X

ഉന്നാവ് പെണ്‍കുട്ടിയുടെ ജീവന് വലിയ ഭീഷണിയെന്ന് സി.ബി.ഐ

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മുന്‍ ബി.ജെ.പി എം. എല്‍. എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ ജീവന് വലിയ ഭീഷണിയെന്ന് സി.ബി.ഐ കോടതിയില്‍.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തോ അയല്‍സംസ്ഥാനങ്ങളിലോ പെണ്‍കുട്ടിയേയും കുടുംബത്തേയും സുരക്ഷിതമായി താമസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യു.പി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജൂലൈയില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. പ്രതി മനപ്പൂര്‍വം കൊലപ്പെടുത്താന്‍ ഉണ്ടാക്കിയ അപകടമാണ് ഇതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചതിനേത്തുടര്‍ന്ന് സംഭവം അന്വേഷിച്ചു വരികയാണ്. മുഖ്യ സാക്ഷിയായ പെണ്‍കുട്ടിയെ സുരക്ഷിതമായി പരിപാലിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ക്ക് ശക്തമായ സുരക്ഷയൊരുക്കണമെന്നുമാണ് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചത്.
പെണ്‍കുട്ടിയേയും അമ്മയേയും മൂന്ന് സഹോദരങ്ങളേയും സുരക്ഷിതമായി പാര്‍പ്പിക്കാന്‍ എന്തു നടപടികളെടുക്കാനാകും എന്ന് വ്യക്തമാക്കണമെന്നാണ് ജഡ്ജി ധര്‍മേഷ് ശര്‍മ നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ യു.പി സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. റായ്ബറേലിക്ക് സമീപത്തു വെച്ചാണ് പെണ്‍കുട്ടിയും ബന്ധുക്കളും ഇവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ നമ്പര്‍ പ്ലേറ്റ് മായ്ച്ചുകളഞ്ഞ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഉന്നാവ് കേസിലെ സാക്ഷിയാണ്. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. എയിംസില്‍ തയ്യാറാക്കിയ പ്രത്യേക കോടതിയില്‍ വെച്ച് ഈമാസം ആദ്യമാണ് ജഡ്ജി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ആഗസ്റ്റ് ഒന്നിന് ഉന്നാവ് സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ സുപ്രീം കോടതി ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.

chandrika: