X

ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്: അഞ്ചുപേര്‍ പിടിയില്‍

ദോഹ: സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ് അല്‍മര്‍റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യുഎന്‍എ ഹാക്കിങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ തുര്‍ക്കി അതോറിറ്റിയാണ് പിടികൂടിയത്. തടഞ്ഞുവച്ചിരിക്കുന്ന ഇവരെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും ഒപ്പുവച്ച കരാറിന്റെയടിസ്ഥാനത്തിലാണ് തുര്‍ക്കി അധികൃതര്‍ ഇവരെ പിടികൂടിയിരിക്കുന്നത്. ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തരതലത്തിലും രാാജ്യത്തിനു പുറത്തും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഖത്തര്‍ തുടക്കംകുറിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളെ ഏതെങ്കിലും അതിര്‍ത്തിയില്‍ മാത്രമായി പരിമിതപ്പെടുത്താനാകില്ല. അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായത്തോടെ അന്വേഷണം നടത്തുന്നത്. പിടികൂടിയ അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഡോ. അല്‍മര്‍റി പറഞ്ഞു.ആഴ്ചകള്‍ നീണ്ട ആസൂത്രിത ഹൈടെക് ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചേര്‍ത്തതെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് യുഎഇയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഒരു രാജ്യത്തുനിന്നും നേരിട്ടുള്ള പങ്കാളിത്തത്തിലാണ് ഹാക്കിങ് നടന്നത്.
ക്യുഎന്‍എയിലെ ജീവനക്കാരുടെ വിലാസവും രഹസ്യകോഡും ഇമെയിലും ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ അക്രമണം നടത്തിയത്. ഹാക്കിങില്‍ രണ്ടു വ്യക്തികളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാക്കിങുമായി ബന്ധപ്പെട്ട് കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാവശ്യമായ എല്ലാ തെളിവുകളും സമാഹരിച്ചു. ഖത്തറിന്റെ അന്വേഷണത്തോട് യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചിരുന്നില്ല. ഏപ്രില്‍ പതിനേഴു മുതല്‍ വിവിധ ഘട്ടങ്ങളിലായി ആസൂത്രിതമായി നടത്തിയ ഉന്നതതലശ്രമങ്ങളും ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ പ്രയോഗവല്‍ക്കരണവുമാണ് ക്യുഎന്‍എ ഹാക്കിങിലേക്ക് എത്തിച്ചതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കണ്ടെത്തി. വിവിധ ഘട്ടങ്ങളിലൂടെയുള്ള പദ്ധതി മെയ് 24ന് ഹാക്കര്‍മാര്‍ പൂര്‍ത്തീകരണത്തിലെത്തിക്കുകയായിരുന്നു. വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹാക്കര്‍മാര്‍ ആദ്യം ശ്രമിച്ചത്.
ഹാക്കിങ്ങിന് ശേഷം വെബ്‌സൈറ്റില്‍ നാല്‍പ്പതിലധികം പേര്‍ അസാധാരണമായ സന്ദര്‍ശനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെയും ഹൈടെക് സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു മന്ത്രാലയത്തിലെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്.
ഹൈടെക് സാങ്കേതികസംവിധാനങ്ങളുടെ പിന്‍ബലത്തോടെ സ്‌കൈപ്പ് മെസഞ്ചര്‍, വി.പി.എന്‍, ഐ ഫോണ്‍, യൂറോപ്യന്‍ ടെലിഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്നും കണ്ടെത്തി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു.
മെയ് 23ന് രാത്രി 11.4നും അര്‍ധരാത്രിക്കു ശേഷം 12.13നുമിടയിലാണ് നേരിട്ടുള്ള ആക്രമണം നടന്നതും ഖത്തര്‍ അമീറിന്റെ തെറ്റായ പ്രസ്താവന ചേര്‍ത്തതും. പുലര്‍ച്ചെ മൂന്നു മണിയോടെ വെബ്‌സൈറ്റിന്റെ നിയന്ത്രണം അധികൃതര്‍ക്ക് പൂര്‍ണമായും തിരിച്ചു പിടിക്കാനായി. ഏഴു മണിയോടെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങിന്റെയും അനുബന്ധസംഘങ്ങളുടെയും തുടര്‍ച്ചയായാണ് സഊദിസഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

chandrika: