X

ആത്മീയാനന്ദത്തിന്റെ അമൂല്യ നാളുകളിലേക്ക്-ടി.എച്ച് ദാരിമി

ആരാധനകളെല്ലാം ആത്മസമര്‍പ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും. ആരാധന ചൂട്പിടിക്കുന്നതിന്റെയും ലക്ഷ്യത്തോട് അടുക്കുന്നതിന്റെയും പ്രതിഫലം മനസ്സില്‍ തെളിയുന്നതിന്റെയുമെല്ലാം പ്രതിഫലനങ്ങള്‍ ഒന്നിച്ചുണരുമ്പോഴാണ് ഈ തീവ്രത അനുഭവപ്പെടുന്നത്.

ഈ യുക്തി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന എല്ലാ ആരാധനകളിലുമുണ്ട്. നമസ്‌കാരത്തിലെ ഒരു റക്അത്ത് സുജൂദ് എന്ന പാരമ്യത്തില്‍ എത്തിച്ചേരുന്നത് പോലെ. മശാഇറുകള്‍ കടന്ന് ഹജ്ജിലെ സമര്‍പ്പണം അറഫാത്തിലെത്തും പോലെ. നോമ്പിലുമുണ്ടത്. അങ്ങനെയാണ് ഒരു നോമ്പിന്റെ ഏറ്റവും പ്രതീക്ഷാത്മകമായ യാമം ഇഫ്ത്വാറിന്റെ തൊട്ടു മുമ്പുള്ള താകുന്നത്. ആ സമയമാകുമ്പോഴേക്കും ഒരു ദിനത്തിന്റെ വ്രത സമര്‍പ്പണം പാരമ്യത്തിലെത്തുകയും വിശ്വാസിയുടെ പ്രാര്‍ഥനകള്‍ക്ക് ഏറ്റവും പ്രതീക്ഷ കൈവരികയും ചെയ്യുന്നത്. റമസാന്‍ എന്ന മാസത്തിനുമുണ്ടത്. അതുകൊണ്ടാണ് റമസാനിലെ അവസാനത്തെ പത്ത് ദിനങ്ങള്‍ ശ്രേഷ്ഠതയിലും പ്രതീക്ഷയിലും മറ്റു രണ്ടു പത്തുകളെയും കവച്ചുവെക്കുന്നത്. റമസാനിലെ ഏറ്റവും അധികം പ്രതിഫലവും പ്രതീക്ഷയും നിറഞ്ഞ ദിനങ്ങളാണ് അവസാനത്തെ പത്തു ദിനങ്ങള്‍.

അവസാനത്തെ പത്തെത്തുമ്പോള്‍ നബി(സ)യില്‍ സമൂല മാറ്റം പ്രകടമായിരുന്നു. മറ്റു ദിനങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകി ആത്മീയതയുടെ മറ്റൊരു കരയില്‍ എത്തിച്ചേരുന്ന ദിനങ്ങളായിരുന്നു അവ എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആഇശ(റ) പറയുന്നു. ‘(അവസാന) പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കും, രാത്രികളെ സജീവമാക്കും, കുടുംബത്തെ വിളിച്ചുണര്‍ത്തും (ബുഖാരി). മൂന്നു പ്രകടമായ മാറ്റങ്ങളാണ് ആയിഷാ(റ) എടുത്തു പറയുന്നത്. ഒന്ന് ആരാധനകള്‍ക്കായുള്ള നബി തിരുമേനിയുടെ പ്രത്യേക ഒരുക്കം. ആ പ്രയോഗത്തില്‍ ഊര്‍ജ്ജസ്വലത, ചടുലത, വൈകാരിക ഉന്മേഷം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. പ്രത്യേക നേട്ടത്തിലുള്ള പ്രതീക്ഷയാണ് ഈ ഒരുക്കത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടാമത്തേത് രാത്രികളെ ആരാധനകളാല്‍ സജീവമാക്കുന്നതാണ്. മനുഷ്യന്റെ വിശ്രമത്തിന്റെയും രതിവികാരത്തിന്റെയും ഉറക്കിന്റെയുമെല്ലാം സമയമാണ് രാത്രികള്‍. പൊതുവെ മനുഷ്യന്‍ തന്റെ വികാരങ്ങളില്‍ തളര്‍ന്നുവീഴുന്ന സമയം. അതേസമയം അവരുടെ ഉടമയായ അല്ലാഹുവാകട്ടെ തന്റെ ദാനങ്ങളുടെ താലങ്ങളുമായി ആകാശ മേലാപ്പിലേക്ക് ഇറങ്ങിവരുന്ന സമയവുമാണത്. ഈ സമയത്ത് ഈ താലങ്ങള്‍ക്കുവേണ്ടി കൈനീട്ടാന്‍ തയ്യാറാകുന്ന ആള്‍ സ്വന്തം ഇച്ഛകളേക്കാള്‍ സ്രഷ്ടാവിന്റെ കടാക്ഷത്തിന് വില കല്‍പ്പിക്കുകയാണ്. അതിനാല്‍ രാത്രിയിലെ ആരാധനകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്. ഒപ്പംതന്നെ രാത്രിയുടെ ശാന്തിയും കുളിരും ആരാധനകള്‍ക്ക് അതിരുകള്‍ ഭേദിച്ച് ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഏറെ സഹായകവുമാണ് രാത്രികള്‍. നബിയുടെ റമസാനിലെ അവസാനത്തെ പത്തിലെ രാത്രികള്‍ ആരാധനാ നിമഗ്‌നങ്ങളും നിദ്രാവിഹീനങ്ങളുമായിരുന്നു.

