X

വാലാട്ടികളാകുന്ന ചാനല്‍ തൂണുകാര്‍-എഡിറ്റോറിയല്‍

ഇറാഖിലെ തെരുവില്‍ അപ്പാഷെ ഹെലികോപ്ടര്‍ ഉപയോഗിച്ച് അമേരിക്കന്‍ സേന സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ലോകത്തിന് മുന്നിലെത്തിച്ചത് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയാണ്. 39 മിനുട്ട് ദൈര്‍ഘ്യമുള്ള ആ വീഡിയോ കണ്ട് ലോകം ഞെട്ടി. യു.എസ് സേന രഹസ്യമായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് വീഡിയോകളിലും രേഖകളിലും ഒന്ന് മാത്രമായിരുന്നു അത്. ഇറാഖിലും അഫ്ഗാനിസ്താനിലും ഗ്വാണ്ടനാമോ തടവറയിലും അമേരിക്ക നടത്തിയ അതിഭീകര മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ലക്ഷത്തോളം രേഖകള്‍ വേറെയും വിക്കിലീക്‌സ് പുറത്തുവിട്ടു. മനുഷ്യാവകാശ ചരിത്രത്തിലെ വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന രഹസ്യ ചോര്‍ച്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അസാന്‍ജെ അമേരിക്കയുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും കണ്ണില്‍ കൊടും കുറ്റവാളിയാണ്. അമേരിക്കയുടെ ഭീകരമുഖം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയ അദ്ദേഹത്തെ പിന്തുണക്കാനും പ്രകീര്‍ത്തിക്കാനും വന്‍ശക്തികളാരും മുന്നോട്ടുവന്നില്ല. രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ് അസാന്‍ജിനെ കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ആയുഷ്‌കാല തടവറയാണ് യു.എസില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്.

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിക്കിലീക്‌സും സ്ഥാപകന്‍ അസാന്‍ജും ചില താരതമ്യങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ ചോര്‍ത്തിയത് റഷ്യന്‍ രേഖകളായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അസാന്‍ജിനെ മനുഷ്യാവകാശത്തിന്റെ കാവല്‍ഭടനായി വാഴ്ത്താനും നിലംതൊടാതെ കൊണ്ടുനടക്കാനും പാശ്ചാത്യ ശക്തികള്‍ മത്സരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെയും ധീരതയേയും ലോകമാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ ആഘോഷിക്കും. അസാന്‍ജ് ചോര്‍ത്തിയത് അമേരിക്കന്‍ രേഖകളും അതില്‍നിന്ന് ഉറ്റിവീഴുന്ന ചോര വെള്ളക്കാരന്റേത് അല്ലെന്നതുകൊണ്ടുമാണ് അദ്ദേഹം തെരുവു പട്ടിയെപ്പോലെ വേട്ടയാടുന്നത്. ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും സിറിയയിലും ലക്ഷക്കണക്കിന് ആളുകള്‍ നിര്‍ദയം കൊല്ലപ്പെട്ടപ്പോള്‍ കണ്ടിട്ടില്ലാത്ത മനുഷ്യാവകാശം ഒരു യൂറോപ്യന്‍ രാജ്യത്ത് ബാധകമാകുന്നതിന്റെ യുക്തി ചില മുന്‍വിധികളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടതില്ല.

ഇനി ഇന്ത്യയിലേക്ക് മടങ്ങാം. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പുതുതായി ഡല്‍ഹിയിലും ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ ഉരുണ്ടു നീങ്ങുകയാണ്. അനധികൃതമെന്ന് മുദ്ര കുത്തി ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥാപനങ്ങളും കടകളുമാണ് ഇടിച്ചുനിരത്തുന്നത്. പക്ഷേ, അതിനെതിരെ പ്രതികരിക്കാനോ ചര്‍ച്ച നടത്താനോ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന പലരെയും മുന്നോട്ടു കാണുന്നില്ല. നടന്‍ ദിലീപിന്റെ സ്വകാര്യതയെ വലിച്ചുകീറി പാതിരാചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ തുലയ്ക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ ഉത്തരേന്ത്യയിലെ പൊളിക്കല്‍ വാര്‍ത്തക്ക് അര മിനുട്ടിലേറെ ദൈര്‍ഘ്യം കിട്ടിയതുമില്ല. പൈങ്കിളിയിലൂടെ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഭരണകൂടത്തിന്റെ ബുള്‍ഡോസറുകളില്‍ അരഞ്ഞുതീരുന്നവരെ കാണാതെ പോയത് എന്തുകൊണ്ടാണ്? ഇടിച്ചുനിരത്തുന്നത് അനധികൃത സ്ഥാപനങ്ങളും വീടുകളുമാണെന്ന് സ്ഥാപിക്കാന്‍ ദേശീയ മാധ്യമങ്ങളില്‍ ചിലര്‍ പാടുപെടുന്നതും കണ്ടു. ബീഫ് വാങ്ങിപ്പോകുന്ന പാവപ്പെട്ടവനെ നിഷ്ഠൂരം തല്ലിക്കൊന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ആട്ടിറിച്ചിയാണോ ബീഫാണോ എന്ന ചോദ്യത്തിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ട് മാധ്യമ ധര്‍മ്മത്തിന്റെ കഴുത്തറുത്തതും മറക്കാന്‍ സമയമായിട്ടില്ല. കോട്ടിട്ട രാജാക്കന്മാരുള്ള മലയാളം ചാനലുകളും തഥൈവ. അസഭ്യം പറയുന്ന ചര്‍ച്ചക്കരാണ് അവരുടെ വിനോദം. ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ വാണ ദിനത്തില്‍ മലയാളത്തിലെ രണ്ട് പ്രബല ചാനലുകളിലെ ചര്‍ച്ച ഇ.പി ജയരാജന്റെ തമാശയായിരുന്നു.

പൊതുജനാഭിപ്രായ രൂപീകരണത്തെ ഔദ്യോഗിക സംവിധാനങ്ങളും മാധ്യമങ്ങളും സ്വന്തം വഴിയിലേക്ക് പിടിച്ചുവലിക്കുകയാണ്. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാനും മര്‍ദ്ദിതന്റെ വിലാപങ്ങള്‍ക്ക് ശബ്ദം പകരാനും സത്യം വിളിച്ചുപറയാനും ധൈര്യം കാണിക്കുന്നിടത്താണ് മാധ്യമപ്രവര്‍ത്തനം ഉദാത്തമാകുന്നത്. അടിയന്താരാവസ്ഥയുടെ കാലത്ത് കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞുവെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രധാന പരാതി. അവരിപ്പോള്‍ ഭരണകൂടത്തിന്റെ വാലാട്ടികളായി മാറിയിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ അജണ്ടകളോടെ മാത്രം സംസാരിക്കുകയും ചില ശബ്ദങ്ങളെയും സംഭവങ്ങളെയും തമസ്‌കരിക്കുകയും ചെയ്യുന്ന ദാസ്യപ്പണിയാണ് ചിലര്‍ ഏറ്റെടുത്തിരിക്കുന്നത്. വാര്‍ത്തകളുടെ അവതരണത്തിലും അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ഉത്തരവാദിത്തം പ്രധാനമാണ്. കടമകള്‍ വിസ്മരിച്ചുകൊണ്ട് പണച്ചാക്കുകള്‍ക്കു കഴുത്ത് വെച്ചുകൊടുക്കുകയും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് തുള്ളുന്ന കളിപ്പാവകളായി ചുരുങ്ങുകയും ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Chandrika Web: