X

വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെനയിലെ ആദ്യരാജ്യമായി ഖത്തര്‍

ദോഹ: വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്‍ മാറി. വിമാനത്തില്‍ യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കി. വിമാനത്തില്‍ കയറിയത് മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്റര്‍നെറ്റ് സേവനം ലഭിക്കും.
നേരത്തെ സമുദ്രനിരപ്പില്‍ നിന്നും 3000 അടി വരെ ഉയരത്തില്‍ പറക്കുന്ന ഘട്ടങ്ങളില്‍ മാത്രമായിരുന്നു ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തില്‍ പറക്കുകയാണെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭിക്കും. ഇതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ വ്യവസ്ഥ. മറ്റു വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളുണ്ടാകാത്ത വിധത്തിലോ ഭൂമിയിലെ പൊതു മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയോ ആവണം ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടത്. അതേസമയം, സമുദ്രനിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ വിമാനങ്ങളില്‍ മൊബൈല്‍ വോയിസ് കോളുകള്‍, എസ് എം എസ്, മൊബൈല്‍ ഡാറ്റ എന്നിവയുടെ ഉപയോഗത്തിനുള്ള വിലക്ക് തുടരും. മറ്റു വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഭൂമിയിലെ പൊതു മൊബൈല്‍ സര്‍വീസുകളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ വിലക്ക്. ഖത്തര്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് പ്രയോഗവല്‍ക്കരിക്കുന്നതെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുകയാണ് സിആര്‍എയുടെ മുഖ്യലക്ഷ്യമെന്ന് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അല്‍ മന്നാഈ പറഞ്ഞു.

chandrika: