X

13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയിസ് 18 മുതല്‍

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണിത്.

ഇരുരാജ്യങ്ങളിലേയും വ്യോമയാന അതോറിറ്റികള്‍ ഒപ്പുവെച്ച എയര്‍ബബിള്‍ പ്രകാരം ഓഗസ്റ്റ് 18 മുതല്‍ 31വരെ ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസ് നടത്താനാകും. ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ഖത്തറിലേക്ക് യാത്ര ചെയ്യാം. ദോഹയിലേക്ക് മാത്രമായിരിക്കും യാത്രാനുമതി. മറ്റിടങ്ങളിലേക്ക് ദോഹ വഴി ട്രാന്‍സിറ്റ് യാത്ര നടത്താനാകില്ല. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് റീഎന്‍ട്രി പെര്‍മിറ്റും ഹോട്ടല്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് മടങ്ങാന്‍ അനുമതിയുള്ളത്. ഇന്ത്യയിലേക്ക് പോവുന്ന ഖത്തര്‍ എയര്‍വെയിസ് വിമാനങ്ങളില്‍ ഖത്തറില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍, ഖത്തരി പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡുടമകള്‍, ഇന്ത്യന്‍ വിസയുള്ള നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ഖത്തരി പൗരന്‍മാര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാനങ്ങളില്‍ ഖത്തരി പൗരന്‍മാര്‍, യോഗ്യമായ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് യാത്രാനുമതി. യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഐസിഎംആര്‍ അംഗീകൃത കേന്ദ്രത്തില്‍നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധനയിലെ നെഗറ്റീവ് ഫലം മാത്രമാണ് സ്വീകാര്യം. യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് 96 മണിക്കൂറിനുള്ളിലായിരിക്കണം പരിശോധന. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യാത്രക്കാരന്‍ നിര്‍ദ്ദിഷ്ട ഫോമില്‍ ഒപ്പിട്ട സമ്മതപത്രവുമില്ലാതെ യാത്ര അനുവദിക്കില്ല. ഒപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല.

chandrika: