X

ഖത്തറിനെ കുരുക്കി ഇന്ത്യ, ഗുര്‍പ്രീതും സഹലും മിന്നി

മുപ്പതിനായിരത്തോളം ഖത്തറികള്‍… അവര്‍ക്കിടയില്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍…. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലെ കാതടിപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു ജ്വലിച്ചു നിന്നു… ആദ്യ പകുതിയില്‍ എട്ട്് കോര്‍ണറുകള്‍ നേടി ഖത്തര്‍ പക്ഷേ പന്തിനെ വലയിലേക്ക് അടുപ്പിച്ചില്ല സന്ധു. മൈതാനത്ത് സഹല്‍ അബ്ദുല്‍ സമദ് എന്ന കണ്ണുരുകാരന്‍ ചടുലതയുടെ പ്രതീകമായി കത്തിയപ്പോള്‍ ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയിലും ഇന്ത്യ പ്രതിരോധ മികവില്‍ പൊരുതി നിന്നപ്പോള്‍ ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയത്തിന് തുല്യമായ സമനില
കളം നിറഞ്ഞത് ഖത്തറായിരുന്നു. ഇന്ത്യന്‍ ഡിഫന്‍സിനെ അവര്‍ പലവട്ടം കീഴടക്കി. പക്ഷേ ഗോളിലേക്കുള്ള യാത്ര എളുപ്പമായില്ല. പരുക്ക് കാരണം നായകന്‍ സുനില്‍ ഛേത്രി ടീമിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പകരം നായകന്റെ ആം ബാന്‍ഡ് ഗുര്‍പ്രീതിനായിരുന്നു. ഒമാനെതിരായ ആദ്യ മല്‍സരത്തില്‍ 82 മിനുട്ട് വരെ മുന്നിട്ടു നിന്ന ഇന്ത്യ അവസാനത്തില്‍ രണ്ട് ഗോള്‍ വഴങ്ങി പരാജയപ്പെട്ട ചിത്രം എല്ലാവരുടെയും മുന്നിലുണ്ടായിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാന്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ജാഗരൂകമായിരുന്നു കാര്യങ്ങള്‍. പരുക്കില്‍ ആഷിഖ് കുരുണിയനും ടീമിലുണ്ടായിരുന്നില്ല. ഒമാനെതിരെ ഗംഭീര പ്രകടനം നടത്തിയിരുന്നു മലപ്പുറത്തിന്റെ താരം. രണ്ടാം പകുതിയില്‍ തളരുന്ന പതിവ് ഇന്ത്യന്‍ കാഴ്ച്ചകള്‍ക്ക്് പകരം ഇന്നലെ അവസാനം വരെ ഇന്ത്യ പൊരുതി നിന്നു. എണ്‍പത്തിനാലാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ വഴങ്ങിയെന്ന് തോന്നി. പക്ഷേ ഗുര്‍പ്രീതിന്റെ മികവും ഗോള്‍ പോസ്റ്റും ടീമിനെ തുണച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനെ തകര്‍ത്തുവിട്ടവരായിരുന്നു ഖത്തര്‍. പക്ഷേ ഇന്ത്യന്‍ ഗോള്‍ക്കീപ്പറും ഡിഫന്‍സും മധ്യനിരയുമെല്ലാം വീരോചിതം പൊരുതി നിന്നു. മല്‍സരം ആസ്വദിക്കാന്‍ ഖത്തര്‍ ക്ലബില്‍ കളിക്കുന്ന സ്പാനിഷ് രാജ്യാന്തര സാവിയുമുണ്ടായിരുന്നു. മല്‍സര ടിക്കറ്റിന്റെ എട്ട് ശതമാനം മാത്രമായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക്് നല്‍കിയിരുന്നത്. എന്നിട്ടും ഇന്ത്യ പൊരുതി നിന്നു.

web desk 1: