തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കര്‍ശന നിലപാട് സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അര്‍ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം കഴിവുകേട് മറ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് അവര്‍ ചെയ്തിരിക്കുന്നത്. മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് മുഷ്യാവകാശ കമ്മീഷനുള്ളത്. അധികാരത്തിന്റെ ഹുങ്കില്‍ മുഖ്യമന്ത്രി അത് മറന്നു പോവുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പു കേടുകൊണ്ടാണ് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്നത്.

പൊലീസുകാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്. വരാപ്പുഴ കസ്റ്റഡി മരണം നടന്ന് 15-ാമത്തെ ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം എന്തു കൊണ്ടാണ് ഒന്നും പറയാതിരുന്നത്. നരേന്ദ്ര മോദിയുടെ പാത പിന്‍തുടരുകയാണ് പിണറായി ചെയ്യുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. സി.ബി.ഐയെ തന്നെ കേസ് ഏല്പിക്കണം.

തിരുവനന്തപുരത്ത് കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോള്‍ ഒന്നു കാണാന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ് ചെയ്യുന്നത്. ആന്ധ്രയിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജില്ലാ ജഡ്ജി എന്ന നിലയില്‍ പ്രശസ്തമായ സേവനത്തിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന മോഹന്‍ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സത്യം കണ്ടെത്തുകയും അതിന്മേല്‍ ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് കമ്മീഷന്റെ പണി. അതാണ് അദ്ദേഹം നിറവേറ്റുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നതിലെ വസ്തുതകള്‍ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകള്‍കൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചത്. വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് സ്വേച്ഛാധികാരിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.