മൂന്നാമതായി ആയിഷ(റ) എടുത്തുപറയുന്നത് നബി ആരാധനകളിലേക്ക് തന്റെ വീട്ടുകാരെ കൂടി വിളിച്ചുണര്‍ത്തിക്കൂട്ടുമായിരുന്നു എന്നാണ്. ഇത് ഒരേ സമയം സഹായവും സേവനവും സമഭാവനയുമാണ്. പ്രപഞ്ചത്തില്‍ വിശ്വാസിയുടെ സ്വഭാവതത്വം കൂടി ഇതു വ്യക്തമാകുന്നു. തന്നെപ്പോലെ തന്റെ കുടുംബമടക്കമുള്ള ചുറ്റുവട്ടങ്ങളെകൂടി നയിക്കാന്‍ ബാധ്യസ്ഥനാണ് വിശ്വാസി. തനിക്കു ലഭിച്ചത് ചേര്‍ത്തുപിടിച്ച് സ്വാര്‍ഥനായി മാറി നില്‍ക്കുകയോ ചുറ്റുവട്ടത്ത്‌നിന്ന് ഒളിച്ചോടുകയോ ചെയ്യുന്നവനല്ല ഇസ്‌ലാമിലെ വിശ്വാസി. ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണ് എന്ന് നബി(സ). തനിക്കു കിട്ടിയതും കിട്ടാനുള്ളതുമായ എല്ലാ നന്മകളും മറ്റുള്ളവര്‍ക്കും ലഭിക്കണമെന്ന കാംക്ഷ പുലര്‍ത്തുന്നവനായിരിക്കണം യഥാര്‍ഥ വിശ്വാസി. അതിനാല്‍ വീട്ടുകാരെയും മക്കളെയും റമസാനിന്റെ അവസാന പത്തില്‍ കിട്ടാന്‍ പോകുന്ന മഹാ പ്രതിഫലങ്ങള്‍ക്കായി വിളിച്ചുണര്‍ത്തുമായിരുന്നു നബി(സ). ഇനിയുമുണ്ട് രണ്ട് സവിശേഷകതകള്‍. അവയും നബി തിരുമേനിയുടെ ജീവിതത്തില്‍ പ്രകടമായി അനുഭവപ്പെടുമായിരുന്നു. ഒന്ന് ഇഹ്തികാഫും മറ്റൊന്ന് വിഴിഞ്ഞൊഴുകുന്ന ഉദാരതയും.
പ്രത്യക്ഷത്തില്‍ പള്ളിയില്‍ ആരാധനാനിമഗ്‌നമായി സമയം ചെലവഴിക്കുക എന്നതാണ് ഇഅ്തികാഫ് എങ്കിലും അതിന് വിശാലമായ ഒരു അര്‍ഥതലമുണ്ട്, ഉണ്ടായിരിക്കേണ്ടതുണ്ട്. കേവലം നിയ്യത്തു കരുതി പള്ളിയില്‍ കിടന്നുറങ്ങിയാലും അത് ഇഅ്തികാഫാകും എന്ന് സാങ്കേതികമായി പറയാമെങ്കിലും അതുകൊണ്ടുള്ള ഉദ്ദേശലക്ഷ്യങ്ങളിലേക്ക് എത്തണമെങ്കില്‍ അതിന് ധ്യാന സമാനമായ മനോനിലയും അല്ലാഹുവിലുള്ള ആഴമുള്ള ആലോചനയും ഈ മനോനിലയെ സഹായിക്കുന്ന ആരാധനകളുമെല്ലാം വേണം. ഇത്തരത്തിലുള്ള ഭജനമിരിക്കലിന് വിശ്വാസിക്ക് പ്രതിഫലത്തിനുപുറമെ പല നല്ല പ്രതിഫലനങ്ങളും കൂടി നേടാന്‍ കഴിയുന്നുണ്ട്. തിരക്കുകളില്‍നിന്ന് മനസ്സിനെ തിരിച്ചെടുത്ത് ശാന്തമാക്കാനും ആധി, വ്യഥ, തുടങ്ങിയ വസ്‌വാസുകളില്‍ നിന്ന് മോചിപ്പിക്കുന്നു ഈ ധ്യാനാത്മകത ഏറെ സഹായിക്കുന്നു. നബി(സ) എല്ലാ റമസാനിലെയും അവസാനത്തെ പത്ത് ദിനങ്ങള്‍ ഇങ്ങനെ പള്ളിയില്‍ ഇഅ്തികാഫിരിക്കുമായിരുന്നു. ഈ സമയത്തായിരുന്നു നബി(സ) അതുവരെ അവതരിക്കപ്പെട്ട ഖുര്‍ആന്‍ ഭാഗങ്ങള്‍ ജിബ്‌രീലുമായി ഒത്തുനോക്കാറുണ്ടായിരുന്നത്. ഇഅ്തികാഫിന് ആരാധന, ധ്യാനം, ചിന്ത തുടങ്ങിയവയുമായുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ഈ പതിവ്. ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ റമസാനില്‍ ഇത് ഇരുപത് ദിനമായി. പ്രബോധന ജീവിതം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ ധ്യാനാത്മകമായിരുന്നു നബി(സ) യുടെ ജീവിതം.

