X

ഗള്‍ഫ് മേഖലയില്‍ സാധാരണ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

 

ദോഹ: എണ്ണ, വാതക സമ്പുഷ്ടമായ ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് യുഎന്നിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ശക്തിയുടെ നല്ലൊരുപങ്കും കുടിയേറ്റ തൊഴിലാളികളാണ്.
ഈ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മെഗാ നിര്‍മാണപദ്ധതികളാണ് ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനിടയാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ശക്തിയില്‍ സ്വന്തംപൗരന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുമ്പോഴാണ് ഈ പ്രവണതയെന്നും യുഎന്നിന്റെ രാജ്യാന്തര തൊഴിലാളി സംഘടനയുടെ(ഐഎല്‍ഒ) സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നു. ഐഎല്‍ഒയുടെ ഗ്ലോബല്‍ എസ്റ്റിമേറ്റ്‌സ് ഓണ്‍ നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് പഠന റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ അറബ് മേഖലയിലെ തൊഴില്‍ശക്തിയില്‍ 2013 മുതല്‍ 2017വരെയുള്ള കാലയളവില്‍ കുടിയേറ്റ തൊഴിലാളികളുടെ അനുപാതത്തില്‍ 5.2ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
വര്‍ധന ഏറ്റവും കാര്യമായി പ്രതിഫലിച്ചിരിക്കുന്നത് നിര്‍മാണമേഖലയിലാണ്. ജിസിസി രാജ്യങ്ങളായ ഖത്തര്‍, സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ തൊഴില്‍ശക്തിയില്‍ 40.8ശതമാനം പേര്‍ കുടിയേറ്റക്കാരാണ്.
ലോകത്തെ മറ്റു ചില സമ്പന്ന മേഖലകളുമായി താരതമ്യം ചെയ്താല്‍ കിഴക്കന്‍ അറബ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അനുപാതം കൂടുതലാണ്. ആഗോളതലത്തില്‍ ആകെ 164 മില്യണ്‍ കുടിയേറ്റ തൊഴിലാളികളെയാണ് കണക്കാക്കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ആകെ തൊഴില്‍ശക്തിയുടെ 20.6ശതമാനവും യൂറോപ്പില്‍ തൊഴില്‍ശക്തിയുടെ 17.8ശതമാനവുമാണ് കുടിയേറ്റ തൊഴിലാളികള്‍. നേരത്തെയുള്ള കണക്കുകള്‍ പ്രകാരം ദോഹ, ദുബൈ ഉള്‍പ്പടെയുള്ള ഗള്‍ഫിലെ പ്രധാന നഗരങ്ങളില്‍ തൊഴിലാളികളില്‍ 90ശതമാനത്തോളം പേര്‍ വിദേശികളാണ്. ഐഎല്‍ഒയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഓരോ രാജ്യത്തെയും കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍ നിര്‍മാണമേഖലയിലുണ്ടായ വിപ്ലവം കുടിയേറ്റ തൊഴിലാളികളുടെ വലിയതോതിലുള്ള കടന്നുവരവിനിടയാക്കിയിട്ടുണ്ട്. ദോഹയില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ്, ദുബൈയിലെ 2020 എക്‌സ്‌പോ എന്നിവ മുന്‍നിര്‍ത്തി വന്‍ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. ഖത്തറില്‍ വിവിധ ഭാഗങ്ങളിലായി സ്‌റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു പുറമെ ഹോട്ടലുകളും റോഡുകളും റെയില്‍പദ്ധതികളും ഉള്‍പ്പടെയുള്ളവയും പുരോഗമിക്കുന്നു.
ഇവയിലായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മേഖലയില്‍ ഗാര്‍ഹിക തൊഴിലാളികള്‍, പൂന്തോട്ട പരിപാലകര്‍,ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യകത ഗള്‍ഫ് മേഖലയില്‍ വര്‍ധിക്കുന്നതായി രാജ്യാന്തര തൊഴിലാളി സംഘടനയുടെ ബെയ്‌റൂട്ട് കേന്ദ്രീകരിച്ചു കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധന്‍ റൈസാഡ് ചുലെവിന്‍സ്‌കി പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ കുടുംബങ്ങളില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതും ഗാര്‍ഹികതൊഴിലാളികളുടെ ആവശ്യകതയേറാന്‍ ഇടയാക്കുന്നു. അറബ് രാജ്യങ്ങളില്‍ പുരുഷ തൊഴിലാളികളുടെ ആവശ്യകത കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവല്‍ക്കരണം പരിമിതമായ തലത്തിലേ വിജയിച്ചിട്ടുള്ളുവെന്നും ഐഎല്‍ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖത്തരിവല്‍ക്കരണം, ഇമറാത്തിവല്‍ക്കരണം, നിതാഖാത്ത് ഉള്‍പ്പടെയുള്ളവയ്ക്ക് സ്വകാര്യമേഖലയില്‍ പരിമിതമായ പ്രതികരണം മാത്രമെ സൃഷ്ടിക്കാനായിട്ടുള്ളു. സ്വദേശിവല്‍ക്കരണ നയങ്ങളിലധികവും കാര്യമായ പ്രതിഫലനങ്ങളുളവാക്കിയിട്ടില്ലെന്നും മേഖല അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണിതെന്നും റൈസാഡ് ചൂണ്ടിക്കാട്ടി.

chandrika: