ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ യു.എസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തിയതായി അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിശ്്അല്‍ ബിന്‍ ഹമദ് അല്‍താനി. അമീറിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ ഐക്യം വര്‍ധിപ്പിക്കുന്നതിനും ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ സഹകരണം ശക്തമാക്കുന്നതിനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മിശ്അല്‍ ഇക്കാര്യങ്ങള്‍ വ്യകത്മാക്കിയത്. ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ അല്‍ഉദൈദ് താവളം വികസിപ്പിക്കുന്നത് സംബന്ധിച്ച് അമീര്‍ അമേരിക്കന്‍ പ്രസിഡണ്ടുമായി ചര്‍ച്ച നടത്തും. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളമാണ് അല്‍ ഉദൈദ്. ഇതിന്റെ വികസനം മേഖലയുടെ സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഖത്തറും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ചും ട്രംപുമായി അമീര്‍ ചര്‍ച്ച നടത്തും. ഇന്ന് വാഷിങ് ടണില്‍ വച്ചാണ് അമീര്‍-ട്രംപ് കൂടിക്കാഴ്ച. സിറിയയിലെ പ്രശ്‌നങ്ങള്‍, ഫലസ്തീന്‍ ഇസ്രാഈല്‍ സമാധാന ചര്‍ച്ചകള്‍, ഇറാഖ് പുനര്‍നിര്‍മാണം തുടങ്ങി നിരവധി വിഷയങ്ങള്‍ അമീര്‍ ട്രംപുമായി ചര്‍ച്ച ചെയ്യുമെന്നും ശൈഖ് മിശ്അല്‍ പറഞ്ഞു. പ്രസ്തുത വിഷയങ്ങള്‍ ഖത്തറിന് വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയും ഈ വിഷയങ്ങള്‍ വളരെ ഗൗരവത്തിലാണ് കാണുന്നത്. ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളം ഭീകരതയെ നേരിടുന്നതില്‍ പ്രധാനപങ്കാണ് വഹിക്കുന്നത്.
ഭീകരതയ്‌ക്കെതിരെയുളള ഖത്തറിന്റെ നിലപാടാണ് ഇത്തരം താവളങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാന്‍ രാജ്യം മുന്നോട്ട് വരുന്നത്. ഭീകരതയെ നേരിടുന്നതില്‍ ഖത്തറിന് പ്രധാന പങ്കുണ്ട്. വിവിധ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നടന്ന ആയിരക്കണക്കിന് ദൗത്യങ്ങളില്‍ അല്‍ഉദൈദിന്റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനെതിരെ ചില അയല്‍ രാജ്യങ്ങള്‍ നടത്തുന്ന ഉപരോധം അവസാനിക്കാതെ തുടരുന്നതിലും അമേരിക്കയുടെയും കുവൈത്തിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കാണാത്തതിലും അംബാസഡര്‍ ദുഖം പ്രകടിപ്പിച്ചു. പ്രശ്‌നം അവസാനിപ്പിക്കുന്നതിന് എപ്പോഴും മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ഖത്തര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാതിലുകള്‍ തുറക്കപ്പെടാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും ഉപരോധം ഖത്തറിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം അവസാനിപ്പിക്കുന്നതിന് അമേരിക്ക നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ തയ്യാറാണെന്നും ശൈഖ് മിശ്അല്‍ പറഞ്ഞു.
Be the first to write a comment.