ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് 18 മുതല്‍ സര്‍വീസ് തുടങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റിയും തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള എയര്‍ബബിള്‍ ധാരണാപത്രം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയത്. ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ഖത്തറിലേക്ക് യാത്ര ചെയ്യാം.

ഖത്തറിലേക്ക് മടങ്ങാനാവാതെ നാട്ടില്‍ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികള്‍ക്ക് ഇതോടെ തിരിച്ചുപോകാനാകും. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് റീഎന്‍ട്രി പെര്‍മിറ്റും ഹോട്ടല്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതിയുള്ളത്. ധാരണപ്രകാരം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിവാര സര്‍വീസുകളില്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കും സീറ്റുകള്‍ തുല്യമായി പങ്കുവെക്കും. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാര്‍, ഖത്തരി പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡുടമകള്‍, ഇന്ത്യന്‍ വിസയുള്ള നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ഖത്തരി പൗരന്‍മാര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഇന്ത്യയില്‍നിന്നും ഖത്തറിലേക്കുള്ള വിമാനങ്ങളില്‍ ഖത്തരി പൗരന്‍മാര്‍, യോഗ്യമായ ഖത്തര്‍ വിസയുള്ളവര്‍ എന്നിവര്‍ക്കാണ് യാത്രാനുമതി.

ടിക്കറ്റോ ബോര്‍ഡിങ് പാസോ അനുവദിക്കുന്നതിനു മുന്‍പ് ഖത്തറില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യാത്രാനിയന്ത്രണങ്ങളില്ലെന്ന് ബന്ധപ്പെട്ട എയര്‍ലൈന്‍ ഉറപ്പാക്കിയിരിക്കണം. ഖത്തറിലേക്ക് മാത്രമായിരിക്കും യാത്രാനുമതി. എയര്‍ലൈന്റെ വെബ്‌സൈറ്റ്, സെയ്ല്‍സ് ഏജന്റുമാര്‍, ആഗോള വിതരണ സംവിധാനം എന്നിവ മുഖേനയായിരിക്കണം ടിക്കറ്റ് വില്‍പ്പന. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്കായി അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക നേരത്തെ ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടിരുന്നു. ഐസിഎംആര്‍ ആംഗീകാരമുള്ള സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാകും. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഐസിഎംആര്‍ അംഗീകൃത കേന്ദ്രത്തില്‍നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധനയിലെ നെഗറ്റീവ് ഫലം മാത്രമാണ് സ്വീകാര്യമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് 72 മണിക്കൂറിനുള്ളിലായിരിക്കണം പരിശോധന. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യാത്രക്കാരന്‍ നിര്‍ദ്ദിഷ്ട ഫോമില്‍ ഒപ്പിട്ട സമ്മതപത്രവുമില്ലാതെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര അനുവദിക്കില്ല. ഒപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് അംഗീകാരം നല്‍കിയിരിക്കുന്നത്.