മറ്റൊന്ന് നബി(സ)യുടെ ഉദാരതയായിരുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു. നബി(സ) മന്ദമാരുതനേക്കാള്‍ ഉദാരനായിരുന്നു. നബി ഏറ്റവും ഉദാരനായിരിക്കുക റമസാനില്‍ ജിബ്‌രീലിനെ കണ്ടുമുട്ടുമ്പോഴായിരുന്നു. ഈ സമാഗമം റമസാനിലെ അവസാനത്തെ പത്തിലായിരുന്നു. ആരെന്തു ചോദിച്ചാലും അത് കൊടുക്കുന്നതില്‍ നബി ഒരു അമാന്തവും വിമ്മിഷ്ടവും കാണിക്കുമായിരുന്നില്ല എന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. മാരുതന്‍ മെല്ലെ തഴുകി തലോടി എല്ലാറ്റിന്റെയും ഉള്ളിലേക്ക് കടന്നു അരിച്ചിറങ്ങുന്നതു പോലെയുള്ള അനുഭവമായിരുന്നു അത് എന്ന ഹദീസിലെ പ്രയോഗം അതിന്റെ അര്‍ഥപൂര്‍ണതയെ കുറിക്കുന്നു.

ഇത്രയും ആരാധനയിലലിഞ്ഞുചേരാനുള്ള ന്യായമാണ് ഇനി പരിശോധിക്കാനുള്ളത്. അവയില്‍ ഒന്ന് ഈ ദിനങ്ങളുടെ രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന ശാന്തിയുടെ രാവ് വരുന്നത് എന്നാണ്. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ് ഈ രാവ് എന്നും ഈ രാവില്‍ ശാന്തിയുടെ താലങ്ങളുമായി പുലരുവോളം അല്ലാഹുവിന്റെ മലക്കുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കും എന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാവ് ഈ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നാകാമെന്നും അതിനാല്‍ അത് പ്രതീക്ഷിച്ചിരിക്കുക എന്നും നബി (സ) പറഞ്ഞിട്ടുണ്ട്. ആയുസും ആരോഗ്യവും കുറഞ്ഞ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ രാവിന്റെ പുണ്യം കിട്ടുക എന്നത് മഹാസൗഭാഗ്യമാണ്. കാരണം ആയിരം മാസങ്ങളുടെ ലാഭമാണ് അവന് ഇതുവഴി നേടാന്‍ കഴിയുക. രണ്ടാമത്തെ ഒരു ന്യായം റമസാനിന്റെ അവസാന രാത്രിയാണ്. ഇത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയാണ് എന്ന് നബി(സ) അരുളിയിട്ടുണ്ട്. ഇത് ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി അല്ല എന്നും തൊഴിലുടമ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതു പോലെ അല്ലാഹു അവന്റെ അടിമകള്‍ക്ക് പ്രതിഫലം കൊടുക്കുന്ന ദിവസമാണ് എന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അതീവ ശ്രേഷ്ഠങ്ങളായ ഈ രണ്ടു ദിനങ്ങളുടെയും പ്രത്യേകത അവ രണ്ടും അവ്യക്തങ്ങളാണ് എന്നതാണ്. ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവായിരിക്കും എന്നത് നിര്‍ണയിക്കപ്പെട്ടിട്ടില്ല. റമസാന്‍ അവസാന രാവാണെങ്കിലോ അതും നിശ്ചിതമാണെന്നു പറയാന്‍ വയ്യ. കാരണം അത് മാസപ്പിറവിയെ ആശ്രയിച്ചാണുള്ളത്. അല്ലാഹു സവിശേഷമായി കല്‍പിക്കുന്ന പുണ്യങ്ങളുടെയൊക്കെ പ്രധാന പ്രത്യേകത ഇതാണ്. അവയുടെ കൃത്യമായ ഇടം ഒളിപ്പിച്ചു വെക്കപ്പെട്ടതായിരിക്കും. അത് ആപേക്ഷികമായി ചെറുതുമായിരിക്കും. ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് അത് നേടാന്‍ ആഗ്രഹിക്കുന്നവന്‍ അതിനുവേണ്ടി അപ്പുറവും ഇപ്പുറവുമുള്ളതെല്ലാം അഥവാ മൊത്തത്തില്‍ തന്നെ ചെയ്തിരിക്കേണ്ടതുണ്ട്. രണ്ട്, കര്‍മത്തില്‍ വിശാലമായ പ്രതീക്ഷയും പ്രതിഫലേഛയും പുലര്‍ത്തിയിരിക്കേണ്ടതുമുണ്ട്. അതിന് മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് വെള്ളിയാഴ്ചയിലെ സവിശേഷമായ ഒരു നിമിഷം. ഏതു പ്രാര്‍ഥനക്കും തീര്‍ച്ചയായും ഉത്തരം ലഭിക്കുന്ന അത്തരമൊരു സമയമുണ്ടെന്നും അത് വളരെ ചെറിയ സമയമാണ് എന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ കൃത്യമായ സമയം ഏതാണ് എന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാല്‍ ആ സവിശേഷ അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ വെള്ളിയാഴ്ച എന്ന ദിവസം പകല്‍ മുഴുവനും കാത്തിരിക്കുകയും അപ്പോഴൊക്കെ കര്‍മങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യേണ്ട അവസ്ഥയാണ്. ഇനി ഈ സമയത്തെ കൃത്യമായി നിശ്ചയിച്ചു വ്യക്തമാക്കിയാലോ ചുളുവില്‍ കാര്യസാധ്യം കാംക്ഷിക്കുന്ന സൂത്രക്കാര്‍ ആ നിമിഷം മാത്രം ഉപയോഗപ്പെടുത്താനായിരിക്കും ഉദ്യമിക്കുക. അപ്പോള്‍ അത് കാപട്യത്തെയാണ് വളര്‍ത്തുക. ലൈലത്തുല്‍ ഖദ്‌റ് എന്ന സവിശേഷ അവസരവും ഇങ്ങനെയാണ്. അതിന്റെ പുണ്യം കാംക്ഷിക്കുന്നവന്‍ ഏറ്റവും കുറഞ്ഞത് റമസാനിലെ അവസാന പത്തിലെ അഞ്ച് ഒറ്റ രാവുകളും അതിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ട്. കാരണം ഇവയില്‍ ഏതു രാവും ആകാം ഖദ്‌റിന്റെ രാവ്. ഇനി മാസപ്പിറവി ദര്‍ശിച്ചതില്‍ വല്ല പിഴവും വന്നിട്ടുണ്ടെങ്കില്‍ നാം കരുതുന്ന ഒറ്റ രാവുകള്‍ ഇരട്ട രാവുകളാവാനും സാധ്യതയുണ്ട്. അതോടെ, സൂക്ഷ്മത പുലര്‍ത്താന്‍ പത്തു രാവും അതിനെ കാത്തിരിക്കേണ്ടതുണ്ട് എന്ന അവസ്ഥയാണ്. ഈ കാത്തിരിപ്പ് വിശ്വാസിയുടെ മനസ്സില്‍ മുഷിപ്പുണ്ടാക്കാതിരിക്കാന്‍ ഇസ്‌ലാം ഒരു തത്വം കൂടി പഠിപ്പിക്കുന്നുണ്ട്, പുണ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പുണ്യമാണ് എന്ന്. നിങ്ങളില്‍ ഒരാള്‍ നമസ്‌കാരത്തെ കാത്തിരിക്കുമ്പോഴെല്ലാം അയാള്‍ നമസ്‌കരിക്കുക തന്നെയാണ് എന്നാണല്ലോ പ്രവാചകന്‍ പറഞ്ഞത്.

Chandrika Web: