തിരുവനന്തപുരം: നിലവിലെ പിഎസ്‌സി റാങ്ക് പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ പിഎസ്‌സി പട്ടികയിലുള്ളവരെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

അതേ സമയം സാക്ഷരതാ മിഷനിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രോജക്ടര്‍ കോഓര്‍ഡിനേറ്റര്‍, അസി. കോഓര്‍ഡിനേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, പ്യൂണ്‍ തസ്തികകളിലുള്ളവരെയാണ് സ്ഥിരപ്പെടുത്തിയത്. ഏറെ വിവാദമായതിന് ഒടുവിലാണ് തീരുമാനം

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്ഥിരപ്പെടുത്തല്‍. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ന്യായവാദം.