columns
ആത്മീയാനന്ദത്തിന്റെ അമൂല്യ നാളുകളിലേക്ക്-ടി.എച്ച് ദാരിമി
ആരാധനകളെല്ലാം ആത്മസമര്‍പ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും.
ആരാധനകളെല്ലാം ആത്മസമര്‍പ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും. ആരാധന ചൂട്പിടിക്കുന്നതിന്റെയും ലക്ഷ്യത്തോട് അടുക്കുന്നതിന്റെയും പ്രതിഫലം മനസ്സില്‍ തെളിയുന്നതിന്റെയുമെല്ലാം പ്രതിഫലനങ്ങള്‍ ഒന്നിച്ചുണരുമ്പോഴാണ് ഈ തീവ്രത അനുഭവപ്പെടുന്നത്.
ഈ യുക്തി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന എല്ലാ ആരാധനകളിലുമുണ്ട്. നമസ്‌കാരത്തിലെ ഒരു റക്അത്ത് സുജൂദ് എന്ന പാരമ്യത്തില്‍ എത്തിച്ചേരുന്നത് പോലെ. മശാഇറുകള്‍ കടന്ന് ഹജ്ജിലെ സമര്‍പ്പണം അറഫാത്തിലെത്തും പോലെ. നോമ്പിലുമുണ്ടത്. അങ്ങനെയാണ് ഒരു നോമ്പിന്റെ ഏറ്റവും പ്രതീക്ഷാത്മകമായ യാമം ഇഫ്ത്വാറിന്റെ തൊട്ടു മുമ്പുള്ള താകുന്നത്. ആ സമയമാകുമ്പോഴേക്കും ഒരു ദിനത്തിന്റെ വ്രത സമര്‍പ്പണം പാരമ്യത്തിലെത്തുകയും വിശ്വാസിയുടെ പ്രാര്‍ഥനകള്‍ക്ക് ഏറ്റവും പ്രതീക്ഷ കൈവരികയും ചെയ്യുന്നത്. റമസാന്‍ എന്ന മാസത്തിനുമുണ്ടത്. അതുകൊണ്ടാണ് റമസാനിലെ അവസാനത്തെ പത്ത് ദിനങ്ങള്‍ ശ്രേഷ്ഠതയിലും പ്രതീക്ഷയിലും മറ്റു രണ്ടു പത്തുകളെയും കവച്ചുവെക്കുന്നത്. റമസാനിലെ ഏറ്റവും അധികം പ്രതിഫലവും പ്രതീക്ഷയും നിറഞ്ഞ ദിനങ്ങളാണ് അവസാനത്തെ പത്തു ദിനങ്ങള്‍.
അവസാനത്തെ പത്തെത്തുമ്പോള്‍ നബി(സ)യില്‍ സമൂല മാറ്റം പ്രകടമായിരുന്നു. മറ്റു ദിനങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകി ആത്മീയതയുടെ മറ്റൊരു കരയില്‍ എത്തിച്ചേരുന്ന ദിനങ്ങളായിരുന്നു അവ എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആഇശ(റ) പറയുന്നു. ‘(അവസാന) പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കും, രാത്രികളെ സജീവമാക്കും, കുടുംബത്തെ വിളിച്ചുണര്‍ത്തും (ബുഖാരി). മൂന്നു പ്രകടമായ മാറ്റങ്ങളാണ് ആയിഷാ(റ) എടുത്തു പറയുന്നത്. ഒന്ന് ആരാധനകള്‍ക്കായുള്ള നബി തിരുമേനിയുടെ പ്രത്യേക ഒരുക്കം. ആ പ്രയോഗത്തില്‍ ഊര്‍ജ്ജസ്വലത, ചടുലത, വൈകാരിക ഉന്മേഷം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. പ്രത്യേക നേട്ടത്തിലുള്ള പ്രതീക്ഷയാണ് ഈ ഒരുക്കത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടാമത്തേത് രാത്രികളെ ആരാധനകളാല്‍ സജീവമാക്കുന്നതാണ്. മനുഷ്യന്റെ വിശ്രമത്തിന്റെയും രതിവികാരത്തിന്റെയും ഉറക്കിന്റെയുമെല്ലാം സമയമാണ് രാത്രികള്‍. പൊതുവെ മനുഷ്യന്‍ തന്റെ വികാരങ്ങളില്‍ തളര്‍ന്നുവീഴുന്ന സമയം. അതേസമയം അവരുടെ ഉടമയായ അല്ലാഹുവാകട്ടെ തന്റെ ദാനങ്ങളുടെ താലങ്ങളുമായി ആകാശ മേലാപ്പിലേക്ക് ഇറങ്ങിവരുന്ന സമയവുമാണത്. ഈ സമയത്ത് ഈ താലങ്ങള്‍ക്കുവേണ്ടി കൈനീട്ടാന്‍ തയ്യാറാകുന്ന ആള്‍ സ്വന്തം ഇച്ഛകളേക്കാള്‍ സ്രഷ്ടാവിന്റെ കടാക്ഷത്തിന് വില കല്‍പ്പിക്കുകയാണ്. അതിനാല്‍ രാത്രിയിലെ ആരാധനകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്. ഒപ്പംതന്നെ രാത്രിയുടെ ശാന്തിയും കുളിരും ആരാധനകള്‍ക്ക് അതിരുകള്‍ ഭേദിച്ച് ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഏറെ സഹായകവുമാണ് രാത്രികള്‍. നബിയുടെ റമസാനിലെ അവസാനത്തെ പത്തിലെ രാത്രികള്‍ ആരാധനാ നിമഗ്‌നങ്ങളും നിദ്രാവിഹീനങ്ങളുമായിരുന്നു.
മൂന്നാമതായി ആയിഷ(റ) എടുത്തുപറയുന്നത് നബി ആരാധനകളിലേക്ക് തന്റെ വീട്ടുകാരെ കൂടി വിളിച്ചുണര്‍ത്തിക്കൂട്ടുമായിരുന്നു എന്നാണ്. ഇത് ഒരേ സമയം സഹായവും സേവനവും സമഭാവനയുമാണ്. പ്രപഞ്ചത്തില്‍ വിശ്വാസിയുടെ സ്വഭാവതത്വം കൂടി ഇതു വ്യക്തമാകുന്നു. തന്നെപ്പോലെ തന്റെ കുടുംബമടക്കമുള്ള ചുറ്റുവട്ടങ്ങളെകൂടി നയിക്കാന്‍ ബാധ്യസ്ഥനാണ് വിശ്വാസി. തനിക്കു ലഭിച്ചത് ചേര്‍ത്തുപിടിച്ച് സ്വാര്‍ഥനായി മാറി നില്‍ക്കുകയോ ചുറ്റുവട്ടത്ത്‌നിന്ന് ഒളിച്ചോടുകയോ ചെയ്യുന്നവനല്ല ഇസ്‌ലാമിലെ വിശ്വാസി. ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണ് എന്ന് നബി(സ). തനിക്കു കിട്ടിയതും കിട്ടാനുള്ളതുമായ എല്ലാ നന്മകളും മറ്റുള്ളവര്‍ക്കും ലഭിക്കണമെന്ന കാംക്ഷ പുലര്‍ത്തുന്നവനായിരിക്കണം യഥാര്‍ഥ വിശ്വാസി. അതിനാല്‍ വീട്ടുകാരെയും മക്കളെയും റമസാനിന്റെ അവസാന പത്തില്‍ കിട്ടാന്‍ പോകുന്ന മഹാ പ്രതിഫലങ്ങള്‍ക്കായി വിളിച്ചുണര്‍ത്തുമായിരുന്നു നബി(സ). ഇനിയുമുണ്ട് രണ്ട് സവിശേഷകതകള്‍. അവയും നബി തിരുമേനിയുടെ ജീവിതത്തില്‍ പ്രകടമായി അനുഭവപ്പെടുമായിരുന്നു. ഒന്ന് ഇഹ്തികാഫും മറ്റൊന്ന് വിഴിഞ്ഞൊഴുകുന്ന ഉദാരതയും.
പ്രത്യക്ഷത്തില്‍ പള്ളിയില്‍ ആരാധനാനിമഗ്‌നമായി സമയം ചെലവഴിക്കുക എന്നതാണ് ഇഅ്തികാഫ് എങ്കിലും അതിന് വിശാലമായ ഒരു അര്‍ഥതലമുണ്ട്, ഉണ്ടായിരിക്കേണ്ടതുണ്ട്. കേവലം നിയ്യത്തു കരുതി പള്ളിയില്‍ കിടന്നുറങ്ങിയാലും അത് ഇഅ്തികാഫാകും എന്ന് സാങ്കേതികമായി പറയാമെങ്കിലും അതുകൊണ്ടുള്ള ഉദ്ദേശലക്ഷ്യങ്ങളിലേക്ക് എത്തണമെങ്കില്‍ അതിന് ധ്യാന സമാനമായ മനോനിലയും അല്ലാഹുവിലുള്ള ആഴമുള്ള ആലോചനയും ഈ മനോനിലയെ സഹായിക്കുന്ന ആരാധനകളുമെല്ലാം വേണം. ഇത്തരത്തിലുള്ള ഭജനമിരിക്കലിന് വിശ്വാസിക്ക് പ്രതിഫലത്തിനുപുറമെ പല നല്ല പ്രതിഫലനങ്ങളും കൂടി നേടാന്‍ കഴിയുന്നുണ്ട്. തിരക്കുകളില്‍നിന്ന് മനസ്സിനെ തിരിച്ചെടുത്ത് ശാന്തമാക്കാനും ആധി, വ്യഥ, തുടങ്ങിയ വസ്‌വാസുകളില്‍ നിന്ന് മോചിപ്പിക്കുന്നു ഈ ധ്യാനാത്മകത ഏറെ സഹായിക്കുന്നു. നബി(സ) എല്ലാ റമസാനിലെയും അവസാനത്തെ പത്ത് ദിനങ്ങള്‍ ഇങ്ങനെ പള്ളിയില്‍ ഇഅ്തികാഫിരിക്കുമായിരുന്നു. ഈ സമയത്തായിരുന്നു നബി(സ) അതുവരെ അവതരിക്കപ്പെട്ട ഖുര്‍ആന്‍ ഭാഗങ്ങള്‍ ജിബ്‌രീലുമായി ഒത്തുനോക്കാറുണ്ടായിരുന്നത്. ഇഅ്തികാഫിന് ആരാധന, ധ്യാനം, ചിന്ത തുടങ്ങിയവയുമായുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ഈ പതിവ്. ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ റമസാനില്‍ ഇത് ഇരുപത് ദിനമായി. പ്രബോധന ജീവിതം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ ധ്യാനാത്മകമായിരുന്നു നബി(സ) യുടെ ജീവിതം.
മറ്റൊന്ന് നബി(സ)യുടെ ഉദാരതയായിരുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു. നബി(സ) മന്ദമാരുതനേക്കാള്‍ ഉദാരനായിരുന്നു. നബി ഏറ്റവും ഉദാരനായിരിക്കുക റമസാനില്‍ ജിബ്‌രീലിനെ കണ്ടുമുട്ടുമ്പോഴായിരുന്നു. ഈ സമാഗമം റമസാനിലെ അവസാനത്തെ പത്തിലായിരുന്നു. ആരെന്തു ചോദിച്ചാലും അത് കൊടുക്കുന്നതില്‍ നബി ഒരു അമാന്തവും വിമ്മിഷ്ടവും കാണിക്കുമായിരുന്നില്ല എന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. മാരുതന്‍ മെല്ലെ തഴുകി തലോടി എല്ലാറ്റിന്റെയും ഉള്ളിലേക്ക് കടന്നു അരിച്ചിറങ്ങുന്നതു പോലെയുള്ള അനുഭവമായിരുന്നു അത് എന്ന ഹദീസിലെ പ്രയോഗം അതിന്റെ അര്‍ഥപൂര്‍ണതയെ കുറിക്കുന്നു.
ഇത്രയും ആരാധനയിലലിഞ്ഞുചേരാനുള്ള ന്യായമാണ് ഇനി പരിശോധിക്കാനുള്ളത്. അവയില്‍ ഒന്ന് ഈ ദിനങ്ങളുടെ രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന ശാന്തിയുടെ രാവ് വരുന്നത് എന്നാണ്. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ് ഈ രാവ് എന്നും ഈ രാവില്‍ ശാന്തിയുടെ താലങ്ങളുമായി പുലരുവോളം അല്ലാഹുവിന്റെ മലക്കുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കും എന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാവ് ഈ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നാകാമെന്നും അതിനാല്‍ അത് പ്രതീക്ഷിച്ചിരിക്കുക എന്നും നബി (സ) പറഞ്ഞിട്ടുണ്ട്. ആയുസും ആരോഗ്യവും കുറഞ്ഞ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ രാവിന്റെ പുണ്യം കിട്ടുക എന്നത് മഹാസൗഭാഗ്യമാണ്. കാരണം ആയിരം മാസങ്ങളുടെ ലാഭമാണ് അവന് ഇതുവഴി നേടാന്‍ കഴിയുക. രണ്ടാമത്തെ ഒരു ന്യായം റമസാനിന്റെ അവസാന രാത്രിയാണ്. ഇത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയാണ് എന്ന് നബി(സ) അരുളിയിട്ടുണ്ട്. ഇത് ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി അല്ല എന്നും തൊഴിലുടമ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതു പോലെ അല്ലാഹു അവന്റെ അടിമകള്‍ക്ക് പ്രതിഫലം കൊടുക്കുന്ന ദിവസമാണ് എന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അതീവ ശ്രേഷ്ഠങ്ങളായ ഈ രണ്ടു ദിനങ്ങളുടെയും പ്രത്യേകത അവ രണ്ടും അവ്യക്തങ്ങളാണ് എന്നതാണ്. ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവായിരിക്കും എന്നത് നിര്‍ണയിക്കപ്പെട്ടിട്ടില്ല. റമസാന്‍ അവസാന രാവാണെങ്കിലോ അതും നിശ്ചിതമാണെന്നു പറയാന്‍ വയ്യ. കാരണം അത് മാസപ്പിറവിയെ ആശ്രയിച്ചാണുള്ളത്. അല്ലാഹു സവിശേഷമായി കല്‍പിക്കുന്ന പുണ്യങ്ങളുടെയൊക്കെ പ്രധാന പ്രത്യേകത ഇതാണ്. അവയുടെ കൃത്യമായ ഇടം ഒളിപ്പിച്ചു വെക്കപ്പെട്ടതായിരിക്കും. അത് ആപേക്ഷികമായി ചെറുതുമായിരിക്കും. ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് അത് നേടാന്‍ ആഗ്രഹിക്കുന്നവന്‍ അതിനുവേണ്ടി അപ്പുറവും ഇപ്പുറവുമുള്ളതെല്ലാം അഥവാ മൊത്തത്തില്‍ തന്നെ ചെയ്തിരിക്കേണ്ടതുണ്ട്. രണ്ട്, കര്‍മത്തില്‍ വിശാലമായ പ്രതീക്ഷയും പ്രതിഫലേഛയും പുലര്‍ത്തിയിരിക്കേണ്ടതുമുണ്ട്. അതിന് മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് വെള്ളിയാഴ്ചയിലെ സവിശേഷമായ ഒരു നിമിഷം. ഏതു പ്രാര്‍ഥനക്കും തീര്‍ച്ചയായും ഉത്തരം ലഭിക്കുന്ന അത്തരമൊരു സമയമുണ്ടെന്നും അത് വളരെ ചെറിയ സമയമാണ് എന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ കൃത്യമായ സമയം ഏതാണ് എന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാല്‍ ആ സവിശേഷ അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ വെള്ളിയാഴ്ച എന്ന ദിവസം പകല്‍ മുഴുവനും കാത്തിരിക്കുകയും അപ്പോഴൊക്കെ കര്‍മങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യേണ്ട അവസ്ഥയാണ്. ഇനി ഈ സമയത്തെ കൃത്യമായി നിശ്ചയിച്ചു വ്യക്തമാക്കിയാലോ ചുളുവില്‍ കാര്യസാധ്യം കാംക്ഷിക്കുന്ന സൂത്രക്കാര്‍ ആ നിമിഷം മാത്രം ഉപയോഗപ്പെടുത്താനായിരിക്കും ഉദ്യമിക്കുക. അപ്പോള്‍ അത് കാപട്യത്തെയാണ് വളര്‍ത്തുക. ലൈലത്തുല്‍ ഖദ്‌റ് എന്ന സവിശേഷ അവസരവും ഇങ്ങനെയാണ്. അതിന്റെ പുണ്യം കാംക്ഷിക്കുന്നവന്‍ ഏറ്റവും കുറഞ്ഞത് റമസാനിലെ അവസാന പത്തിലെ അഞ്ച് ഒറ്റ രാവുകളും അതിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ട്. കാരണം ഇവയില്‍ ഏതു രാവും ആകാം ഖദ്‌റിന്റെ രാവ്. ഇനി മാസപ്പിറവി ദര്‍ശിച്ചതില്‍ വല്ല പിഴവും വന്നിട്ടുണ്ടെങ്കില്‍ നാം കരുതുന്ന ഒറ്റ രാവുകള്‍ ഇരട്ട രാവുകളാവാനും സാധ്യതയുണ്ട്. അതോടെ, സൂക്ഷ്മത പുലര്‍ത്താന്‍ പത്തു രാവും അതിനെ കാത്തിരിക്കേണ്ടതുണ്ട് എന്ന അവസ്ഥയാണ്. ഈ കാത്തിരിപ്പ് വിശ്വാസിയുടെ മനസ്സില്‍ മുഷിപ്പുണ്ടാക്കാതിരിക്കാന്‍ ഇസ്‌ലാം ഒരു തത്വം കൂടി പഠിപ്പിക്കുന്നുണ്ട്, പുണ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പുണ്യമാണ് എന്ന്. നിങ്ങളില്‍ ഒരാള്‍ നമസ്‌കാരത്തെ കാത്തിരിക്കുമ്പോഴെല്ലാം അയാള്‍ നമസ്‌കരിക്കുക തന്നെയാണ് എന്നാണല്ലോ പ്രവാചകന്‍ പറഞ്ഞത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

