X

റഷ്യയില്‍ നാളെ കൊടിയിറങ്ങും; 2022 ലോകകപ്പിന്റെ ദീപശിഖ പുടിനില്‍ നിന്നും ഖത്തര്‍ അമീര്‍ ഏറ്റുവാങ്ങും

ആര്‍ റിന്‍സ്

ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദീപശിഖ സ്വീകരിക്കുമെന്ന് ക്രെംലിന്‍ വക്താവ് വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനൊയ്‌ക്കൊപ്പം അമീറും റഷ്യന്‍ പ്രസിഡന്റും കലാശപ്പോരാട്ടം വീക്ഷിക്കും.

അതേസമയം 2022ലെ ഖത്തര്‍ ലോകകപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തന്നെ നടക്കും. മുന്‍നിശ്ചയിച്ച തീയതികളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഫിഫ പ്രഖ്യാപിച്ചു. റഷ്യന്‍ ലോകകപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ ലോകകപ്പിന്റെ തീയതി മാറ്റില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. 2022 നവംബര്‍ 21നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്.
ഫൈനല്‍ ഡിസംബര്‍ 18ന് നടക്കും. 28 ദിവസം നീണ്ടുനില്‍ക്കുന്ന ക്രമത്തിലാണ് ഫിഫ തീയതി പ്രഖ്യാപിച്ചത്. ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. ഖത്തറിന്റെ ദേശീയദിനത്തിലാണ് ഫൈനല്‍ എന്നത് ഡിസംബര്‍ 18ലെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും. തീയതി മാറ്റില്ലെന്ന് ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഫിഫ പ്രസിഡന്റ് മറുപടി നല്‍കി. വിവിധ ഫുട്‌ബോള്‍ലീഗുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും ലോകകപ്പ് ക്രമീകരിക്കുക. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിരിക്കും ലോകകപ്പെന്ന് യൂറോപ്യന്‍ലീഗിനെയും ലോകത്തെമ്പാടുമുള്ള മറ്റു ലീഗുകളെയും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അവര്‍ അതിനനുസരിച്ച് മത്സരങ്ങള്‍ ക്രമീകരിക്കും. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്.

അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഇന്‍ഫന്റിനോ അറിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി വര്‍ധിപ്പിക്കണമെങ്കില്‍ ആദ്യം ഖത്തറുമായി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്നും സാധ്യതകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചായിരിക്കും 2022ലെ ലോകകപ്പ് നടക്കുന്നത്. 2019 മുതല്‍ 2024 വരെയുള്ള രാജ്യാന്തര മത്സരകലണ്ടര്‍ പരിശോധിച്ചശേഷമാണ് തീയതിയില്‍ ഫിഫ നേരത്തെ തീരുമാനമെടുത്തത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും കളിക്കാരെ നവംബര്‍ പതിന്നാലിന് മുമ്പ് അവരവരുടെ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട ക്ലബ്ബുകള്‍ തയാറാകണമെന്ന് ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്കോ സൗഹൃദ മത്സരങ്ങള്‍ക്കോ തീയതി നിശ്ചയിക്കരുതെന്നും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് ഫൈനലിന് പിന്നാലെ ഡിസംബര്‍ 26 യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കും.
സാധാരണയേക്കാള്‍ ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് കൂടിയാകും ഖത്തര്‍ ലോകകപ്പ്.

മോസ്‌കോയിലെ മജ്‌ലിസ് ഖത്തര്‍ ഫിഫ ജനറല്‍ സെക്രട്ടറി ഫാത്തിമ സമൂറ സന്ദര്‍ശിക്കുന്നു

നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്തുകയെന്നത് അസാധാരണവും ചരിത്രപരവുമായ തീരുമാനമാണ്. ദേശീയ ദിനത്തില്‍ ഫൈനല്‍ നടക്കുന്നത് ഖത്തറിന്റെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശൈത്യകാലത്ത് ലോകകപ്പ് നടക്കുന്നത്. നിരവധി ചര്‍ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിലയിരുത്തലുകള്‍ക്കുംശേഷമാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത്. സാധാരണഗതിയില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് ലോകകപ്പ് വര്‍ഷാവസാനത്തേക്ക് മാറ്റാന്‍ ഫിഫ തീരുമാനിച്ചിരിക്കുന്നത്.
ഏതു സാഹചര്യത്തിലും മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധമാണെന്നാണ് ഇക്കാര്യത്തില്‍ ഖത്തര്‍ തുടക്കംമുതല്‍ നിലപാട് എടുത്തിരുന്നു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

അടിസ്ഥാനസൗകര്യവികസനപദ്ധതികളെല്ലാം മികച്ച രീതിയില്‍ പോകുന്നു. എട്ടു സ്‌റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തികളാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നത്.
20,000 കോടി ഡോളറാണ് ലോകകപ്പിനായി രാജ്യം ചെലവഴിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനു പുറമെ റോഡുകള്‍, പുതിയ വിമാനത്താവളം, ആസ്പത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്.
മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോകകപ്പ് നടക്കുന്നതെന്ന സവിശേഷതയുണ്ട്. മധ്യപൂര്‍വ മേഖലയുടേയും അറബ് ലോകത്തിന്റെയും ഖത്തറിന്റേയും പൈതൃകം പ്രതിഫലിപ്പിക്കുന്നതും അത്യാധുനിക സൗകര്യങ്ങളുള്ളതുനായിരിക്കും സ്റ്റേഡിയങ്ങളെല്ലാം.

chandrika: