X

പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക
തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ മൊഴിപോലുമെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എഞ്ചിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയതെന്ന് സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും നിയമവ്യവസ്ഥയെപോലും വെല്ലുവിളിച്ച് പി.വി അന്‍വറിനെ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം അനുഭാവിയായി സലീം അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പൊലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പര്‍ 588/2017 ആയി കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ ക്രഷര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് സലീമില്‍ നിന്നും ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയത്.
കേസെടുത്തപ്പോള്‍ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്‍വര്‍ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബര്‍ 30തിന് മഞ്ചേരി പീവീആര്‍ ഓഫീസില്‍വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്‍ ബാക്കി 10 ലക്ഷവും കൈമാറിയതടക്കമുള്ള തെളിവുകളും സലീം പൊലീസിന് കൈമാറിയിരുന്നു.
തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പൊലീസ് ശ്രമം നടത്തി. ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്‍.എ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാന പൊലീസ് മേധാവി 2018 നവംബര്‍ 14നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച റിവ്യൂ ഹരജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ അഞ്ചിനു വീണ്ടും ഹൈക്കോടതി വിധിയുണ്ടായി. എന്നാല്‍ ഹൈക്കോടതി ഉത്തരവു വന്ന് 10 മാസം കഴിഞ്ഞിട്ടും അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റു ചെയ്യാനോ ക്രൈം ബ്രാഞ്ച് തയ്യറായിട്ടില്ല. നീതിതേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സലീം അറിയിച്ചു.

chandrika: