ദോഹ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടു പ്രകൃതിവാതക കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിപ്പിക്കാനുള്ള തീരുമാനം ആഗോള പ്രകൃതിവാതക വിപണിയില്‍ ഖത്തറിന്റെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും. റാസ് ഗ്യാസിനെ ഖത്തര്‍ ഗ്യാസില്‍ ലയിപ്പിക്കാനാണ് തീരുമാനം.

ഖത്തര്‍ ഗ്യാസ് എന്ന പേര് നിലനിര്‍ത്തുകയും ചെയ്യും. ഖത്തറിന്റെ ആകെ ദ്രവീകൃത പ്രകൃതിവാതക വിപണനത്തിനുമായി ഖത്തര്‍ ഗ്യാസ് എന്ന പേരില്‍ ഇനി ഒറ്റക്കമ്പനി മാത്രമാണുണ്ടാകുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക വിതരണ കമ്പനിയായ ഖത്തര്‍ ഗ്യാസും ഖത്തറിലെ രണ്ടാമത്തെ വലിയ എല്‍എന്‍ജി ഉല്‍പാദകരായ റാസ് ഗ്യാസും ലയിച്ച് ഒറ്റകമ്പനിയാകുന്ന സാഹചര്യത്തില്‍ വാതകവിപണിയില്‍ കൂടുതല്‍ ശക്തമായി ഇടപെടാനും കാര്യശേഷി വര്‍ധിപ്പിക്കാനും ഖത്തറിന് കഴിയും. വിപണിയില്‍ മേധാവിത്വം കൂടുതല്‍ ശക്തമായി തുടരാനും ആരോഗ്യകരമായ മത്സരത്തിലൂടെ കയറ്റുമതി വര്‍ധിപ്പിക്കാനും സാധിക്കും.
ഖത്തര്‍ ഗ്യാസിന്റെയും റാസ് ഗ്യാസിന്റെയും വിഭവങ്ങള്‍ ലയിപ്പിക്കുകയും മത്സരപദവി മെച്ചപ്പെടുത്തുകയും ചെയ്യുന്നതു ഭാവിയില്‍ രാജ്യത്തിന് ഗുണകരമാകും. റാസ് ഗ്യാസ് വിവിധ രാജ്യങ്ങളുമായും കമ്പനികളുമായും ഒപ്പുവച്ച ദീര്‍ഘകാല കരാറുകള്‍ ഉള്‍പ്പടെ പുതുക്കേണ്ടിവരും.
എല്‍എന്‍ജി വിതരണം ചെയ്യാന്‍ റാസ് ഗ്യാസുമായി ഇന്ത്യയിലെ പെട്രോനെറ്റ് എല്‍എന്‍ജിക്ക് 25 വര്‍ഷത്തെ കരാറാണുള്ളത്. വില നിര്‍ണയ രീതിയില്‍ മാറ്റം വരുത്തി കഴിഞ്ഞ ഡിസംബര്‍ 31ന് കരാര്‍ പുതുക്കിയിരുന്നു. വര്‍ഷം 85 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് റാസ് ഗ്യാസ് നല്‍കുന്നത്. ഇനി ഖത്തര്‍ ഗ്യാസ് എന്ന ഒറ്റ കമ്പനി രൂപീകരിക്കുന്നതോടെ റാസ് ഗ്യാസിന്റെ കരാറുകളെല്ലാം പുതുക്കി ഖത്തര്‍ ഗ്യാസിന്റെ പേരിലാക്കേണ്ടി വരും.
ആഗോളതലത്തില്‍ പ്രമുഖരായ രണ്ട് കമ്പനികളുടെ വിഭവങ്ങളും കഴിവുകളും ശേഷികളും ഒന്നാകുന്നതോടെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായ സ്ഥാപനമായി മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ പെട്രോളിയം ചീഫ് എക്‌സിക്യൂട്ടീവാണ് ലയനതീരുമാനം പ്രഖ്യാപിച്ചത്. എണ്ണ വിലയിടിവിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലയനം സംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ച തുടങ്ങിയിരുന്നു. ചെലവ് കുറക്കലും ലയനത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. ലക്ഷകണക്കിന് ഡോളര്‍ ലാഭിക്കാന്‍ ലയനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ വ്യവസായം നടത്തുന്ന രണ്ട് കമ്പനികളുടെ പ്രവര്‍ത്തനം ഏക സ്ഥാപനത്തിന്റെ കീഴില്‍ വരുന്നത് വിപണനത്തില്‍ നേട്ടമുണ്ടാക്കാനാകും. ഖത്തര്‍ പെട്രോളിയത്തിനു (ക്യുപി) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഖത്തര്‍ ഗ്യാസിന്റെ വാര്‍ഷിക ഉല്‍പാദനം 4.2 കോടി ടണ്‍ എല്‍എന്‍ജിയാണ്. ടോട്ടല്‍, മിറ്റ്‌സൂയി, കോനോകോ ഫിലിപ്‌സ് എന്നിവയ്ക്കും കമ്പനിയില്‍ ഓഹരികളുണ്ട്.