പുനലൂര്‍: ചാരായം വാറ്റിയതില്‍ മൂത്രവും ചേര്‍ത്ത് വില്പന നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വാറ്റു ചാരായവും വാറ്റുപകരണങ്ങളും ഒപ്പം നിരവധി കുപ്പികളില്‍ മൂത്രവുമായാണ് ഒരാളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കരവാളൂര്‍ മാത്ര വട്ടമണ്‍ രാജു വിലാസത്തില്‍ രാജു ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്.

കരവാളൂര്‍, മാത്ര, വട്ടമണ്ണിന് സമീപം വ്യാജ വാറ്റ് നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ എസ് ഐ മഥുന്‍, രവി,കിരണ്‍ എ എസ് ഐ അജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇയാളെ വാറ്റുചാരായവും വാറ്റുപകരണങ്ങളും ആയി പിടികൂടിയത്. വാറ്റാന്‍ ഉപയോഗിക്കുന്ന നിരവധി വലിയ അലൂമിനിയം പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവയും കന്നാസിലും കുപ്പികളുമായി പത്തു ലിറ്ററോളം ചാരായവും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ലഹരിക്കായി ചാരായത്തില്‍ സ്വന്തം മൂത്രവും ചേര്‍ക്കുന്നതായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പിടിയിലായ രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശന നിയമനടപടിക്ക് വിധേയരാക്കും എന്ന് പുനലൂര്‍ എസ് എച്ച് ഒ ബിനു വര്‍ഗീസ് അറിയിച്ചു.