X

ഖത്തരി പൗരന്‍മാരെ നാടുകടത്തല്‍: യുഎഇ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി

ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്‍മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്‍മാരെ നാടുകടത്തുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭരണനിര്‍വഹണപരമായതോ നിയമപരമായതോ ആയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു യുഎഇ അതോറിറ്റികളുടെ വിശദീകരണം.
എന്നാല്‍ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും നിരവധി സ്പഷ്ടമായ അസത്യപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതുമാണെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ തുടക്കം മുതല്‍ യുഎഇ അതോറിറ്റികള്‍ കൈക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളുടെ ഫലമായുള്ള നിയമപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷതേടുന്നതിനായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ യുഎഇ അധികൃതര്‍ പുറത്തുവിടുന്നത്. ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനുള്ള യുഇ അതോറിറ്റികളുടെ നിരാശാജനകമായ ശ്രമമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.
മനുഷ്യാവകാശങ്ങളുടെ തീവ്രമായ ലംഘനമാണ് യുഎഇ അതോറിറ്റികളുടെ ഭാഗത്തുന്നുണ്ടായത്. മേഖലാ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ യുഎഇയുടെ പ്രവര്‍ത്തനങ്ങളെയും ഏകപക്ഷീയമായ നടപടികളെയും ശക്തവും വ്യക്തവുമായി അപലപിച്ചിരുന്നു. പൊതുജനാഭിപ്രായവും അവര്‍ക്ക് എതിരായതോടെയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇയുടെ ഉത്തരവിനെക്കുറിച്ചും എന്‍എച്ച്ആര്‍സി ഓര്‍മപ്പെടുത്തി. യുഎഇയിലുള്ള ഖത്തരി പൗരന്‍മാര്‍ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നും ഖത്തറിലുള്ള യുഎഇ പൗരന്‍മാര്‍ ഈ ദിവസത്തിനുള്ളില്‍ തിരിച്ചെത്തണമെന്നുമായിരുന്നു യുഎഇ ഉത്തരവിട്ടത്.കൂടാതെ മാനുഷിക കാരണങ്ങളൊന്നുംതന്നെ കണക്കിലെടുക്കാതെതന്നെ പെട്ടെന്ന് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ സന്ദര്‍ശിച്ച രാജ്യാന്തര സംഘടനകളുടെയും പാര്‍ലമെന്ററി പ്രതിനിധിസംഘങ്ങളുടെയും റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍റിപ്പോര്‍ട്ടുകളില്‍ എന്‍എച്ച്ആര്‍സിയും വസ്തുതകള്‍ സഹിതം ഈ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാനുഷികവും അവകാശപരവുമായ ഘടകങ്ങള്‍ പരിഗണിക്കാതെ യുഎഇ അതോറിറ്റികള്‍ പുറത്താക്കിയ നൂറുകണക്കിന് കേസുകളാണുള്ളത്. പൊതുകുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, വസ്തു ഉടമകള്‍, അംഗപരിമിതര്‍, ചികിത്സയിലിരിക്കുന്നവര്‍ എന്നിവരെല്ലാമാണ് ബാധിക്കപ്പെട്ടത്. രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ നഗ്നമായ ലംഘനങ്ങളാണ് യുഎഇയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്‍എച്ച്ആര്‍സി വിശദീകരിച്ചു.
പൊതുകുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. യുഎഇ യൂണിവേഴ്‌സിറ്റികളിലെ ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന നിയമലംഘനങ്ങള്‍ ജൂണ്‍ 26നും ഖത്തരി ഉടമകളുടെ യുഎഇയിലെ സ്വത്തുകളുടെ അവകാശലംഘനം സംബന്ധിച്ച് ജൂലൈ 20നും പ്രസ്താവനകള്‍ എന്‍എച്ച്ആര്‍സി പുറത്തുവിട്ടിരുന്നു. രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള യുഎഇ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ പ്രസ്താവനയെന്നും എന്‍എച്ച്ആര്‍സി കുറ്റപ്പെടുത്തി.യുഎഇ മേഖകളില്‍ ഖത്തരി പൗരന്‍മാരും താമസക്കാരും പ്രവേശിക്കുന്നത് തടയുന്ന യുഎഇ അതോറിറ്റികളുടെ നിലപാടില്‍ എന്‍എച്ച്ആര്‍സി കടുത്ത ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. ഖത്തരി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശം അനുവദിക്കാതിരിക്കല്‍, സ്വകാര്യസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയല്‍, കാരണങ്ങളില്ലാതെ ചികിത്സ തടയല്‍ എന്നിവയിലെല്ലാം ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫോറങ്ങളില്‍ ഇക്കാര്യങ്ങളിലെല്ലാം യുഎഇയുടെ ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്താമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും എന്‍എച്ച്ആര്‍സി അറിയിച്ചു. ഇരകള്‍ക്കെതിരായ അനീതി ഇല്ലാതാക്കുന്നതിനനും നീതി ഉറപ്പാക്കുന്നതിനും യുഎഇ അതോറിറ്റികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

chandrika: