ദോഹ: യമനിലേക്കുള്ള യാത്രയ്ക്കിടെ സഊദി സൈന്യം പിടികൂടിയ ഖത്തരി പൗരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ആവശ്യപ്പെട്ടു. യമനിലെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ പുറപ്പെട്ട ഖത്തരി പൗരന്‍ മുഹ്‌സിന്‍ സാലേഹ് സൗദൂന്‍ അല്‍കാര്‍ബിയെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അകാരണമായി അറസ്റ്റ് ചെയ്തത്.

യമന്‍- ഒമാന്‍ അതിര്‍ത്തിയില്‍വെച്ച് ഏപ്രില്‍ 21നാണ് ഇദ്ദേഹത്തെ പിടികൂടിയത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാന്‍ സഊദി തയാറായിട്ടില്ല. ഖത്തരി പൗരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍എച്ച്ആര്‍സി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എല്ലാ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ഖത്തരി പൗരന്റെ മോചനം വേഗത്തില്‍സാധ്യമാക്കാന്‍ നടപടികളെടുക്കുകയും വേണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെയും ഖത്തരി പൗരന്‍മാര്‍ക്കെതിരെയും ഒരു പരമ്പരയായി സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ച്ചയാണിത്. എല്ലാ രാജ്യാന്തര മനുഷ്യാവകാശ കണ്‍വന്‍ഷനുകളുടെയും നിര്‍ദേശങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഈ രാജ്യങ്ങള്‍ നടത്തുന്നത്. ഒമാനുമായി യമന്‍ അതിര്‍ത്തി പങ്കിടുന്ന ഷഹ്ന്‍ അതിര്‍ത്തിയില്‍വെച്ചാണ് 21ന് ഖത്തരി പൗരനെ പിടികൂടിയത്. അതിനുശേഷം അദ്ദേഹത്തിന് തന്റെ കുടുംബവുമായോ അഭിഭാഷകനുമായോ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ബന്ധപ്പെടാന്‍ സഉദി സഖ്യം അനുവദിക്കുന്നില്ല. അദ്ദേഹത്തെ എവിടെയാണ് തടങ്കലില്‍വെച്ചിരിക്കുന്നതെന്നോ എന്തൊക്കെയാണ് കുറ്റങ്ങളെന്നോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കുടുംബത്തിന് ഒരറിവുമില്ല. പീഡിപ്പിക്കപ്പെടാനോ മോശമായി പെരുമാറാനോ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഖത്തരി പൗരനെ മോചിപ്പിക്കാനും പ്രശ്‌നത്തില്‍ ഇടപെടാനും രാജ്യാന്തര സംഘടനകള്‍ തയാറാകണം. അദ്ദേഹത്തിന്റെ നിയമപരമായ അവസ്ഥയെന്താണെന്ന് വ്യക്തമാക്കാന്‍ സഊദിയോട് രാജ്യാന്തര സംഘടനകള്‍ ആവശ്യപ്പെടണം. വളരെപെട്ടന്നുതന്നെ അദ്ദേഹത്തെ കുടുംബവുമായും അഭിഭാഷകനുമായും ബന്ധപ്പെടാന്‍ അവസരമുണ്ടാകണം. പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ആരോഗ്യസഹായം ലഭ്യമാക്കണം.മോചനം വേഗത്തിലാക്കണം. ഖത്തരി പൗരന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം സഊദി അതോറിറ്റികള്‍ക്കാണെന്നും എന്‍എച്ച്ആര്‍സി വ്യക്തമാക്കി.