയില്‍ ഒരു മാറ്റവുമില്ല. അവര്‍ ജോലിക്കായി പ്രയാസപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം താന്‍ രാഹുലിന്റെ വീട് ഒഴിയുന്നതില്‍ സഹായിച്ചിരുന്നു. അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് തണലായി ഭര്‍ത്താവും മക്കളുമുണ്ടായപ്പോള്‍ രാഹുലിനെ സഹായിക്കാന്‍ സ്വന്തക്കാരായി ആരുമില്ല. അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാര്‍ നമ്മുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാല്‍ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നാട്ടിലെ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യുന്നത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും ഭരണകൂടങ്ങളുടെ അനീതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ് ഈ മനുഷ്യനെ ഭരണപക്ഷ അംഗങ്ങള്‍ വളഞ്ഞിട്ട് അപഹസിക്കാന്‍ കാരണമെന്നും പറഞ്ഞു. ‘നമ്മുടെ രാജ്യം പടുത്തുയര്‍ത്തപ്പെട്ടത് സമത്വം, നീതി, ജനാധിപത്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമായ സത്യഗ്രഹങ്ങളിലാണ് നാം തുടങ്ങിയത്. ഇന്നലെ ചില ബി.ജെ.പി നേതാക്കള്‍ പറഞ്ഞു: ഒരു വ്യക്തിയുടെ പ്രശ്‌നം കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നുവെന്ന്. എന്നാല്‍ ഇതല്ല എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്, അത് മറ്റാരുമല്ല… ഗൗതം അദാനിയാണ്’ പ്രിയങ്ക വിമര്‍ശിച്ചു.

നമ്മുടെ രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. ഏത് എതിര്‍ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളടക്കം ഭരണകൂടം അവരുടെ ബിസിനസ് സുഹൃത്തുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിന്ദുത്വം പ്രസംഗിക്കുന്നവര്‍ ശ്രാവണ മാസത്തില്‍ കഴിക്കുന്നത് ബീഫ് കട്‌ലറ്റും മദ്യവും; ബി.ജെ.പി പ്രസിഡന്റിന്റെ മകനെതിരെ ശിവസേന

സങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലില്‍ നിന്ന് ബീഫ് കട്‌ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്.

Published

on

മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലേയുടെ മകന്‍ സങ്കേത് ബവന്‍കുലേക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവുത്ത്. ശ്രാവണ മാസത്തിലും ഗണപതി ഉത്സവത്തിലും ഹിന്ദുത്വം പ്രസംഗിക്കുന്നവര്‍ ബീഫ് കഴിക്കുന്നത് ആളുകള്‍ക്ക് സ്വീകാര്യമാണോ എന്നായിരുന്നു റാവുത്തിന്റെ ചോദ്യം. സങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലില്‍ നിന്ന് ബീഫ് കട്‌ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്. ലാ ഹോറി ഹോട്ടലില്‍ നിന്നുള്ള ബില്ലില്‍ മദ്യത്തിനൊപ്പമാണ് സംഘം ബീഫ് കഴിച്ചതെന്നും റാവുത്ത് പറഞ്ഞു.

നാഗ്പൂരിലെ ക്രമസമാധാന പ്രശ്‌നത്തെയും റാവുത്ത് രൂക്ഷമായി വിമര്‍ശിച്ചു. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം സങ്കേതും സംഘവും സഞ്ചരിച്ച കാര്‍ അപകടമുണ്ടാക്കിയിരുന്നു. പതിനെട്ട് പേരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഒരു സാധാരണക്കാരനാണ് ഇത്തരത്തിലൊരു അപകടം വരുത്തി വെച്ചത് എങ്കില്‍ പൊലീസ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അയാളെ റോഡിലുടെ പരേഡ് ചെയ്യിക്കുമായിരുന്നു എന്നും റാവുത്ത് വിമര്‍ശിച്ചു.

മറ്റെന്തിനേക്കാളും റോഡ് സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സങ്കേതിന് പൊലീസ് സംരക്ഷണം നല്‍കുകയാണ്.ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദര്‍ ഫഡ്‌നാവിസ് വലിയ പരാജയമാണെന്നും റാവുത്ത് ആരോപിച്ചു. ഫഡ്‌നാവിന്റെ കാലത്ത് മുംബൈയിലെ ക്രമസമാധാനം താറുമാറായി. ഇത്തരത്തിലൊരു അവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു ആഭ്യന്തരമന്ത്രിയെ ചുമക്കേണ്ട ഗതികേടിലാണ് സംസ്ഥാനം. മഹാരാഷ്ട്ര ഫഡ്‌നാവിസിന് ഒരിക്കലും മാപ്പുനല്‍കില്ലെന്നും റാവുത്ത് ഓര്‍മപ്പെടുത്തി.

അപകടത്തില്‍ പൊലീസ് എഫ്.ഐ.ആറില്‍ വാഹന ഉടമയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അപകടം നടന്നയുടന്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. അയാളെ സംരക്ഷിക്കുകയാണ് എല്ലാവരും ചേര്‍ന്ന്. എന്തുതരത്തിലുള്ള ക്രമസമാധാന പാലനമാണിത്. -റാവുത്ത് ചോദിച്ചു. അതേസമയം സ?ങ്കേതും സംഘവും ഭക്ഷണം കഴിച്ച ഹോട്ടലില്‍ ബീഫ് വിളമ്പുന്നില്ലെന്നും ചിക്കന്റെയും മട്ടന്റെയും പ്രത്യേക വിഭവങ്ങളാണ് അവിടെ തയാറാക്കുന്നത് എന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. മെനുവില്‍ ബീഫ് വിഭവങ്ങളില്ലെന്നും ബി.ജെ.പി അധികൃതര്‍ പറയുന്നു.

തിങ്കളാഴ്ചയാണ് സങ്കേത് അമിത വേഗതയില്‍ ഓടിച്ച ഓഡി കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. ബി.ജെ.പി നേതാവിന്റെ മകന്റെ അശ്രദ്ധമായ പെരുമാറ്റത്തിന് നേരെ കണ്ണടച്ച് നാല് വര്‍ഷം പഴക്കമുള്ള കേസില്‍ അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്യാന്‍ ഫഡ്നാവിസ് ശ്രമിക്കുന്നത് എങ്ങനെയാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

india

‘പിടി ഉഷ വന്നത് ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം.

Published

on

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് ഭാരപരിശോധനയെ തുടര്‍ന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ലെന്നും, ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും, എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാ?ല ശാരീരികസ്വസ്ഥതകളെ തുടര്‍ന്ന് വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ വിനേഷ് ഫോഗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.

‘എനിക്ക് അവിടെ എന്ത് പിന്തുണയാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം സംഭവിച്ചു. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത്. ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും പറയുന്നുണ്ട്, പക്ഷെ ഞാന്‍ എന്തിന് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്’ വിനേഷ് പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രീതിയില്‍ പി.ടി ഉഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ വിനീഷ് പ്രതിഷേധിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാര്‍ഗമല്ലത്. പി.ടി ഉഷയുടെ വെറും ഷോ മാത്രമാണതെന്നും വിനേഷ് ആരോപിച്ചു.

‘നിങ്ങള്‍ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. എനിക്ക് പിന്തുണയുമായി നില്‍ക്കുന്ന എല്ലാവരേയും കാണിക്കാന്‍ വേണ്ടി, ഒരു ഫോട്ടോ ക്ലിക്കുചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ എന്നോടൊപ്പമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്നത് ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയല്ല. എന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നിങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.

അതാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ് പറഞ്ഞു. ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യത പ്രഖ്യാപിച്ചതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹരജി കായിക തര്‍ക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ് വിനേഷ് ഫോഗട്ട്.

Continue Reading

india

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് വാസ്‌ഗോ ഡ ഗാമയല്ല; ഗുജറാത്ത് വ്യാപാരിയെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി

ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.

Published

on

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയല്ലെന്നും ഇന്ത്യക്കാരനായ വ്യാപാരിയായ ചന്ദന്‍ ആണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഇന്ദര്‍ സിങ് പാമര്‍. ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.

ഇന്ത്യക്കാരനായ ചന്ദന്‍ എന്ന വ്യാപാരിയാണ് ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് എന്ന് പറഞ്ഞ മന്ത്രി അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് അല്ലെന്നും വസുലന്‍ എന്ന ഇന്ത്യന്‍ നാവികനാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഏറേക്കാലം കൊളോണിയല്‍ ഭരണത്തിന് കീഴിലാക്കിയ ബ്രിട്ടീഷുകാര്‍ രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്ന് പറഞ്ഞ മന്ത്രി അവര്‍ ചരിത്രം വളച്ചൊടിച്ചെന്നും തന്റെ പ്രസംഗത്തിലൂടെ ആരോപിച്ചു.

‘പൂര്‍വ്വകാല ചരിത്രകാരന്മാര്‍ ചരിത്രം വളച്ചൊടിച്ചതിന്റെ രണ്ട് മിത്തുകളുടെ ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്ക് വെക്കാം. അവര്‍ എഴുതിവെച്ച ചരിത്രത്തില്‍ വാസ്‌കോഡ ഗാമയാണ് ഇന്ത്യയിലേക്കുള്ള കടല്‍ മാര്‍ഗമുള്ള വഴി കണ്ടുപിടിച്ചതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ചരിത്രകാരന്മാര്‍ ഇതൊക്കെ എഴുതുന്നതിന് മുമ്പ് വാസ്‌കോഡ ഗാമയുടെ ആത്മകഥ വായിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം അവരുടെ ശ്രദ്ധ പതിയുമായിരുന്നു.

വാസ്‌കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ കപ്പലിനേക്കാള്‍ മൂന്നോ നാലോ മടങ്ങ് വലുപ്പമുള്ള കപ്പലുണ്ടായിരുന്ന ഗുജറാത്തിലെ ചന്ദന്‍ എന്ന ഇന്ത്യന്‍ കടല്‍ വ്യാപാരിയെ പിന്തുടരുക മാത്രമാണ് ഗാമ ചെയ്തത്. അമേരിക്ക ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കണ്ടുപിടിച്ചതെന്ന കാര്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടേ യാതൊരു ആവശ്യവുമില്ലായിരുന്നു.

അതിന് പകരം കൊളംബസ് എങ്ങനെയാണ് അവിടുത്ത പ്രാദേശിക ജനങ്ങളെ ചൂഷണം ചെയ്തതെന്നായിരുന്നു നമ്മളെ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇന്ത്യന്‍ നാവികനായ വസുലന്‍ എട്ടാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ എത്തുകയും സാന്‍ ഡീഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തിരുന്നു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂര്‍വ്വികര്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം,’ പാമര്‍ പറഞ്ഞു.

അമേരിക്കന്‍ ചരിത്രത്തിലും ഇന്ത്യന്‍ ചരിത്രത്തിലും തെറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഒളിമ്പിക്സ് ചരിത്രത്തിലും തിരുത്തലുകള്‍ ഉണ്ടെന്ന് പര്‍മര്‍ ആരോപിച്ചു. ‘2800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒളിമ്പിക്സില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് സ്പിരിറ്റും ആരംഭിച്ചതെന്നാണ് ചരിത്രത്തില്‍ പറയുന്നു.
എന്നാല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നടന്ന ഗവേഷണത്തില്‍ 5500 വര്‍ഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആധുനിക ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ നമ്മുടെ പൂര്‍വ്വികര്‍ക്ക് സ്‌പോര്‍ട്‌സിനെക്കുറിച്ചും സ്റ്റേഡിയങ്ങളെക്കുറിച്ചും ധാരണയുണ്ടായിരുന്നു എന്ന് തന്നെയാണ്, പാര്‍മര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നമ്മുടെ പാഠപുസ്തകങ്ങളിലും മറ്റ് പാഠ്യപദ്ധതികളിലും രേഖപ്പെടുത്തിയ തെറ്റിദ്ധാരണാജനകമായ വസ്തുതകളില്‍ വീണ്ടും പഠനം നടത്തി ആ തെറ്റുകള്‍ തിരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമെന്നും പാമര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മോഹന്‍ യാദവിനെയും ഗവര്‍ണര്‍ മംഗുഭായ് സി പട്ടേലിന്റെയും സാന്നിധ്യത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന.

Continue Reading

Trending