നിസാമുദ്ദീന്‍ അഹ്മദ്
ദുബൈ

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങി യു.എ.ഇയിലെ എല്ലാ വിമാനക്കമ്പനികളും ഖത്തറിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എമിറേറ്റ്‌സിന്റെ അവസാന വിമാനം പ്രദേശിക സമയം ഇന്നുച്ചക്ക് 2.30ന് ദുബൈയില്‍ നിന്ന്് ദോഹയിലേക്ക് പുറപ്പെടും. ഉച്ചക്ക് 2.45ഓടെ ഖത്തറിനും യു.എ.ഇക്കുമിടയിലെ എല്ലാ സര്‍വീസുകളും അവസാനിപ്പിക്കുന്നതായി ഇത്തിഹാദ് എയര്‍വേസും അറിയിച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ഖത്തര്‍-ഷാര്‍ജ മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കുന്നതായി എയര്‍ അറേബ്യ വ്യക്തമാക്കി. ദോഹയിലേക്കുള്ള അവസാന വിമാനം ഇന്നലെ വൈകീട്ട് 6.30നും തിരിച്ച് ഷാര്‍ജയിലേക്കുള്ള അവസാന വിമാനം ഇന്നലെ രാത്രി 7.25നും സര്‍വീസ് നടത്തി. ജൂണ്‍ അഞ്ചിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുകയോ മറ്റൊരു യാത്ര അനുവദിക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
ഗള്‍ഫ് ദേശങ്ങള്‍ ഇനിയും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്നിരിക്കേ, പുതിയ നീക്കം ജി.സി.സിയിലെ വ്യവസായ മേഖലയെയും സാരമായി ബാധിച്ചേക്കും. ഖത്തറുമായി വ്യവസായ ബന്ധമുള്ള കമ്പനികള്‍ ആശങ്കയിലാണ്. പുതിയ രാഷ്ട്രീയ സാഹചര്യം എങ്ങനെ പുരോഗമിക്കുന്നുവെന്ന് നോക്കിക്കാണേണ്ടതുണ്ടെന്നും പ്രതിസന്ധി നീങ്ങി മേഖല പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തറില്‍ ശാഖകളുള്ള ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈകോം സിസ്റ്റംസ് കമ്പനിയുടെ റീജ്യണല്‍ മാനേജര്‍ ജാസിം മുഹമ്മദ് ചന്ദ്രികയോടു പറഞ്ഞു.
മേഖലയിലെ പ്രമുഖ ശക്തികളെന്ന നിലയില്‍ സഊദി അറേബ്യക്കു പിന്നാലെ യു.എ.ഇ ഖത്തറിനെതിരെ കടുത്ത നിലപാടിലാണ്. ഖത്തറുമായി എല്ലാ ബന്ധങ്ങളും വിഛേദിക്കാനുള്ള സഊദിയുടെയും ബഹ്‌റൈനിന്റെയും തീരുമാനത്തെ പിന്തുണക്കുന്നതായി യു.എ.ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം രാവിലെ 10.44ന് തന്നെ വ്യക്തമാക്കിയിരുന്നു. മേഖലയുടെ സുരക്ഷ അട്ടിമറിക്കാവുന്ന നീക്കങ്ങള്‍ ഖത്തര്‍ തുടരുകയും അന്താരാഷ്ട്ര ഉടമ്പടികള്‍ മാനിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നാണ്് ഏഴു ഖണ്ഡിക നീളത്തില്‍ വിശദീകരിച്ചു കൊണ്ട് യു.എ.ഇ നിലപാട് അറിയിച്ചത്.