X
    Categories: keralaNews

സാധ്യതാ ലിസ്റ്റുകള്‍ വൈകിപ്പിക്കുന്നു; സമരം ഭയന്ന് റാങ്ക് പട്ടികകളില്‍ ആളെ കുറയ്ക്കാന്‍ പി.എസ്.സി

തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരു തസ്തികകളുടെയും റാങ്ക് പട്ടികകള്‍ റദ്ദായിരുന്നു. പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും സാധ്യത പട്ടികകള്‍ പുറത്ത് വിടാന്‍ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല.

ഒഴിവുകള്‍ തിട്ടപ്പെടുത്തിയ ശേഷം അതിന് അനുപാതികമായി മാത്രം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. കഴിഞ്ഞ എല്‍.ഡി.സി, എല്‍.ജി.എസ് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. വലിയ തോതിലുള്ള സമരങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചതില്‍ നിന്നുള്ള ഭയപ്പാടാണ് ഇപ്പോഴത്തെ നീക്കത്തിന്് പിന്നില്‍.

സാധ്യതാ ലിസ്റ്റില്‍ ആളെകുറച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും. പത്താംതരം, പ്ലസ്ടു, ബിരുദ നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പൊതുപരീക്ഷയാണ് പി.എസ്.സി നടത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചാല്‍ അതിലേക്ക് പോകുകയും താഴ്ന്ന തസ്തികകള്‍ ആളില്ലാതെ റദ്ദാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നത്. ഫോഴ്‌സ് തസ്തികകളിലടക്കം ഇരുന്നോറോളം വിഭാഗങ്ങളിലേക്കാണ് പി.എസ്.സി പൊതു പരീക്ഷയും മെയിന്‍ പരീക്ഷയും നടത്തിയത്. റാങ്ക് പട്ടികയുടെ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കുന്നത് മിക്കവാറും ഒരേ ഉദ്യോഗാര്‍ഥികളായിരിക്കും. ഇതോടെ എന്‍.ജെ.ഡി ഒഴിവുകള്‍ വര്‍ധിക്കുകയും ആളില്ലാതെ റാങ്ക് പട്ടികകള്‍ റദ്ദാവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി.

ഒഴിവുകള്‍ യഥാസമയം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടര്‍ന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടി പ്രഹരമാകും. ഒരു തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് ലിസ്റ്റിലെ നിയമന ശിപാര്‍ശ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തിയാണ് ലിസ്റ്റുകളില്‍ ആളെ നിശ്ചയിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ എല്‍.പി, യു.പി ടീച്ചര്‍ തസ്തിക നേരത്തെ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിച്ചിരുന്നു.

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തി അറിയിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ അറിയിക്കുന്നത് കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ സാധ്യതപട്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനമാകുമ്പോഴും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിവിധ ജില്ലകളിലായി ഇതുവരെ 1567 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നും അവയിലെല്ലാം താല്‍ക്കാലികക്കാരെ തിരികി കയറ്റുകയാണെന്നും ആക്ഷേപമുണ്ട്.

 

Chandrika Web: